Welcome to Shalom Television

യൗസേപ്പിതാവിനോടൊത്തു
ഒരു തീർത്ഥ യാത്ര

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയും പ്രതിഷ്ഠയും "പാലകൻറെ പാഥേയം" ഇപ്പോൾ പുസ്തകരൂപത്തിലും ലഭ്യമാണ്. ഈ പുസ്തകം വാങ്ങുന്നതിനായി CLICK ചെയ്യുക.

പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ, റോസറി വാർ, ജോഷ്വാ പ്രെയർ എന്നിവയ്ക്ക് ശേഷം വിശുദ്ധ യൗസേപ്പിതാവിൻെറ തിരുന്നാളിനൊരുക്കമായി വലിയ നോമ്പിൻെറ ചൈതന്യത്തോടെ, 33 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജഞം. FR. Roy Palaty CMI നയിക്കുന്നു.

നിങ്ങൾ ജോസഫിൻെറ അടുത്തേക്ക് ചെല്ലുവിൻ അവൻ പറയുന്നതുപോലെ ചെയ്യുവിൻ..

പ്രാർത്ഥനാ നിയോഗങ്ങൾ
  1. കുടുംബങ്ങളുടെ സംരക്ഷണം
  2. തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കുക
  3. വ്യക്തിപരമായ ഒരു ആവശ്യത്തിനുവേണ്ടി
ഒഴിവാക്കേണ്ട കാര്യങ്ങൾ
  1. മൽസ്യം, മാംസം, ലഹരിപദാര്ഥങ്ങൾ
  2. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം
ആത്മീയ ഒരുക്കം
  1. എല്ലാദിവസവും വി.കുർബാനയിൽ പങ്കുകാരാവുക
  2. കുമ്പസാരിച്ചു വി.കുർബാന സ്വീകരിക്കുക
  3. എല്ലാ വെള്ളിയാഴ്ചയും ഉപവസിക്കുക
  4. പരി. പിതാവിൻെറ നിയോഗാർത്ഥം എല്ലാ ദിവസവും 1.സ്വർഗ്ഗ. 1.നന്മ. 1.ത്രീത്വസ്തുതി ചൊല്ലി കാഴ്ച വെക്കുക.

ഫെബ്രുവരി 15 മുതൽ മാർച്ച് 19 വരെ

എല്ലാ ദിവസവും രാവിലെ 6.00 മണിക്കും, ഉച്ചയ്ക്ക് 1.30 നും, രാത്രി 10.00 മണിക്കും നമ്മുടെ ശാലോം ടി.വി. യിൽ

കൂടാതെ രാവിലെ 6.30 നു ശാലോം ടീ.വി യൂട്യൂബ് ചാനലിലും രാത്രീ 10.30 നു ശാലോം ടെലിവിഷൻ ഫേസ്ബുക് പേജിലും.

യൗസേപ്പിതാവിൻെറ തിരുന്നാളിനൊരുക്കമായുള്ള 33 ദിവസത്തെ നൊവേന പ്രാർത്ഥന ഡൗൺലോഡ് ചെയ്യുന്നതിനായി താഴെക്കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ST. JOSEPH PRAYER FOR THE DAY

അനുദിന പ്രാര്‍ത്ഥന

1. ഓരോ ദിവസത്തെയും ഒരുക്ക ധ്യാനവായന

2. വിശ്വാസപ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കന്യകാമറിയത്തില്‍നിന്ന് പിറന്ന്, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍ത്തു, സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സര്‍വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമേന്‍.

3. വിശുദ്ധ യൗസേപ്പിനോടുള്ള പ്രാര്‍ത്ഥന
പരിശുദ്ധ കന്യാമറിയത്തിന്റെ ഏറ്റവും പരിശുദ്ധ ഭര്‍ത്താവായ യൗസേപ്പിതാവേ, അങ്ങേ സഹായംതേടി, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരാളെപ്പോലും ഉപേക്ഷിച്ചതായി കേള്‍ക്കപ്പെട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമേ. അങ്ങയുടെ ശക്തിയില്‍ പൂര്‍ണമായി ശരണപ്പെട്ടുകൊണ്ട്, ഞാന്‍ അങ്ങേ സന്നിധിയില്‍ ഓടിയണഞ്ഞ്, അങ്ങേ സംരക്ഷണം യാചിക്കുന്നു. ഓ രക്ഷകന്റെ വളര്‍ത്തുപിതാവേ, എന്റെ എളിയ അപേക്ഷ ഉപേക്ഷിക്കാതെ അങ്ങയുടെ മധ്യസ്ഥശക്തിയില്‍ ദയാപൂര്‍വം കേട്ട് ഉത്തരമരുളണമേ, ആമേന്‍.

4. ദൈവിക പുണ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന
ഈശോ, മറിയം, യൗസേപ്പേ, എന്റെ ആത്മാവും ഹൃദയവും നിങ്ങള്‍ക്കു ഞാന്‍ സമര്‍പ്പിക്കുന്നു (3 പ്രാവശ്യം).

(i). മഹത്വവാനായ മാര്‍ യൗസേപ്പേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ. 1 ത്രിത്വ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ!
ദൈവിക കാര്യങ്ങള്‍ കാണാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ!
ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എന്റെ മനസ്സിനു ശക്തിതരണമേ.
അങ്ങനെ ഞാന്‍ ദൈവമഹത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിന്റെ സ്വന്തമാകട്ടെ.

(ii). മഹത്വവാനായ മാര്‍ യൗസേപ്പേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ. 1 ത്രിത്വ. പരിശുദ്ധ റൂഹായേ...
(iii). മഹത്വവാനായ മാര്‍ യൗസേപ്പേ, ദൈവസ്‌നേഹം എന്ന പുണ്യം എന്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ. 1 ത്രിത്വ. പരിശുദ്ധ റൂഹായേ...

5. വി. യൗസേപ്പിന്റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, അനുഗ്രഹിക്കണമേ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
 ഞങ്ങളെ അനുഗ്രഹിക്കണമേ
ലോകരക്ഷകനായ പുത്രനായ ദൈവമേ,
 ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ,
 ഞങ്ങളെ അനുഗ്രഹിക്കണമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,
 ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധ മറിയമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദാവീദിന്റെ വിശിഷ്ട സന്താനമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പൂര്‍വ്വപിതാക്കന്‍മാരുടെ വെളിച്ചമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവമാതാവിന്റെ വിരക്തഭര്‍ത്താവേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവപുത്രന്റെ പാലകനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്തുവിന്റെ സംരക്ഷകനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
തിരുക്കുടുംബത്തിന്റെ നാഥനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
എത്രയും നീതിമാനായ വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അത്യന്തം നിര്‍മ്മലനായ വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഏറ്റവും ജാഗ്രതയുള്ള വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
എത്രയും ശക്തനായ വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അങ്ങേയറ്റം അനുസരണശീലമുള്ള വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
എത്രയും വിശ്വസ്തനായ വി. യൗസേപ്പേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ക്ഷമയുടെ ദര്‍പ്പണമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദാരിദ്ര്യത്തിന്റെ സ്‌നേഹിതനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
തൊഴിലാളികളുടെ മാതൃകയേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കുടുംബങ്ങളുടെ പിതാമഹനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കന്യകകളുടെ സംരക്ഷകനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കുടുംബങ്ങളുടെ ശക്തിയേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വേദനിക്കുന്നവരുടെ ആശ്വാസമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
രോഗികളുടെ പ്രത്യാശയേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പിശാചുക്കളുടെ പേടിസ്വപ്‌നമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ സംരക്ഷകനേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
മരിക്കുന്നവരുടെ ശരണമേ,
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
 കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
 കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
 കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ ഈശോയേ, അങ്ങയുടെ ഏറ്റം പരിശുദ്ധയായ മാതാവിന്റെ വിരക്ത ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിന്റെ യോഗ്യതകളാല്‍ ഞങ്ങള്‍ക്ക് സ്വയം പ്രാപിക്കാന്‍ കഴിയാത്ത കൃപകള്‍ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ട ഈ പുണ്യപിതാവിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെ പ്രാപിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ എന്ന് താഴ്മയോടെ ഞങ്ങള്‍ യാചിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും. ആമേന്‍.

സ്വര്‍ഗപിതാവിന്റെ നിഴലായ വി. യൗസേപ്പ്

ദൈവവചനം: ''നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ- പിതാവേ- എന്നു വിളിക്കുന്നത്'' (റോമാ. 8:15).

ധ്യാനം: സ്വപുത്രനെ ഭൂമിയിലേക്ക് അയച്ചപ്പോള്‍ ഒരു പിതാവിന്റെ സംരക്ഷണം ചേര്‍ത്തുവയ്ക്കാനും സ്‌നേഹനിധിയായ ആ സ്വര്‍ഗപിതാവ് മറന്നില്ല. മറിയത്തിന്റെ കരംപിടിച്ച് ഈശോ സഞ്ചരിച്ചതുപോലെ ഭൗമികജീവിതത്തിന്റെ ആരംഭത്തില്‍ ജോസഫിന്റെ കരംപിടിച്ചും അവന്‍ നടക്കണമെന്ന് പിതാവ് നിശ്ചയിച്ചു. മറിയത്തെ ഈശോയുടെ അമ്മയായി നല്‍കിയതുപോലെ ജോസഫിനെ അപ്പനായി നല്‍കിയ നല്ല ദൈവം.

ഈശോ ഈയപ്പനെ നന്നായി സ്‌നേഹിച്ചു, കാര്യമായി അനുസരിച്ചു, ശ്രേഷ്ഠമായി അനുകരിച്ചു. ജോസഫിന്റെ മകന്‍ എന്നറിയപ്പെടുന്നതില്‍ ഈശോയ്ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തന്നെ മനോഹരമായി വളര്‍ത്തിയ അപ്പനെ നമുക്കു തരാനും ഈശോയ്ക്ക് ഇഷ്ടമാണ്.

അധികാരത്തോടും സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടെ തന്റെ ദൗത്യം നിര്‍വഹിച്ച വിശുദ്ധ യൗസേപ്പിനെ അപ്പായെന്നു വിളിക്കുന്നതില്‍ ദൈവപുത്രനായ ഈശോയ്ക്ക് വലിയ സന്തോഷമായിരുന്നു. എത്രയോ പ്രാവശ്യം, എന്തെല്ലാം ആവശ്യങ്ങള്‍ക്കായി അപ്പായെന്നു വിളിച്ച് ഈശോ ജോസഫിനെ സമീപിച്ചിരിക്കും. ആ കൈകളില്‍ എത്രയോ പ്രാവശ്യം അഭയം കണ്ടിരിക്കും. പൈതലായ യേശുവിന്റെ നാവില്‍ സ്വര്‍ഗത്തിലെ അബ്ബായുടെ നാമരൂപം പകര്‍ന്നു നല്‍കാനും ആ കൈകളില്‍ പിതൃകരത്തിന്റെ ഊഷ്മളത കോരിയിടാനും ജോസഫിനു കഴിഞ്ഞിരുന്നു. ഭൗമിക പിതാവായ ജോസഫ് സ്വര്‍ഗപിതാവിന്റെ സ്‌നേഹത്തിലും കരുണയിലും മകനെ വളര്‍ത്തി വലുതാക്കി.

ശരിയാണ്, ദൈവമെന്ന നിലയില്‍ അവിടുത്തേക്ക് ഇങ്ങനെയൊരു അപ്പന്റെ ആവശ്യമില്ല. എന്നാല്‍, മനുഷ്യപ്രകൃതം സ്വീകരിച്ച ദൈവകുമാരന് ഒരാത്മീയ പിതാവ് ആവശ്യമാണ്; ജ്ഞാനത്തിലും പ്രായത്തിലും മനുഷ്യനെന്ന നിലയില്‍ വളരാന്‍ സഹായിക്കുന്ന സ്വര്‍ഗപിതാവിന്റെ നിഴലായ ഒരു പിതാവ്. അതാണ് ജോസഫ്. ജന്മം നല്‍കി മാത്രമല്ലല്ലോ ഒരാള്‍ അപ്പനാകുന്നത്, കര്‍മ്മം ചെയ്തുകൊണ്ടുമല്ലേ. അവതരിച്ച വചനത്തെ വളര്‍ത്തുവാന്‍ ജോസഫിനെ തിരഞ്ഞെടുത്ത ദൈവം എത്രയോ മഹോന്നതന്‍. പിതാക്കന്മാര്‍ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണ്. ഒരു കുഞ്ഞി ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴെല്ലാം ഒരു വിധത്തില്‍ അയാള്‍ പിതാവായി മാറുകയാണ്.

നമ്മില്‍ നിന്നും യേശുവിനെപ്പോലുള്ള മക്കള്‍ പുറത്തുവരാന്‍ യൗസേപ്പിനെപ്പോലുള്ള ഒരപ്പന്‍ നമുക്കുവേണം.

യഥാസമയം നസ്രത്തില്‍ പിതാവിനെ സഹായിച്ചും സ്‌നേഹിച്ചും വളര്‍ന്ന മകനായിരുന്നു ഈശോ. ഈ അപ്പനില്‍ യഥാര്‍ത്ഥപിതാവിന്റെ സ്‌നേഹം ദര്‍ശിച്ച ഈശോ നമ്മെയും വിശുദ്ധ ജോസഫിന്റെ പിതൃസ്‌നേഹത്തിന് ഭരമേല്‍പിക്കാന്‍ ആഗ്രഹിക്കുന്നു. ഈശോയെ വളര്‍ത്തിയിടത്തോളം വിശുദ്ധമായൊരു പിതൃകരം ഈ ഭൂമിയില്‍ ഉണ്ടാകില്ലല്ലോ. ഈശോയെ വളര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പേ, നീയെത്രയോ ഭാഗ്യവാന്‍. നിന്നിലെ പിതൃസ്‌നേഹം എന്നിലെ വൈകല്യങ്ങളെ തുടച്ചുമാറ്റട്ടെ.

പ്രാര്‍ത്ഥന: പിതാക്കന്മാരുടെ മുഴുവന്‍ മാതൃകയായ ജോസഫില്‍ ഈശോയെ ഭരമേല്‍പിച്ച സ്വര്‍ഗപിതാവേ, ഭൗമിക യാത്രയില്‍ എന്റെ ആത്മീയപിതാവായി വിശുദ്ധ ജോസഫിനെ നിയോഗിക്കണമേ, ആമേന്‍. (അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

വിശുദ്ധരുടെ മാതൃകയായ യൗസേപ്പ്
ദൈവവചനം: ''ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍'' (1 പത്രോ. 1:16).

ധ്യാനം:നാം എന്തിനെ അധികമായി സ്‌നേഹിക്കുന്നുവോ അതിലേക്കു വളരാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാന്‍ തീര്‍ച്ചയായും സഹായിക്കും.

ആത്മീയജീവിതത്തില്‍ വളരാന്‍ കൊതിക്കുന്ന ഒരാത്മാവിനെ ഈശോ ഭരമേല്പിക്കുന്നത് ജോസഫിലാണ്. തന്നെ ജ്ഞാനത്തിലും പ്രായത്തിലും വളരാന്‍ സഹായിച്ച ആ കരങ്ങളോളം ശക്തവും മനോഹരവുമായ കരം മറ്റൊന്നില്ല എന്ന് ഈശോയ്ക്ക് അറിയാമല്ലോ. വിശുദ്ധര്‍ക്കല്ലേ വിശുദ്ധരെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ജോസഫ് എന്നാല്‍ വളര്‍ത്തുന്നവന്‍ എന്നല്ലേ അര്‍ത്ഥം. അവന്‍ നമ്മെ ആത്മീയ യാത്രയില്‍ സുരക്ഷിതമായി വളര്‍ത്തും.

വിശുദ്ധരാകാനുള്ള ആഗ്രഹം ആര്‍ക്കാണ് ഇല്ലാത്തത്. എന്നാല്‍, അതിനു നല്‍കേണ്ട വില വലുതാണെന്നറിയുമ്പോള്‍ പതുക്കെപ്പതുക്കെ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു. എന്നിട്ടും, വിശുദ്ധിയോടുള്ള ആഗ്രഹം വിട്ടുകളയാനുമാകുന്നില്ല. കാരണം, സൃഷ്ടിയിലേ ദൈവം സൃഷ്ടാവിന്റെ പരിശുദ്ധിയിലേക്കു വളരാനുള്ള ആഗ്രഹം നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. നമ്മുടെ ക്ലേശങ്ങള്‍ കൃത്യമായി അറിയാവുന്ന ദൈവം, തന്റെ പ്രിയമുള്ളവര്‍ക്ക് രണ്ടുപേരെ നല്‍കി: മറിയത്തെയും ജോസഫിനെയും. ഇവരുടെ കരങ്ങള്‍ പിടിച്ച് ഉണ്ണിയേശു വളര്‍ന്നതുപോലെ നമുക്കു വളരണം.

വിശുദ്ധിയെന്നാല്‍ ദൈവഹിതത്തിനു കീഴ്‌വഴങ്ങുക, എല്ലായിടത്തും എല്ലായ്‌പ്പോഴും. ദൈവഹിതത്തിനു കീഴ്‌വഴങ്ങാതെ വിശുദ്ധരാകാന്‍ കഴിയില്ല. വിശുദ്ധ യൗസേപ്പേ, നിന്നെപ്പോലെ ദൈവേഷ്ടത്തെ കണ്ണുംപൂട്ടി വിശ്വസിച്ചവര്‍ ആരുണ്ട്? ഗര്‍ഭിണിയായ മറിയത്തെ സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വീകരിച്ചു. ജനിച്ച ശിശുവുമായി ഈജിപ്തിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍ പോയി. പിന്നീട്, യൂദയായിലേക്ക് മടങ്ങാന്‍ കല്‍പിച്ചപ്പോള്‍ അനുസരിച്ചു. നമ്മെ അനുസരണയിലും എളിമയിലും വളര്‍ത്താന്‍ യൗസേപ്പിനെപ്പോലൊരു അപ്പനെ തന്ന ദൈവത്തെ നമുക്ക് വാഴ്ത്താം. ഇത്തരമൊരു അപ്പനില്‍നിന്നേ വിശുദ്ധരായ മക്കള്‍ ജനിക്കൂ.

വിശുദ്ധ യൗസേപ്പില്‍ കയ്യാളിക്കുന്ന ഒരാത്മാവിനെ ഈശോയിലേക്ക് വളര്‍ത്താന്‍ അവന്‍തന്നെ മുന്‍കൈയെടുക്കും. തന്നിലേക്ക് ആരെയും അവന്‍ ആകര്‍ഷിക്കാറില്ല. മൗനമായി, എല്ലാവരേയും തിരുക്കുമാരനിലേക്ക് നയിക്കും. ഒരാത്മാവ് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറുന്നതുകണ്ട് മാറിനിന്ന് സന്തോഷിക്കും. സ്വയംദാനം എങ്ങനെ ചെയ്യണമെന്നും ശാന്തമായി ദൈവഹിതം പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയെന്നും ഈ മഹാത്മാവ് നമ്മെ പരിശീലിപ്പിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളുടെ ചായ്‌വുകളെ യഥാവിധം കൈകാര്യം ചെയ്യാനും നഷ്ടമായ ദൈവസ്‌നേഹം വീണ്ടെടുക്കാനും ജോസഫിനെ സമീപിക്കാം. ദുഷ്ടന്റെ പ്രലോഭനങ്ങളില്‍ കാലിടറുമ്പോഴും സ്വന്തം താല്‍പര്യങ്ങളില്‍ മനസുടക്കുമ്പോഴും ജോസഫിനെ വിളിക്കാം. ആത്മീയയാത്രയില്‍ ആന്തരികതയുടെ വെളിച്ചം മങ്ങുമ്പോള്‍ ജോസഫിന്റെ ശോഭ നമുക്കു വഴികാണിച്ചു തരാതിരിക്കില്ല. ഒട്ടേറെ വിശുദ്ധര്‍ അഭയം കണ്ടെത്തിയ ഈ പിതാവില്‍ നമുക്കും വിശുദ്ധരാകാന്‍ കഴിയും. വിശുദ്ധിക്ക് ഖ്യാതി നേടിയ ജോസഫിനെ പരിശുദ്ധ മറിയത്തിനു ഭര്‍ത്താവായി നല്‍കിയ അതേ ദൈവം, വിശുദ്ധിക്കായി ദാഹിക്കുന്ന സകലര്‍ക്കും സങ്കേതമായും വഴികാട്ടിയായും മാതൃകയായും ഈ പുണ്യപുരുഷനെ തരുന്നു.

പ്രാര്‍ത്ഥന: വിശുദ്ധരുടെ മാതൃകയും മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പേ, വിശുദ്ധിയുടെ വഴികളില്‍ എന്നെയും നയിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

അനുസരണത്തിന്റെ മാതൃകയായ യൗസേപ്പ്

ദൈവവചനം: ''ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു'' (മത്താ. 1:24).

ധ്യാനം: വിലയേറിയ ഒരു മൂല്യമാണ് അനുസരണം. സ്വന്തം ഇഷ്ടത്തെ മാറ്റിനിറുത്തി, മറ്റൊരാളുടെ ഇഷ്ടത്തിന് കീഴ്‌വഴങ്ങാന്‍ ദൈവകൃപ കൂടിയേ തീരൂ. നാം വിശ്വാസമര്‍പ്പിക്കുന്നവരെ നമുക്ക് അനുസരിക്കാനാകും. യൗസേപ്പ് ദൈവത്തിലര്‍പ്പിച്ച വിശ്വാസം വളരെ ഉന്നതമായിരുന്നു. അതിനാല്‍, ചോദ്യം ചെയ്യാതെ ദൈവത്തിന്റെ വാക്കുകളെ അനുസരിക്കാന്‍ കഴിഞ്ഞു. ജീവിത വഴികളില്‍ ഈ മൂല്യം നമുക്കു സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ജീവിതത്തിന്റെ അവസാന സമയത്തും നമുക്കതിന് ആകില്ല.

ദൈവകല്‍പനകള്‍ അനുസരിച്ച് ജീവിക്കാന്‍ പഠിച്ചതിനാല്‍, സ്വപ്‌നങ്ങളില്‍ ദൈവം നല്‍കിയ നിര്‍ദേശങ്ങളെ ഗൗരവമായി എടുക്കാന്‍ യൗസേപ്പിനു കഴിഞ്ഞു.

ആദിമാതാപിതാക്കള്‍ക്ക് ദൈവം എല്ലാം നല്‍കിയിരുന്നു, പറുദീസയില്‍. എല്ലാ ഫലങ്ങളും സന്തോഷത്തോടെ ആസ്വദിക്കണമെങ്കില്‍ ഒരു ഫലം മാത്രം ഭക്ഷിക്കരുത്. അതു ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും. എന്നാല്‍, ദൈവത്തിന്റെ വാക്കിനെ വിശ്വസിക്കരുത് എന്നു പറഞ്ഞാണ് പിശാച് പ്രത്യക്ഷപ്പെട്ടത്. ''തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?'' (ഉല്‍. 3:1). ഈ ചോദ്യം ഉയര്‍ത്തിയാണ് കൗശലക്കാരനായ സര്‍പ്പം മനുഷ്യനെ വഞ്ചിച്ചത്. ദൈവം വിശ്വസിക്കാന്‍ കൊള്ളാത്തവനും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്തവനും ആണെന്ന് ആക്കിത്തീര്‍ത്തു. മാത്രമല്ല, ദൈവത്തെ നുണയനാക്കിക്കൊണ്ട് നുണയുടെ പിതാവ് ദൈവവുമായി. പിശാച് സ്വാതന്ത്ര്യം തരുന്നവനും ദൈവം കാര്‍ക്കശ്യക്കാരനുമായി.

ഓ, വിശ്വസ്തനായ യൗസേപ്പേ, നീ ദൈവത്തെ എത്രയോ മാനിച്ചിരുന്നു എന്നു ഞങ്ങള്‍ അറിയുന്നു. ആദിമാതാക്കള്‍ അവിശ്വസിച്ചു. ഈശോയുടെ മാതാപിതാക്കള്‍ വിശ്വസിച്ചു. ദൈവികസന്ദേശങ്ങളെ എത്രയോ ഗൗരവത്തോടെയാണ് നീ സ്വീകരിച്ചത്. ദൈവകല്‍പനകള്‍ പാലിക്കുന്നതില്‍ നിഷ്ഠയുള്ള ഹൃദയം നിനക്കുണ്ടായിരുന്നതുകൊണ്ടാണല്ലോ നിദ്രയില്‍ കിട്ടുന്ന സന്ദേശങ്ങളെ അനുസരിക്കാന്‍ നിനക്കായത്.

നാലു പ്രാവശ്യം ദൈവദൂതരിലൂടെ ദൈവം യൗസേപ്പിനോടു സംസാരിച്ചതായി കാണുന്നു (മത്താ. 1:20, 2:13, 19, 22). മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ പറഞ്ഞു കൊണ്ട്, ഈജിപ്തിലേക്ക് കുഞ്ഞിനെയും അമ്മയെയുംകൂട്ടി ഓടി രക്ഷപെടാന്‍ നിര്‍ദേശിച്ചു കൊണ്ട്, ഇസ്രായേലിലേക്ക് മടങ്ങി വരാന്‍ കല്‍പ്പിച്ചു കൊണ്ട്, നസ്രത്തില്‍ചെന്ന് പാര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട്. ബുദ്ധിക്ക് മനസിലാക്കാന്‍പോലും പറ്റാത്ത കാര്യങ്ങള്‍ വിശുദ്ധ യൗസേപ്പ് ഹൃദയത്തില്‍ സ്വീകരിച്ചു. അനുസരണം സ്‌നേഹപൂര്‍വമായ കീഴ്‌വഴങ്ങല്‍ അല്ലാതെ മറ്റെന്താണ്. അതിലൂടെ മാത്രമേ ദൈവത്തിന്റെ സ്വന്തമാകാന്‍ കഴിയൂ.

ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തില്‍ മാത്രമേ ദൈവ കല്പനകളും സന്ദേശങ്ങളും സ്‌നേഹത്തോടെ അനുസരിക്കാന്‍ കഴിയൂ. ഈശോ നസ്രത്തില്‍ രഹസ്യ ജീവിതത്തിനിടയില്‍ അപ്പായുടെ കീഴിലിരുന്ന് ഒരുപാട് പഠിച്ചു. അനുസരിക്കാനും സ്വീകരിക്കാനും യൗസേപ്പ് അവനെ അഭ്യസിപ്പിച്ചു. ഗെത്‌സമനില്‍ ദൈവഹിതത്തിന് കീഴ്‌വഴങ്ങാനും മരണത്തോളം അനുസരിക്കാനും എളുപ്പം ഈശോയ്ക്ക് കഴിഞ്ഞു എന്നോര്‍ക്കുക.

ദൈവികനിയമങ്ങളും സഭയുടെ പ്രമാണങ്ങളും എല്ലാം സ്വാതന്ത്ര്യത്തെ ചൊല്ലി തട്ടിമാറ്റുന്ന ഈ കാലത്ത് യൗസേപ്പില്‍ നമുക്ക് അഭയം ഗമിക്കാം. യൗസേപ്പ് നല്ലൊരു അപ്പനായിരുന്നു. അനുസരണമുള്ള അപ്പന്‍. അപ്പന്‍ അനുസരിക്കാത്ത ദൈവിക നിയമങ്ങള്‍ മക്കളെ പഠിപ്പിക്കാന്‍ കഴിയില്ലല്ലോ. അപ്പന്‍ വിശ്വാസമര്‍പ്പിക്കാത്ത ദൈവത്തില്‍ കുഞ്ഞുങ്ങള്‍ക്ക് അഭയംതേടാന്‍ തോന്നില്ലല്ലോ. യൗസേപ്പിന്റെ വിശ്വാസം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന: യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ ദൈവത്തെയും തിരുസഭയെയും അനുസരിക്കണമെന്ന സത്യം വളര്‍ത്തിയെടുക്കാന്‍ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

ഒന്നാം വ്യാകുലം: മറിയത്തെ വേര്‍പിരിയാനുള്ള തീരുമാനം
ദൈവവചനം: ''അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു'' (മത്താ 1:19).

ധ്യാനം: സ്‌നേഹം മുറിപ്പെടുത്തും. ആത്മാര്‍ത്ഥമായ സ്‌നേഹം ആഴത്തില്‍ മുറിപ്പെടുത്തും. നിങ്ങള്‍ ഒരാളെ എത്രമാത്രം ആഴമായി സ്‌നേഹിക്കുന്നുവോ, അതിന്റെ പലമടങ്ങ് ആഴമുണ്ടാകും അകല്‍ച്ചയുടെ മുറിപ്പാടുകള്‍ക്ക്. വിവാഹനിശ്ചയം കഴിഞ്ഞ ജോസഫ് മറിയത്തെ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു എന്നു കേള്‍ക്കുമ്പോഴേ നമ്മെയതു വേദനിപ്പിക്കും. കാരണം, മനുഷ്യരാശിയില്‍ ഇത്രയും പവിത്രമായി സ്‌നേഹിച്ചിട്ടുള്ള വ്യക്തികളില്ല. കറയറ്റ സ്‌നേഹവും സമ്പൂര്‍ണസമര്‍പ്പണവും അവര്‍ക്കിടയില്‍ അകലങ്ങള്‍ ഇല്ലാതാക്കി.

ഇതിനിടയിലാണ്, ജോസഫിന്റെ ആദ്യപരീക്ഷ. ആ നീതിമാന്റെ മനോവ്യഥ അറിയാന്‍ ആഴത്തില്‍ ധ്യാനിക്കണമിത്. വിവാഹനിശ്ചയം കഴിഞ്ഞിരിക്കേ, പരസ്പരം സഹവസിക്കുംമുമ്പേ മറിയം ഗര്‍ഭിണിയായി കാണപ്പെടുന്നു. ഇവിടെ മറിയത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ജോസഫിന് തീര്‍ത്തും സംശയമില്ല. കാരണം, അവള്‍ മഞ്ഞിനെക്കാള്‍ നൈര്‍മല്യതയുള്ളവളാണ്. അതേസമയം, ഇന്നവള്‍ ഗര്‍ഭിണിയുമാണ്. ഒരു വശത്ത് അവളുടെ പരിശുദ്ധി, മറുവശത്ത് തന്റെ കണ്ണുകളെ പൂര്‍ണമായും അവിശ്വസിക്കാനും വയ്യ. വിവാഹത്തിന്റെ അവസാനകര്‍മങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂ.

കര്‍ത്താവിന്റെ തിരുമുമ്പില്‍ യൗസേപ്പ് വാവിട്ടുകരഞ്ഞു: 'അത്യുന്നതനായ ദൈവമേ, ഈ പരീക്ഷയെ ഞാനെങ്ങനെ അതിജീവിക്കും? എനിക്കൊന്നും മനസിലാകുന്നില്ല. സങ്കടങ്ങളുടെ തിരമാലകള്‍ എന്നെ ചുറ്റി എറിയുന്നു. അവളില്‍ വന്നിരിക്കുന്ന മാറ്റങ്ങളുടെ രഹസ്യം എനിക്കു പറഞ്ഞു തരിക. മനുഷ്യരുടെ മുമ്പില്‍ ഞാന്‍ എങ്ങനെ മറിയത്തെ ചേര്‍ത്തുപിടിക്കും എന്നതല്ല എന്റെ വിഷമം. അവളില്‍ നീ ചെയ്ത കാര്യങ്ങളെ എനിക്കു പിടികിട്ടുന്നില്ലല്ലോ എന്നതാണെന്റെ വ്യഥ. അവളെ പിരിയുക എനിക്കു മരണകരമാണെന്നു നീ അറിയുന്നില്ലേ. ഞാന്‍ എന്തുചെയ്യും?'

യൗസേപ്പിന്റെ കരച്ചില്‍ കേള്‍ക്കുക സഹിക്കവയ്യാതെ മാലാഖമാര്‍പോലും കാതുകള്‍ പൊത്തി. ഓരോ നിമിഷവും ഒരു യുഗംപോലെ ആയിരുന്നു അവന്. ഇത്രയും പരിശുദ്ധയും സുകൃതസമ്പന്നയുമായ ഒരുവളെ ജീവിതസഖിയായി ലഭിച്ചതുമൂലം ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ സൃഷ്ടി താനാണെന്ന് അല്പം മുമ്പുവരെ കരുതിയിരുന്ന ആളാണ് മാനസിക വേദനയാല്‍ പുളയുന്നത്. അവളെ കാണുമ്പോള്‍ ഹൃദയം പിച്ചിച്ചീന്തപ്പെടുന്നതുപോലെ.

മറിയമാകട്ടെ, ജോസഫ് കടന്നുപോകുന്ന വ്യഥയെ തന്റെ ആത്മദൃഷ്ടിയാല്‍ മനസിലാക്കിയിരുന്നു. എന്നിട്ടും, ഇവിടെ അവള്‍ക്കൊന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. കാര്യം തിരക്കാന്‍ പലവട്ടം ജോസഫ് ആലോചിച്ചു. പക്ഷേ, കഴിയുന്നില്ല. ദിവ്യരഹസ്യങ്ങളുടെ മറ അകറ്റേണ്ടത് മനുഷ്യനല്ലല്ലോ, ദൈവമല്ലേ. മറിയത്തിന്റെ സ്‌നേഹം ചോദ്യം ചെയ്യാതെ, യൗസേപ്പ് ദിവസങ്ങള്‍ തള്ളിനീക്കി.

യൗസേപ്പ് ചിന്തിച്ചു: ഒരാത്മാവിനെ നീ തിരഞ്ഞെടുക്കുമ്പോള്‍ ഇത്രയേറെ വേദനയിലൂടെ കടത്തി വിട്ടേക്കുമോ? ദിവ്യദര്‍ശനങ്ങളോ മാലാഖമാരുടെ ഗീതങ്ങളോ ഒന്നുമില്ല ഈ ദിവസങ്ങളില്‍. എന്തായാലും മറിയത്തെ രഹസ്യമായി വേര്‍പിരിയാം. കാരണം, പൊതുജനമധ്യത്തില്‍ അവള്‍ കല്ലെറിയപ്പെടരുത്. മാത്രവുമല്ല, ഈ ദിവ്യരഹസ്യത്തെ സ്വീകരിക്കാന്‍ താന്‍ എന്തായാലും യോഗ്യനല്ല. ദൈവകരുണയ്ക്കായി മാറി നില്‍ക്കുക.

അസ്വസ്ഥമായ മനസ്സോടെ പാതിമയക്കത്തില്‍ ഈ വിശുദ്ധാത്മാവ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: ''എന്നെ കൈവിടരുതേ; നിന്നെ മാനിക്കാനും സേവിക്കാനും എന്നെ ഉപയോഗിക്കണമേ. എന്റെ മറിയത്തെ നീ തന്നതാണ്. അവളെ നിനക്കു തന്നെ മടക്കിത്തരുന്നു. നിന്റെ ഹിതം നിറവേറട്ടെ.''

അപ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ വെളിപാടുമായി എത്തിയത്: ''ജോസഫ്, നീ അവളെ സ്വീകരിക്കാന്‍ ശങ്കിക്കേണ്ട, അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.'' ജോസഫിന്റെ ആദ്യവ്യാകുലം ഇവിടെ ആനന്ദത്തിനു വഴിമാറി.

പ്രാര്‍ത്ഥന: ഓ, വിശുദ്ധ യൗസേപ്പേ, നിന്റെ മനോവ്യഥയുടെ ചൂടില്‍ ദാമ്പത്യബന്ധങ്ങളിലെ വികലതകളെല്ലാം അകറ്റണമേ. പരിശുദ്ധമായ സ്‌നേഹബന്ധങ്ങള്‍ ഞങ്ങളില്‍ രൂപപ്പെടട്ടെ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

രണ്ടാം വ്യാകുലം: ദാരിദ്ര്യത്തിന്റെ പുല്‍ക്കൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ്

ദൈവവചനം: ''അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല'' (ലൂക്കാ 1:7).

ധ്യാനം: മക്കള്‍ക്ക് നല്ലത് നല്‍കാന്‍ ആകാതെവരുമ്പോള്‍ ഏതപ്പന്റെ ചങ്കിലാണ് മുറിവേല്‍ക്കാത്തത്? തലമുറകള്‍ പ്രാര്‍ത്ഥിച്ചും ബലിചെയ്തും കാത്തിരുന്ന ദൈവകുമാരന്‍ പിറന്നപ്പോള്‍ ഒരു നല്ല തൊട്ടിലുപോലും ഒരുക്കാന്‍ കഴിയാതെപോയ യൗസേപ്പിനെ ധ്യാനിക്കുക.

ദൈവസുതന്‍ തിരഞ്ഞെടുത്ത ദാരിദ്ര്യത്തിന്റെ വഴികളെക്കുറിച്ച് മറിയവും യൗസേപ്പും തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു: ''സര്‍വസമ്പത്തിന്റെയും അധിപനും നിത്യനുമായവന്‍ പാവപ്പെട്ട നമ്മെയാണല്ലോ മാതാപിതാക്കളായി തിരഞ്ഞെടുത്തത്. ദരിദ്രരെയും ദാരിദ്ര്യത്തെയും പുല്‍കുന്നവന് നാം എന്തു നല്‍കും? നമ്മുടെ ദാരിദ്ര്യം നമ്മുടെ സന്തോഷത്തെ കെടുത്തിയിട്ടില്ലല്ലോ. അതിനായി നമുക്ക് നന്ദി പറയാം.''

തിരുക്കുമാരന്റെ വരവിനു വേണ്ടി മനോഹരമായ ഒരു പിള്ളത്തൊട്ടില്‍ ഒരുക്കി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് റോമന്‍ ചക്രവര്‍ത്തിയുടെ കല്പന വരുന്നത്. ലോകമാസകലമുള്ള എല്ലാ മനുഷ്യരും അവരവരുടെ പിതൃ ഗ്രാമങ്ങളില്‍ പോയി പേരെഴുതി ചേര്‍ക്കണം. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍ പേരെഴുതിക്കാനായി നസ്രത്തില്‍നിന്നും ബെത്‌ലെഹമിലേക്കു പോകണം (ലൂക്കാ 2:1-4). ഏറ്റം മോശമായൊരു കാലവസ്ഥ. മറിയം പൂര്‍ണഗര്‍ഭിണിയും. അവളെ വീട്ടില്‍ തനിയെയാക്കി പോകാനാകുമോ? അവളെ കൂട്ടിക്കൊണ്ടുപോയാല്‍ ഈ കഠിനയാത്രയെ അതിജീവിക്കാന്‍ അവള്‍ക്കാകുമോ? സകലതും ദൈവഹിതത്തിനു കീഴ്‌പ്പെടുത്തുന്ന ആ പിതാവ് ഇതും ദൈവാലോചനയ്ക്കായി വച്ചു. മറിയത്തെ കൂട്ടിക്കൊണ്ടു പോകാനാണ് ദൈവം പ്രേരിപ്പിച്ചത്. മറിയത്തെ വഹിക്കാനുള്ള ഒരു യാത്രാമൃഗത്തെ തേടിപ്പിടിക്കലായിരുന്നു അടുത്തത്. വിശേഷബുദ്ധിയില്ലാത്ത കഴുതയുടെ പുറത്ത് അവളെയിരുത്തി യാത്ര തുടങ്ങി. യാത്രയ്ക്കിടയില്‍ ജോസഫ് പറയുന്നുണ്ട്: ''എന്റെ പ്രിയമുള്ളവളേ, വീട്ടില്‍ തിരിച്ചെത്തുംവരെ ദൈവം നിന്നെ പ്രത്യേകം കാത്തുപരിപാലിക്കും. നമ്മള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടേ പ്രസവസമയമാകൂ എന്നു നമുക്കു വിശ്വസിക്കാം.''

യൗസേപ്പ് പ്രാര്‍ത്ഥിച്ചു: ''സകല യുഗങ്ങളുടെയും അധിപനേ, ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി രൂപമെടുക്കുന്നവനെ എന്റെ ഭവനത്തിനു പുറത്തുവച്ച് പിറക്കുന്നതു കാണാന്‍ ഇടവരരുതേ. അവന്‍ പിറന്നുവീഴുംമുമ്പേ വീട്ടില്‍ തിരിച്ചെത്താന്‍ സഹായിക്കണമേ.''

എന്നാല്‍, ബെത്‌ലെഹം പട്ടണത്തില്‍ എത്തിയപ്പോഴേ അവള്‍ക്കു പ്രസവസമയമടുത്തു എന്നുകണ്ടു. യൗസേപ്പിനാകെ ചങ്കിടിപ്പായി. മുട്ടിയ സത്രങ്ങളൊന്നും തുറന്നു കിട്ടിയില്ല. തന്റെ പ്രിയപ്പെട്ടവള്‍ക്ക് പ്രസവസമയത്തുപോലും നല്ലൊരു ഇടം ഒരുക്കാന്‍ കഴിയാതെ വന്നപ്പോള്‍ യൗസേപ്പ് അനുഭവിച്ച വേദന ആര്‍ക്കു മനസിലാകും. തന്റെ അയോഗ്യതകള്‍ കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നുപോലും അവന്‍ കരുതിക്കാണും. ഒടുക്കം, പട്ടണത്തിനുപുറത്ത് കാലികള്‍ക്കുള്ള ഒരു ഗുഹ ഉണ്ടെന്നകാര്യം അവന്റെ ഓര്‍മയില്‍ ദൈവം കൊണ്ടുവന്നു. അതിനെ ലക്ഷ്യംവച്ച് അവര്‍ നടന്നുനീങ്ങി.

പ്രപഞ്ചത്തിന്റെ നാഥന് പിറന്നു വീഴാന്‍ കാലിത്തൊഴുത്തേ ഒരുക്കാനായുള്ളൂ എന്ന വേദന യൗസേപ്പില്‍ ഒരു നീറ്റലായിരുന്നു. എങ്കിലും സൂര്യനേക്കാള്‍ തേജോമയനായ ഉണ്ണിയെയും മറിയത്തെ യും കാണുമ്പോള്‍ സ്‌നേഹംകൊണ്ടും നന്ദികൊണ്ടും അവന്റെ മനസുനിറയും. മറിയം വിശ്രമിക്കുമ്പോള്‍ കുഞ്ഞിനു കാവലിരുന്നും രണ്ടുപേര്‍ക്കും പരിരക്ഷണം നല്‍കിയും യൗസേപ്പിന്റെ ദിനങ്ങള്‍ ഏറെ ധന്യമായി.

ഓ, മഹാനായ യൗസേപ്പേ, ഞങ്ങളുടെ പദ്ധതികള്‍ തകരുമ്പോള്‍ ഞങ്ങളാകെ പരിഭ്രാന്തര്‍ ആകാറുണ്ട്. പരാതികള്‍ പറയാറുണ്ട്. എന്നാല്‍, ദാരിദ്ര്യവും കഷ്ടതയും എല്ലാം ഒന്നിനുപുറകെ മറ്റൊന്നായി നിന്നെയും കുടുംബത്തെയും പിന്തുടരുമ്പോഴും നീയെത്ര കുലീനമായി അതിനെ കൈകാര്യം ചെയ്തു. നിന്റെ ആന്തരികവേദന നീ ഉണ്ണിയ്ക്കായി സമ്മാനിച്ചു. നിന്റെ വഴികള്‍ ഞങ്ങളെയും പഠിപ്പിക്കണമേ.

പ്രാര്‍ത്ഥന: ജീവിതകുരിശുകള്‍ സന്തോഷപൂര്‍വം വഹിക്കാനു ള്ള കൃപയ്ക്കായി വിശുദ്ധ യൗസേപ്പേ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

മൂന്നാം വ്യാകുലം: ദിവ്യപൈതലിനെ പരിഛേദനത്തിനു സമര്‍പ്പിക്കുന്ന യൗസേപ്പ്
ദൈവവചനം: ''ശിശുവിനെ പരിഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനു മുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന യേശു എന്ന പേര് അവനു നല്‍കി'' (ലൂക്കാ 1:21).

ധ്യാനം: തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ മനസുനീറണമെന്നില്ല. തെറ്റിന്റെ ഫലം അവര്‍ അനുഭവിച്ചു എന്നു പറഞ്ഞു നാം ആശ്വസിക്കും. ആദത്തിന്റെ സന്തതിപരമ്പരയില്‍ പെട്ടവരെല്ലാം പരിഛേദന കര്‍മം സ്വീകരിച്ചേ മതിയാകൂ. തലമുറകള്‍ പലതുകഴിഞ്ഞിട്ടും, ബലികള്‍ പലതു നടത്തിയിട്ടും പാപത്തിന്റെ ദുഷിച്ചഫലങ്ങള്‍ വിട്ടുമാറിയിരുന്നില്ല. അതിനാല്‍, ഹെബ്രായ പാരമ്പര്യത്തില്‍ പിറന്നുവീഴുന്നവരൊക്കെ നിയമമനുസരിച്ച് ഛേദന കര്‍മം നിര്‍വഹിക്കണം. പാപത്തില്‍നിന്നും മോചനം ലഭിക്കുന്നതിനുവേണ്ടിയാണിത്.

എന്നാല്‍, ദൈവകുമാരന്‍ പാപരഹിതനല്ലേ. സ്വര്‍ഗപിതാവിന്റെ അരുമജാതന്‍. ദൈവമാകയാല്‍ നിയമത്തിനതീനനാണ്. മനുഷ്യനായി അവതരിച്ചതിനാല്‍ എല്ലാ നിയമങ്ങള്‍ക്കും കീഴ്‌വഴങ്ങുകയും വേണം. ജോസഫിന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. എട്ടാം ദിവസമായപ്പോള്‍ പരിഛേദനത്തിനായി കുഞ്ഞിനെ സമര്‍പ്പിക്കണം. മനുഷ്യവംശത്തിന്റെ പാപപരിഹാരത്തിനായി അവന്‍ ചിന്താനിരിക്കുന്ന പരിശുദ്ധ രക്തത്തിന്റെയും കഠിന സഹനത്തിന്റെയും പ്രതീകമാണ് ഇവിടെ സംഭവിക്കുന്നത്. ദൈവപൈതല്‍ സ്വീകരിക്കുന്ന ഈ മഹാത്യാഗത്തിന്റെ മൂന്നുതലങ്ങള്‍ യൗസേപ്പിനെ ചിന്താകുലനാക്കി: പാപികളായ മനുഷ്യരുമായി താദാത്മ്യം പ്രാപിച്ച് ആദിപാപത്തിന്റെ പ്രതിക്രിയയായ ഛേദനാചാര കര്‍മത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കുന്നു; പരിഛേദനത്തിന്റെ വേദന ബോധപൂര്‍വം സ്വീകരിക്കുന്നു; തീക്ഷ്ണമായ സ്‌നേഹത്തില്‍ ആദ്യമായി രക്തം ചൊരിയുന്നു.

ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്നതിന്റെ വേദനയാണിത്. ഇതിനുവേണ്ടിയാണല്ലോ ദൈവസുതന്‍ അവതരിച്ചിരിക്കുന്നതും. വരാനിരിക്കുന്ന നാളുകളില്‍ ഇവന്‍ കടന്നുപോകേണ്ടിയിരിക്കുന്ന വേദനകളുടെ ആദ്യശബ്ദം പൈതലിന്റെ കരച്ചിലില്‍ യൗസേപ്പ് കേള്‍ക്കുന്നുണ്ടായിരുന്നു. കല്ലുകൊണ്ടുണ്ടാക്കിയ കത്തിയാണ് പരിഛേദനത്തിന് ഉപയോഗിക്കുന്നത് (ജോഷ്വാ 5:2). യഥാര്‍ത്ഥ പാറയിലാണ് അവര്‍ കത്തി ഉപയോഗിക്കുന്നത്.

എന്നാല്‍ ജോസഫിനറിയാമായിരുന്നു, ഈശോ സ്വീകരിച്ചത് മറ്റുള്ളവര്‍ക്കായുള്ള പരിഛേദനമാണെന്ന്. ഇനിമുതല്‍, ഇവനില്‍ സ്നാനം സ്വീകരിക്കുന്നവരൊക്കെ ഇവനില്‍ രക്ഷകണ്ടെത്തും. ''ഓ ഭാഗ്യമേ, അവതാരം ചെയ്ത വചനത്തിന്റെ അപ്പനാകാനുള്ള ഭാഗ്യം എനിക്കായി കരുതിവച്ചല്ലോ. ഒരിക്കലും അര്‍ഹതയില്ലാത്ത സമ്മാനമാണല്ലോ നീയെനിക്കു തന്നിരിക്കുന്നത്. എന്നെന്നും നിന്റെ സ്വന്തമായിരിക്കാന്‍ എന്നെ സഹായിക്കുക.''

ബലികുഞ്ഞാടിനെ ആണല്ലോ താന്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതും വളര്‍ത്തുന്നതും എന്ന ചിന്ത കുത്തിനോവിക്കുമ്പോഴും, വരാനിരിക്കുന്ന മാനവകുലത്തിന്റെ രക്ഷ യൗസേപ്പിനെ ആനന്ദിപ്പിച്ചു.

പുരോഹിതന്‍ ചോദിച്ചു: കുഞ്ഞിന്റെ പേര് എന്താണ്? മറിയത്തെയും ചേര്‍ത്തുപിടിച്ച് യൗസേപ്പ് പറഞ്ഞു: 'യേശു എന്നാണ് അവന്റെ പേര്.' മാലാഖമാരുടെ ഗീതവും സ്വര്‍ഗവാസികളുടെ സ്തുതികളും അവിടെ നിറഞ്ഞു നിന്നു. അതേ സമയം, പാതാള ഗോപുരങ്ങള്‍ ഞെട്ടിവിറച്ചു. നാരകീയ സേനകളെ നിഷ്പ്രഭമാക്കുന്നവനാണല്ലോ ഇവന്‍. യൗസേപ്പും മറിയവും ഇതെല്ലാം കണ്‍മുമ്പിലെന്നപോലെ കാണുന്നുണ്ടായിരുന്നു.

പ്രാര്‍ത്ഥന: ബലികുഞ്ഞാടായ ദിവ്യപൈതലിനെ കൈകളിലെടുത്തപ്പോള്‍ നീയനുഭവിച്ച ദൈവസ്‌നേഹം വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ക്കും പകര്‍ന്നു തരണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

നാലാം വ്യാകുലം: ശിമയോന്റെ പ്രവചനം
ദൈവവചനം: ''ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു. ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും'' (ലൂക്കാ 2:34-35).

ധ്യാനം: ഉണ്ണീശോ പിറന്ന് നാല്‍പതാം ദിവസം കുഞ്ഞിനെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന കാര്യം അവര്‍ ഓര്‍ത്തു. യഥാര്‍ത്ഥ ദേവാലയമായ ദൈവസുതന്‍ മനുഷ്യനിര്‍മിതമായ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമയം. അവതാരംചെയ്ത രക്ഷകന്റെ ഈ ഭൂമിയിലെ കന്നി യാത്രയാണിത്. മറിയവും ജോസഫും ക്രമീകരണങ്ങളെല്ലാം ചെയ്തു.

പ്രപഞ്ചത്തിന്റെ നാഥനെ മാറില്‍ ചേര്‍ത്തുപിടിച്ച്, പ്രകൃതിയുടെ മടിത്തട്ടിലൂടെ നടന്നുനീങ്ങുമ്പോള്‍ അവരുടെ ഹൃദയത്തില്‍ ഉണ്ടായ ആനന്ദം ആര്‍ക്കു വര്‍ണിക്കാനാകും! ഓ, ദൈവമേ ഞങ്ങളെത്ര ഭാഗ്യപ്പെട്ടവര്‍ എന്നു മറിയവും ജോസഫും ഹൃദയത്തില്‍ പറയുന്നുണ്ടായിരുന്നു. 'നാം രക്ഷകനെ അറിയുക മാത്രമല്ല, അവന്റേതായിത്തീരുകയും ചെയ്തു. മഹത്തായ കാരുണ്യത്തിനും അളവറ്റ ഔദാര്യത്തിനും നന്ദി പറയാന്‍ വാക്കുകളില്ലല്ലോ.'

ദാവീദ് പാടിയത് അവര്‍ ഓര്‍ത്തു: ''കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് പകരം ഞാനവിടുത്തേക്ക് എന്തുകൊടുക്കും? രക്ഷയുടെ പാനപാത്രമുയര്‍ത്തി ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും'' (സങ്കീ. 116: 12).

ദേവാലയത്തിലെത്തിയ ഇവര്‍ കാഴ്ചവയ്ക്കുന്നതിന്റെ നടപടി കളിലേക്കു തിരിഞ്ഞു. തിരുക്കുടുംബത്തിന്റെ വരവുംകാത്ത് കാലങ്ങളായി അവിടെ വസിച്ചിരുന്ന പുരോഹിതനായ ശെമയോന്‍ കുഞ്ഞിനെ ഏറ്റുവാങ്ങി. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുംവരെ താന്‍ മരിക്കുകയില്ല എന്നു വിശ്വസിച്ചിരുന്ന ദൈവമനുഷ്യനായിരുന്നു ശെമയോന്‍. സകലര്‍ക്കുമായുള്ള രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു എന്ന മഹത്‌വചനം പറഞ്ഞുകൊണ്ടാണ് ദൈവത്തിനായി ദൈവസുതനെ ഉയര്‍ത്തിയത്. മിശിഹായെ കണ്ടപ്പോള്‍ ജീവിതസാഫല്യമണിഞ്ഞ ശെമയോന്‍, മറിയത്തെ നോക്കി പറഞ്ഞു: ''ഈ ശിശു പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.''

ഒരു കണ്ണാടിയിലെന്നവണ്ണം വരുംനാളുകളിലെ കഠോരദുഃഖത്തിന്റെ വാള്‍ അവള്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു, അപ്പോള്‍. പ്രവചനം മറിയത്തെക്കുറിച്ചായിരുന്നെങ്കിലും ജോസഫിന്റെ ഹൃദയമാണപ്പോള്‍ വല്ലാതെ തകര്‍ന്നുപോയത്. ജോസഫിനെ മുറിപ്പെടുത്താതെ ആ വാള്‍ മറിയത്തെ മുറിപ്പെടുത്തില്ല എന്നറിയുക. സ്‌നേഹിക്കുന്നവര്‍ സഹിക്കുന്നതും ഒരുമിച്ചു നിന്നാണ്. തന്റെ ജീവിതപങ്കാളിയുടെ വരുംകാലത്തെ കഠിനവേദനകളില്‍ പങ്കുചേരാന്‍ താനുണ്ടാകില്ല എന്നത് ജോസഫിലേല്‍പിച്ച മുറിവ് കുറച്ചൊന്നുമല്ല. മറിയത്തെ ചേര്‍ത്തുപിടിച്ചു. തിരുക്കുടുംബം കടന്നുപോകുന്ന വേദന മാനവരാശിയിലെ തകര്‍ക്കപ്പെട്ട ഏറെ കുടുംബങ്ങള്‍ക്ക് പ്രത്യാശയും സ്‌നേഹവും പകരുമല്ലോ എന്നവര്‍ കരുതി.

ദൈവ പൈതലിനെ കാണാന്‍ കാലങ്ങളായി തപസും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു, അവിടെ. അന്ന. മറിയത്തിന്റെ ഗുരുനാഥ കൂടിയായിരുന്നു അവള്‍. ജോസഫും മറിയവും അവരുടെ അനുഗൃഹംതേടി.

ഓ, വന്ദ്യനായ യൗസേപ്പേ, ആത്മീയജീവിതത്തിന്റെ ആനന്ദ ങ്ങളില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്കിഷ്ടമാണ്. എന്നാല്‍, വേദനയില്‍ നിന്നും കുതറിമാറാനാണ് പലപ്പോഴും ശ്രമിക്കുന്നത്. വേദനയാണ് സന്തോഷത്തിന്റെ മാതാവ് എന്നു ഞങ്ങള്‍ മറന്നുപോകുന്നു. മറിയം ഹൃദയത്തില്‍ അന്ന് ഏറ്റുവാങ്ങിയ വാള്‍ നിന്നെ എത്രകണ്ട് വേദനിപ്പിച്ചിട്ടുണ്ടാകും. പ്രിയപ്പെട്ടവരിലുണ്ടാകുന്ന ഒരു ചെറിയ ആഘാതംപോലും നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. കാരണം, ഞങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേദനയൊന്നും ഉണ്ടാകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. നീ മേരിയെ സ്‌നേഹിച്ചതുപോലെ ഒരു ഭര്‍ത്താവും ഭാര്യയും സ്‌നേഹിച്ചിട്ടുണ്ടാകില്ല. സ്‌നേഹം ഏല്‍പ്പിച്ച മുറിവ് നീ സന്തോഷത്തോടെ സ്വീകരിച്ചുവല്ലോ. മാത്രവുമല്ല, ഈ മുറിവെല്ലാം മാനവരാശിയുടെ വീണ്ടെടുപ്പിന് സഹായിക്കും എന്നറിഞ്ഞപ്പോള്‍ നീ സന്തോഷിക്കുകയും ചെയ്തല്ലോ.

പ്രാര്‍ത്ഥന: ജീവിത യാത്രയില്‍ ഞങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്ന സഹനങ്ങളെ പരാതിയില്ലാതെ ഏറ്റെടുക്കാന്‍ പരിശുദ്ധനായ യൗസേപ്പേ ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

അഞ്ചാം വ്യാകുലം: ഈജിപ്തിലേക്കുള്ള പലായനം
ദൈവവചനം: ''അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി'' (മത്താ. 2:14).

ധ്യാനം: ജോസഫ് ശാന്തമായി തലചായ്ക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരു സ്വപ്‌നവുമായി ദൂതന്‍ വരുന്നത്. കുഞ്ഞിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കുപോവുക. ഈ നിര്‍ദേശം ജോസഫില്‍ ഏല്‍പിച്ച ഞെട്ടല്‍ ചെറുതൊന്നുമല്ല. പറക്കമുറ്റാത്ത കുഞ്ഞിനെയും സംരക്ഷണം അധികമായി ആവശ്യമുള്ള മറിയത്തെയുംകൂട്ടി രാത്രിയില്‍തന്നെ യാത്രയാകാനാണ് സന്ദേശം. ഹേറോദേസിന്റെ കല്‍പനപ്രകാരം ശിശുവിനെ വധിക്കാനുള്ള അന്വേഷണം ഉടനെ ആരംഭിക്കും.

നുറുങ്ങിയ ഹൃദയവുമായി ജോസഫ് മറിയത്തെ കാര്യം ധരിപ്പിച്ചു. അവളാകട്ടെ ജോസഫിന്റെ വിളിയുംകാത്ത് കിടക്കുകയായിരുന്നു. ദൈവതിരുമനസിന് ചോദ്യം ചെയ്യാതെ കീഴ്‌വഴങ്ങിയിരുന്ന അവര്‍ രാത്രിക്കുതന്നെ അവശ്യസാധനങ്ങളുമായി യാത്രതുടങ്ങി. ഭയന്നോടുന്ന അഭയാര്‍ത്ഥികളെപ്പോലെയാണ് ഈജിപ്തിലേക്കുള്ള പലായനം.

സ്വന്തം മക്കള്‍ തന്റെ അധികാരത്തിന് ഭീഷണിയായേക്കാമെന്നു ഭയന്ന് അവരെപ്പോലും ഇല്ലായ്മ ചെയ്തവനാണ് ഹേറോദേസ്. ഇസ്രായേലിനെ ഭരിക്കാനുള്ളവന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയില്‍ അയാള്‍ വിറളിപിടിച്ചിരിക്കുകയാണ്. സ്വദേശത്തെയും പ്രിയപ്പെട്ടവരെയും വിട്ട് പ്രാണരക്ഷാര്‍ത്ഥം ഓടുകയാണ്, തിരുക്കുടുംബം.

ഓ, പ്രിയ യൗസേപ്പേ, നീയന്ന് എന്തായിരിക്കും ചിന്തിച്ചിരിക്കുക. നസ്രത്തില്‍ മടങ്ങിയെത്തി, കുഞ്ഞിനായി കരുതിവച്ച പിള്ളത്തൊട്ടില്‍പോലും ഉണ്ണിക്ക് നല്‍കാന്‍ നിനക്കായില്ലല്ലോ. ശൈശവദശയില്‍ ഇത്ര സഹനമെങ്കില്‍ എന്റെ മകന് ഇനിയുള്ള നാളുകളില്‍ എത്രയെത്ര വേദനയിലൂടെ കടന്നു പോകേണ്ടിവന്നേക്കും. മാനവകുലത്തെ രക്ഷിക്കാന്‍ വന്നവന്‍ വാള്‍മുനയില്‍നിന്നും രക്ഷപെടാന്‍ ജോസഫിന്റെ മാറില്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തുന്നുമുണ്ട്.

ആഴ്ചകള്‍ നീളുന്ന യാത്രയാണിത്. പരിചിതരുടെ ഇടയില്‍ നിന്നും തീര്‍ത്തും അപരിചിതരുടെ ഇടയിലേക്കുള്ള യാത്ര. ദൈവസാന്നിധ്യത്തിന്റെ അടയാളമായ ജെറുസലെം വിട്ട് അടിമത്തത്തിന്റെയും വിഗ്രഹാരാധനയുടെയും ഈറ്റില്ലമായ ഈജിപ്തിലേക്കുള്ള യാത്ര. തണുപ്പും വിശപ്പും ദാഹവും ഒരുപോലെ അവരെ വേട്ടയാടിയിരുന്നു. ചില രാത്രികളില്‍ സ്വന്തം മടിത്തട്ടില്‍ മറിയത്തെയും കുഞ്ഞിനെയും കിടത്തിയുറക്കി നേരം വെളുപ്പിച്ച നാളുകള്‍. ഊരും പേരുമില്ലാത്ത നാടോടികളെപ്പോലെ പരദേശികളായി വലഞ്ഞ സമയം.

ശിമയോന്‍ പ്രവചിച്ച വാള്‍ തിരുക്കുടുംബത്തെ കാര്യമായി കുത്തിമുറിവേല്‍പ്പിച്ചു തുടങ്ങി. ഈ യാത്രയില്‍ പ്രത്യേകമായി ഒരത്ഭുതവും സ്വര്‍ഗം ചെയ്തില്ല. ദിവ്യകുമാരനെ പരിപാലിക്കാന്‍ മാലാഖാവൃന്ദങ്ങളെയും സ്വര്‍ഗം അയച്ചതായി കാണുന്നില്ല. ''ഓ പരമപരിശുദ്ധ ദൈവമേ, നിന്റെ വഴികളെ ആര്‍ക്കു ഗണിച്ചെടുക്കാനാകും? പ്രവാചകര്‍ വിശന്നപ്പോള്‍ അവരെപ്പോറ്റാന്‍ പക്ഷികളെയും ദൂതന്മാരെയും അയച്ച ദൈവം, ദൈവജനത്തെ വഴിനടത്താന്‍ മേഘസ്തംഭവും അഗ്‌നിത്തൂണും അയച്ച അവിടുന്ന്, തിരുക്കുടുംബത്തെ വഴിനടത്താന്‍ നല്‍കിയത് വിശ്വാസം മാത്രമാണ്. അവര്‍ യാചകരെപ്പോലെ വലഞ്ഞപ്പോഴും പരദേശികളെപ്പോലെ ഉലഞ്ഞപ്പോഴും വിഡ്ഡികളെപ്പോലെ തലതാഴ്‌ത്തേണ്ടി വന്നപ്പോഴും നീ മൗനമായി അവരെ പിന്‍ചെന്നു. ശാന്തമായി ഞങ്ങളെ സ്‌നേഹിച്ച് മുറിപ്പെടുത്തുന്ന, അങ്ങയെ ഞങ്ങള്‍ക്ക് എങ്ങനെ മനസിലാക്കാനാകും.''

എന്നാല്‍, ഈജിപ്തിലെത്തിയ ഈ വിശുദ്ധ കുടുംബത്തിന്റെ സാന്നിധ്യം ദേശത്തിന്റെ ചരിത്രംതന്നെ മാറ്റി. ദൈവകുമാരന്‍ പാപികള്‍ക്കു മോചനവും രോഗികള്‍ക്ക് സൗഖ്യവും നല്‍കാന്‍ തുടങ്ങി. പിശാചുക്കള്‍ പകച്ചുപിന്തിരിഞ്ഞോടാന്‍ തുടങ്ങി. വിഗ്രഹങ്ങള്‍ക്കു പകരം ജീവനുള്ള ദൈവത്തിന്റെ സുവിശേഷം മറിയവും യൗസേപ്പും ഏവര്‍ക്കും പകര്‍ന്നു നല്‍കി.

പ്രാര്‍ത്ഥന: ഈ ലോക ജീവിതം പരദേശവാസമാണെന്നും ഞങ്ങളുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗഗേഹമാണെന്നുമുള്ള സത്യം വിശുദ്ധ യൗസേപ്പേ, എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ഓര്‍മപ്പെടുത്തി തരണമേ, ആമേന്‍.

(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

ആറാം വ്യാകുലം: ഈജിപ്തില്‍നിന്നുള്ള മടക്കയാത്ര

ദൈവവചനം: ''എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു. അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു'' (മത്താ. 2:20-21).

ധ്യാനം: അപരിചിതമായ ഒരു നാട്ടില്‍ രൂക്ഷമായ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച് തിരുക്കുടുംബം മുന്നോട്ടുനീങ്ങുകയാണ്. മറിയം ഈശോയുമായി വീട്ടിലിരിക്കുമ്പോള്‍ ജോസഫ് ആശാരിപ്പുരയില്‍ ജോലിയിലാണ്. ഈശോ വളരാന്‍ തുടങ്ങി. വളരുന്ന കുഞ്ഞിന്റെ കൊഞ്ചലുകളും ചിരിയും കരച്ചി ലും എല്ലാം കൊണ്ട് ജോസഫിന്റെ സായാഹ്നങ്ങള്‍ ആനന്ദകരമായിരുന്നു. ഇടയ്ക്കിടെ അപ്പാ എന്നുവിളിച്ച് കുഞ്ഞ് സമീപത്തേക്കു വരുമ്പോള്‍ സ്വര്‍ഗത്തിലെ അബ്ബായെക്കുറിച്ച് പറഞ്ഞുകൊടുക്കും. കഷ്ടതയിലും പ്രവാസത്തിലും തിരുക്കുടുംബത്തിന്റെ ദിനങ്ങളെ ദൈവം ധന്യമാക്കി.

ശൈശവം പിന്നിട്ട് ബാല്യത്തിലേക്ക് നീങ്ങുന്ന ഈശോയെ കാണാന്‍ ജോസഫിനും മറിയത്തിനും എന്തൊരാനന്ദമായിരുന്നെന്നോ. പകലിന്റെ കഠിന ചൂടില്‍ ജോലികഴിഞ്ഞെത്തുന്ന ജോസഫിന്, രാത്രിയുടെ നിശബ്ദതയില്‍ ഈശോയുടെ കൈകളില്‍ തലോടാനും, വചനഗ്രന്ഥങ്ങള്‍ പങ്കുവയ്ക്കാനും, ഒരുമിച്ചു പ്രാര്‍ത്ഥിക്കാനും കിട്ടുന്ന സമയങ്ങള്‍ സുന്ദരമായിരുന്നു. ജോസഫ് ചിന്തിച്ചു: എത്രയെത്ര രോഗികളെ സുഖപ്പെടുത്തേണ്ട കൈകളാണിത്. എത്രയോ പേര്‍ക്ക് ആശ്വാസമാകേണ്ട മകനാണിവന്‍. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന എന്റെ മകനേ, എന്റെ ഈശോയേ!

ഈജിപ്തിലെ വാസം പൂര്‍ത്തിയാക്കേണ്ട സമയമായി. അവര്‍ ഇനി ഇസ്രായേല്‍ ദേശത്തേക്കു മടങ്ങണം. ജോസഫിന് അടുത്ത സന്ദേശം ലഭി ച്ചു, സ്വപ്നത്തിലൂടെ: ''സ്വദേശത്തേക്കു മടങ്ങുക. ശിശുവിനെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസ് മരിച്ചുകഴിഞ്ഞു.'' വിശുദ്ധിയില്‍ ഉയര്‍ന്ന ഈശോയും മറിയവും അവിടെ ഉണ്ടായിരിക്കേതന്നെ, യൗസേപ്പിനെയാണ് യാത്രയിലെ ഓരോ കാര്യവും ദൈവം അറിയിക്കുന്നത്. തിരുക്കുടുംബത്തെ നയിക്കേണ്ടവനെ തന്നെ ദൈവിക സന്ദേശം അറിയിക്കുന്നതില്‍ ദൈവം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഓരോരുത്തരുടെയും വിളി അനുസരിച്ചല്ലേ ദൗത്യം ഭരമേല്‍പിക്കുന്നത്. അത്യുന്നതന്റെ തിരുവിഷ്ടം നിറവേറ്റുന്നതില്‍ ഒരിക്കലും വീഴ്ചപറ്റാന്‍ ഇവര്‍ ഇടനല്‍കാറില്ല.

ഇതിനോടകം, ഈജിപ്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്ന കുടുംബത്തിന്, ഇനിയും ഒരു യാത്ര ക്ലേശകരമാണ്. ബാലനായ ഈശോയെയും മറിയത്തെയും കൂട്ടി യൗസേപ്പിന് മടങ്ങാറായി. നസ്രത്തിലേക്കുള്ള വഴി നല്ല നിശ്ചയമൊന്നുമില്ല. എങ്കിലും, പ്രിയപ്പെട്ടവരോടെല്ലാം വിടപറഞ്ഞ് വീടൊഴിയുകയാണ്.

ആത്മീയ യാത്രയില്‍ തൊട്ടടുത്ത ചുവടു വയ്ക്കാനുള്ള വെളിച്ചമേ ദൈവം പലപ്പോഴും നമുക്ക് അനുവദിച്ചു തരാറുള്ളൂ. കൂടുതല്‍ അവനില്‍ ആശ്രയിക്കാനും അഭയം തേടാനുമാണിത്. നമ്മില്‍ ആശ്രയിച്ചാല്‍ വഴിതെറ്റാന്‍ സാധ്യതകള്‍ ഏറെയാണല്ലോ.

യാത്ര മുന്നോട്ടു നീങ്ങുമ്പോഴാണ് മറ്റൊരു അശുഭകരമായ വാര്‍ത്ത യൗസേപ്പ് അറിയുന്നത്. ഹേറോദേസിന്റെ സ്ഥാനത്ത് ഇളയമകന്‍ അര്‍ക്കലാവോസാണ് ജെറുസലെമില്‍ ഭരണം ഏറ്റെടുത്തിരിക്കുന്നത്. ദൈവം നിര്‍ദേശിച്ചിട്ടാണല്ലോ ഈജിപ്ത് വിട്ടത്. ഇനി എന്താകും എന്നാലോചിച്ചിരിക്കുമ്പോഴാണ് മറ്റൊരു സ്വപ്നം യൗസേപ്പിനു ലഭിക്കുന്നത്. ഗലീലി ഭാഗത്തേക്കു പോവുക. അവിടെ നസ്രത്തില്‍ പോയി താമസിക്കുക.

ഓ ശ്രേഷ്ഠപിതാവായ യൗസേപ്പേ, ക്ലേശകരമായ യാത്രകളില്‍ നീ എത്ര ശാന്തമായാണ് മുന്നോട്ടു നീങ്ങിയത്. കഠിനവേദന അനുഭവിക്കുമ്പോഴും ദൈവത്തിന്റെ ഏകജാതനെ, പറുദീസയുടെ മുഴുവന്‍ ആനന്ദത്തെ നീ ചേര്‍ത്തുപിടിച്ചു മുന്നേറിയല്ലോ. ദാഹജലത്തിന്റെ ഉറവയുമായി സഞ്ചരിക്കുമ്പോഴും കുടിവെള്ളത്തിനായി നീയെത്രയോ കഷ്ടപ്പെട്ടു. ജീവന്റെ അപ്പം കൂടെയുണ്ടെങ്കിലും അന്നന്നത്തെ അപ്പത്തിനായി നീയൊരുപാടു വലഞ്ഞല്ലോ. നിന്റെ ആത്മധൈര്യം ഞങ്ങള്‍ക്കും വേണം. നിന്റെ പ്രത്യാശയില്‍ ഞങ്ങളെയും വളര്‍ത്തണം.

പ്രാര്‍ത്ഥന: യാത്രയിലെല്ലാം ഈശോ കൂടെയുണ്ടായിരുന്നതുകൊണ്ട് വഴിതെറ്റില്ല എന്നു വിശുദ്ധ യൗസേപ്പേ, നിനക്കുറപ്പുണ്ടായിരുന്നു. ദുരിതപൂര്‍വകമായ ജീവിത യാത്രയില്‍ ഈശോയെ ചേര്‍ത്തു പിടിക്കാന്‍ ഞങ്ങളെയും സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍.)

ഏഴാം വ്യകുലം: യേശുവിനെ കാണാതാകുന്നു.
ദൈവവചനം: ''ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജെറുസലേമിലേക്കു തിരിച്ചുപോയി'' (ലൂക്കാ 2:45).

ധ്യാനം: ജെറുസലെം ദേവാലയത്തില്‍ തിരുനാളിനു പോവുക പതിവായിരുന്നു, ജോസഫ്. ഈശോയ്ക്ക് പന്ത്രണ്ടുവയസു പ്രായമുള്ളപ്പോഴാണ് തിരുക്കുടുംബം ഒരുമിച്ച് തിരുനാളിനു പോയത്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളാഘോഷമാണ്. ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു, അവര്‍.

മറിയം സഹയാത്രികരായിരുന്ന മറ്റുസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നു. ജോസഫ് പരിചയക്കാരായ ചില പുരുഷന്മാരുടെ കൂടെയും. സ്ത്രീപുരുഷന്മാര്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് പതിവ്. മറിയം വിചാരിച്ചു ഈശോ ജോസഫിന്റെ കൂടെ ഉണ്ടാകുമെന്ന്. ജോസഫ് വിചാരിച്ചു, മറിയത്തിന്റെകൂടെ കാണുമെന്ന്. തന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നു രണ്ടുപേരും കരുതി, ആഗ്രഹിച്ചു. മാത്രവുമല്ല, രണ്ടുപേരും മറ്റുള്ളവരുമായി സംസാരിച്ചത് ഈശോയെക്കുറിച്ചായിരുന്നു താനും.

സന്ധ്യയ്ക്ക് സത്രത്തില്‍ ഒന്നുചേര്‍ന്നപ്പോഴാണ് ഈശോ രണ്ടുപേര്‍ക്കും ഒപ്പമില്ലെന്നറിയുന്നത്. സ്വപുത്രനെ കാത്തു സംരക്ഷിക്കാന്‍ കഴിയാതെവന്നത് സ്വന്തം വീഴ്ചയായി രണ്ടുപേരും കരുതി. മറ്റെന്ത് നഷ്ടപ്പെടുക എന്നതിലുപരി ഈശോ നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ വേദന ഊഹിക്കാന്‍ കഴിയുന്നതല്ല. ഈശോ കൈമോശം വന്നതില്‍ അവരാകെ വിഷമിച്ചു.

മറ്റേതൊരു സഹനത്തെക്കാളും ജോസഫിനെ മുറിപ്പെടുത്തിയത് ഈ വ്യാകുലമാണ്. മറ്റു വ്യാകുലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതെന്തിനാണെന്ന് ജോസഫിനറിയാമായിരുന്നു. എന്നാല്‍, ഈ വ്യാകുലത്തിന്റെ കാരണമറിയില്ല. നിങ്ങള്‍ എന്തിനു സഹിക്കണമെന്നറിഞ്ഞാല്‍ ഏതൊരു സഹനത്തെയും നേരിടാന്‍ നിങ്ങള്‍ക്കായേക്കും. കാര്യം അറിയാത്തപ്പോഴോ?

മാത്രവുമല്ല, മറ്റു വ്യാകുലതകള്‍ക്കിടയില്‍ ഈശോ കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ ഈശോ കൂടെയില്ല. മകനെ വളര്‍ത്താനുള്ള വിശുദ്ധി തനിക്കില്ലാത്തതുകൊണ്ട് അവന്‍ എന്നെ വിട്ടുപോയതാണോ? എന്റെ പെരുമാറ്റം അവനിഷ്ടപ്പെടാത്തതുകൊണ്ടാകുമോ? ആ പിതൃഹൃദയത്തിന്റെ ദു:ഖം കരച്ചിലായി: ''എന്റെ ഈശോയേ, എന്റെ മകനേ, നീ എവിടെയാണ്? എവിടെയാണ് നീ നിന്നെത്തന്നെ മറച്ചുപിടിച്ചിരിക്കുന്നത്? നിന്നെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ തക്കവിധം എന്നില്‍ ദോഷകരമായിക്കണ്ടത് എന്തെന്ന് നീ എന്നോടു പറയുക. നിന്റെ മാതാവ് പരിശുദ്ധയാണല്ലോ. നിന്റെ സ്‌നേഹസാന്നിധ്യത്തിലല്ലാതെ ഒരു നാഴികപോലും പിന്നിടാന്‍ എനിക്കാവില്ല, മകനെ.''

അന്നുതന്നെ അവനെ അന്വേഷിച്ചിറങ്ങി. കാണുന്നവരോടെല്ലാം അവനെക്കുറിച്ച് തിരക്കി. വെളിച്ചത്തില്‍ സഞ്ചരിച്ചവര്‍ പൊടുന്നനെ അന്ധകാരത്തില്‍ ഇഴയുന്നതുപോലെ.

ഓ ഈശോയേ, നീ ആ ദിവസങ്ങളില്‍ എവിടെ ആയിരുന്നു? ഏതാനും ആണ്ടുകള്‍ പിന്നിടുമ്പോള്‍ വേദനയുടെ ആഴത്തില്‍ രക്തം വിയര്‍ക്കേണ്ട ഗത്‌സെമനിയില്‍ നീയന്ന് പോയിരുന്നോ? തൊട്ടടുത്തു ള്ള കാല്‍വരിക്കുന്നിലേക്ക് നീ നിന്റെ മൃദുപാദങ്ങള്‍ ചവിട്ടി സഞ്ചരിച്ചിരുന്നുവോ? പന്ത്രണ്ടാം വ യസില്‍ തന്നെ അബ്ബായ്ക്കു സമര്‍പ്പിക്കേണ്ട ഇടങ്ങളെ നീ ചുറ്റി നടന്നു കാണുകയായിരുന്നോ?

ജോസഫിന്റെയും മറിയത്തിന്റെയും ചങ്കിലേല്‍പ്പിച്ച വ്യാകുലം ജെറുസലെം ദേവാലയത്തില്‍ മകനെ കണ്ടെത്തിയപ്പോള്‍ മാറിയകന്നു. അബ്ബായുടെ കാര്യത്തില്‍ തല്‍പരനായിരിക്കുന്ന മകനെയോര്‍ത്ത് അവര്‍ സന്തോഷിച്ചു.


പ്രാര്‍ത്ഥന: എല്ലാ വേദനകളിലും ദൈവത്തെ ചേര്‍ത്തു പിടിച്ച് മുന്നോട്ടുപോയ പരിശുദ്ധ യൗസേപ്പേ, നിന്റെ പ്രത്യാശയും സ്‌നേഹവും ഞങ്ങളിലും നിറയ്ക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്
ദൈവവചനം: ''ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ ആവസിക്കും'' (ഏശ. 11:1-2).

ധ്യാനം: പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മറിയം കഴിഞ്ഞാല്‍ റൂഹാ ഇത്രമേല്‍ താവളമടിച്ചു വസിച്ചിട്ടുള്ള മനുഷ്യവ്യക്തി ആരുണ്ടാകും? ദൈവ സ്വരത്തിന് സമൂലം കീഴ്വഴങ്ങിയ യൗസേപ്പില്‍ പരിശുദ്ധാത്മാവ് എന്നും ആനന്ദം കണ്ടെത്തിയിട്ടുണ്ടാകും. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോള്‍പോലും ആത്മാവിന്റെ ഹിതമറിയുന്ന പുണ്യാത്മാവ്.

പരിശുദ്ധ റൂഹായെ അനുസരിക്കുന്നവരിലാണ് പരിശുദ്ധി കുടികൊള്ളുന്നത്. പരിശുദ്ധിയെന്നാല്‍ ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുകയാണ്. അവിടെ പാപം അകന്നുനില്‍ക്കും. സുകൃതങ്ങളിലുള്ള വളര്‍ച്ച ഉണ്ടാകും. കൃപാവരങ്ങളില്‍ ജീവിതം ഫലം ചൂടും. ഈശോ ഉള്ള ഇടങ്ങളിലെല്ലാം റൂഹായുമുണ്ട്. യൗസേപ്പ് ഈശോയോടൊപ്പമായിരുന്നതിനാല്‍ യൗസേപ്പുള്ളിടത്തെല്ലാം റൂഹായുടെ സാന്നിധ്യമുണ്ട്. തന്നെ എല്ലായ്‌പ്പോഴും അനുസരിക്കുന്ന, സ്വപ്‌നങ്ങളെപ്പോലും ഗൗരവമായി എടുക്കുന്ന, ഒരിക്കല്‍ പോലും വേദനിപ്പിക്കാത്ത യൗസേപ്പില്‍നിന്നും അകന്നു പോകാന്‍ സ്വര്‍ഗത്തിന്റെ ആ തങ്കപ്രാവിന് കഴിയുമായിരുന്നില്ല. ഇതു നമുക്കെങ്ങനെ സാധ്യമാകുമെന്ന് ചോദിച്ചേക്കാം. ശാന്തമായി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കാത്ത മനസുകള്‍ക്ക് ആത്മാവിന്റെ ഇംഗിതം വിവേചിച്ചറിയാന്‍ കഴിയില്ല.

തിരക്കുപിടിച്ച ജീവിതത്തില്‍ ഇതു സാധ്യമാകുമോ എന്നോര്‍ത്ത് ഭയപ്പേടേണ്ട. നിങ്ങളുടെ ജീവിതാവസ്ഥയില്‍ ദൈവസാന്നിധ്യം അനുഭവിച്ചാല്‍ മതി. പ്രാര്‍ത്ഥനയില്‍ ഹൃദയം ദൈവവുമായി ഐക്യപ്പെടുത്തിയാല്‍ മതി.

പരിശുദ്ധി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ദൈവവിളി സ്വീകരിച്ചവര്‍ക്കും വിശുദ്ധരാകാം. വിശുദ്ധ യൗസേപ്പ് ഒരു പുരോഹിതനായിരുന്നില്ല, വെറുമൊരു ആശാരി ആയിരുന്നു. എന്നിട്ടും, അന്നു ജീവിച്ച എല്ലാ ദേവാലയ ശുശ്രൂഷകരെക്കാളുമധികം ആത്മചൈതന്യം യൗസേപ്പിലല്ലേ വന്നു വസിച്ചത്. കൂദാശകള്‍ വിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളില്‍ പ്രത്യാശയോടെ പങ്കുചേരുമ്പോള്‍, പരസ്പരബന്ധങ്ങളില്‍ സ്‌നേഹത്തോടെ വ്യാപരിക്കുമ്പോള്‍ നമ്മിലെ ആത്മവീര്യം വര്‍ദ്ധിക്കുന്നു. ആത്മാവിന് ഇണങ്ങാത്തതെല്ലാം നമുക്കും ഉപേക്ഷിക്കാം. അപ്പോള്‍, ഈ പുണ്യാത്മാവില്‍ കുടികൊണ്ട ചൈതന്യം നമ്മിലും വളര്‍ച്ച പ്രാപിക്കും. യൗസേപ്പില്‍ സമര്‍പ്പണം നടത്തുമ്പോള്‍, നമ്മെയവന്‍ ചിന്തേറിട്ട്, മിനുക്കിയെടുത്ത് റൂഹായ്ക്ക് ഇണങ്ങിയവരാക്കി മാറ്റും.

റൂഹായുടെ ഏഴു ദാനങ്ങളും യൗസേപ്പിലുണ്ടായിരുന്നു. ഈശോയുടെയും മറിയത്തിന്റെയും സംരക്ഷകനാകാന്‍ അവനത് ആവശ്യമായിരുന്നു. ദൈവം നമ്മുടെ സംരക്ഷകനായി ഏല്‍പ്പിച്ചിരിക്കുന്ന പുണ്യപിതാവ് ഈ ദാനങ്ങള്‍ നമുക്കും പകര്‍ന്നുതരും. പൂര്‍ണതയിലേക്കു വളരാന്‍ കൊതിക്കുന്ന നമ്മില്‍ ഏഴുദാനങ്ങളും നിറയാന്‍ യൗസേപ്പിന്റെ സഹായം തേടാം.

നിത്യമായതും അനിത്യമായതും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ജ്ഞാനത്തിന്റെ ആത്മാവിനെ എനിക്കുവേണം. നിത്യസത്യങ്ങളെ യഥാവിധം മനസിലാക്കാന്‍ ബുദ്ധിയെ പ്രകാശിപ്പിക്കുന്ന ആത്മാവിനെ എനിക്കുവേണം. ദൈവത്തിനു പ്രീതികരമായതു ചിന്തിക്കാനും ദൈവികവഴികള്‍ തിരഞ്ഞെടുക്കാനും ആലോചനയുടെ ആത്മാവിനെ എനിക്കുവേണം. ദൈനംദിന കുരിശുകളെ യഥാവിധം സ്വീകരിക്കാനും നിത്യരക്ഷയ്‌ക്കെതിരായവ എങ്ങനെയും പരിത്യജിക്കാനുള്ള ധീരത ലഭിക്കാന്‍ ആത്മശക്തിയുടെ ആത്മാവിനെ എനിക്കുവേണം. ദൈവത്തെ അറിയാനും എന്നെത്തന്നെ മനസിലാക്കാനും സഹായിക്കുന്ന അറിവിന്റെ ആത്മാവിനെ എനിക്കുവേണം. ദൈവത്തെ ശുശ്രൂഷിക്കുന്നതില്‍ മാധുര്യവും ആനന്ദവും കണ്ടെത്താന്‍ സഹായിക്കുന്ന ദൈവഭക്തിയുടെ ആത്മാവിനെ എനിക്കുവേണം. ദൈവത്തോടുള്ള അഗാധമായ സ്‌നേഹവും ആദരവും എന്നില്‍ വളരാനും പാപത്തെക്കാള്‍ മരണം കാംക്ഷിക്കാനും ദൈവഭയത്തിന്റെ ആത്മാവിനെ എനിക്കുവേണം.

റൂഹായെ കണ്ണുംപൂട്ടി അനുസരിച്ച യൗസേപ്പ് റൂഹായുടെ വിളനിലമാണ്. ചോദിക്കുന്നവര്‍ക്ക് യഥേഷ്ടം വിളമ്പി നല്‍കുന്ന ജോസഫിന്റെ അടുത്തേക്കുപോകാം.

പ്രാര്‍ത്ഥന: ദൈവദാനങ്ങളുടെ ഇരിപ്പിടമായ വി. യൗസേപ്പേ, കൃപാവരപൂര്‍ണമായ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്
ദൈവവചനം: ''അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു'' (യോഹ. 19:27).

ധ്യാനം: കുരിശിന്‍ ചുവട്ടില്‍നിന്ന യോഹന്നാന്റെ കൈകളിലാണ് മറിയത്തെ അന്ന് ഭരമേല്‍പിച്ചത്. സ്വഭവനത്തിലും ഹൃദയത്തിലും മറിയത്തെ സ്വീകരിക്കാന്‍ അന്നു മുതല്‍ ശിഷ്യസമൂഹത്തിനായി. എന്നാല്‍, ഇതിന് എത്രയോനാള്‍ മുമ്പേതന്നെ മറിയം യൗസേപ്പിന്റെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അവന്റെ പ്രാണസഖിയായ മറിയം യൗസേപ്പിന്റെകൂടെ എന്നുമുണ്ടായിരുന്നു. യൗസേപ്പ് ജീവിച്ചതും മരിച്ചതും ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തിലും ആയിരുന്നല്ലോ. യൗസേപ്പിനെപ്പോലെ മറിയത്തെ സ്വീകരിക്കാം, നമുക്കും.

ചെറുപ്പംമുതല്‍ക്കേ കന്യാവ്രതം സ്വീകരിച്ച് ജീവിക്കുന്നവളായിരുന്നു മറിയം. അതിനിടയിലാണ് ജോസഫുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ദൈവകല്‍പന ലഭിക്കുന്നത്. ദൈവത്തിന്റെ വഴികള്‍ എത്രയോ നിഗൂഢം. അതുഗ്രഹിക്കാന്‍ നമുക്കാകണമെന്നില്ല. അവള്‍ ചെന്ന് പുരോഹിതനോട് കാര്യമറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''പ്രിയ മകളേ, നിന്റെ പരിശുദ്ധമായ ആഗ്രഹങ്ങള്‍ കര്‍ത്താവിന് സ്വീകാര്യമാണ്. എന്നാല്‍, ദാവീദിന്റെ വംശത്തില്‍നിന്ന് നിനക്കനുയോജ്യനായ ഒരു ഭര്‍ത്താവിനെ തരുന്നത് ദൈവമാണ്.''

ദൈവഹിതത്തിന് ആമേന്‍ പറയാനേ അവള്‍ക്കറിയൂ. യൗസേപ്പ് തന്റെ വധുവായ മറിയത്തോട് പറഞ്ഞു: ''എന്റെ പ്രിയ മണവാട്ടീ, യാതൊരു യോഗ്യതയുമില്ലാത്ത എന്നെ നിന്റെ ഭര്‍ത്താവായി നിയോഗിച്ച അത്യൂന്നതനായ ദൈവത്തിന്റെ ഔദാര്യത്തിന് ഞാന്‍ നന്ദി പറയുന്നു. കാരുണ്യവാനായ ദൈവം തക്കസമയത്ത് താഴ്ന്നവരെ ഉയര്‍ത്തുവാന്‍ എന്നോട് കരുണകാണിച്ചു.'' അവള്‍ വിനീതമായി പറഞ്ഞു: ''എന്റെ ഏറ്റം പ്രിയ യജമാനനെ, എന്നെ ഈ ജീവിതാന്തസിലേക്ക് പ്രവേശിപ്പിക്കുന്നതിനുവേണ്ടി അത്യുന്നതന്‍ അങ്ങയെ എനിക്ക് ഭര്‍ത്താവായി തന്നല്ലോ. ഞാന്‍ ഭാഗ്യവതിയാണ്.''

മറിയം നിന്നെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ ഓ പരിശുദ്ധനായ യൗസേപ്പേ, എന്നെയും അനുവദിക്കുക. ഭാര്യയുടെ മഹത്വമറിഞ്ഞ ഭര്‍ത്താവാണ് യൗസേപ്പ്. അവന്‍ ചിന്തിച്ചു: ദൈവസുതന്റെ അമ്മയാണിവള്‍. വാഗ്ദാനപേടകം. പഴയനിയമത്തില്‍ വാഗ്ദാനപേടകം ഏതാനും കാലത്തേക്കു സൂക്ഷിച്ച ഓബദ് ഏദോമിനെ ദൈവം തന്റെ ശക്തമായ കരങ്ങളാല്‍ അനുഗ്രഹിച്ചു. എങ്കില്‍, യഥാര്‍ത്ഥ വാഗ്ദാനപേടകത്തെ മനുഷ്യായുസുമുഴുവന്‍ വഹിക്കാന്‍ കഴിയുക എത്രയോ ഭാഗ്യകരമാണ്. ബലിവസ്തുവും ബലിപീഠവും വാഗ്ദാനപേടകവും ഇതാ, എന്റെ ഭവനത്തില്‍!

മറിയത്തിലേക്കും ദൈവസുതനിലേക്കും കൂട്ടിക്കൊണ്ടു പോകാന്‍ യൗസേപ്പിനുള്ള തീക്ഷ്ണത ഒരാള്‍ക്കുമില്ലെന്നറിയുക. മാത്രവുമല്ല, തന്റെ അപ്പനെ ആരെങ്കിലും സ്‌നേഹിക്കുന്നതു കാണുമ്പോള്‍ ഈശോയ്ക്ക് വലിയ സന്തോഷമാണ്. തന്നെ വളര്‍ത്തിയതുപോലെ അപ്പന്‍ അവരെയും വളര്‍ത്തുമെന്ന് ഈശോയ്ക്കറിയാം. ഇതുപോലെതന്നെ മറിയത്തെ ആരെങ്കിലും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ യൗസേപ്പിന് വലിയ സന്തോഷമാണ്. കാരണം, അവര്‍ ആദരിക്കുന്നത് സ്വര്‍ഗത്തിന്റെ രാജ്ഞിയെ ആണല്ലോ. അവളിലെത്തുന്ന ഒരാത്മാവിന് രാജാധിരാജന്റെ മുഖം കാണാതിരിക്കാന്‍ ആവില്ല. മറിയത്തിന്റെ മഹത്വവും തിരഞ്ഞെടുപ്പും ഇത്രകണ്ട് അറിയാവുന്ന മനുഷ്യവ്യക്തി ആരുണ്ട്? യൗസേപ്പിന്റെ ഹൃദയത്തിലും വീട്ടിലും ഒരുപോലെ അവളുടെ ശോഭ നിറഞ്ഞു നിന്നിരുന്നു.

മാതാക്കളെ ഒരുപാട് ആവശ്യമുണ്ട്, ഈ ലോകത്തിന്. അവളില്ലെങ്കില്‍ വീടിന്റെ ശോഭ കെട്ടുപോകും. മറിയംപോലുള്ള നല്ല മാതാക്കളെ തരാന്‍ യൗസേപ്പിനോടു പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന: മാതൃഭക്തരുടെ ആശ്രയമായ വിശുദ്ധ യൗസേപ്പേ, മറിയത്തെപ്പോലുള്ള പരിശുദ്ധമാതാക്കളെ ഈ ഭൂമിയിലേക്ക് അയയ്ക്കാന്‍ ഈശോയോടു പറയണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്

ദൈവവചനം: ''മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല'' (സങ്കീ. 23:4).

ധ്യാനം: ത്രിത്വ കുടുംബത്തിന്റെ പകര്‍പ്പാണ് തിരുക്കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള പരസ്പര കൂട്ടായ്മയാണ് ത്രിത്വം. യൗസേപ്പും മറിയവും അവരുടെ കൈകളില്‍ നല്‍കപ്പെട്ട ദൈവസുതനും ചേര്‍ന്നതാണ് തിരുക്കുടുംബം. ഒന്ന് സ്വര്‍ഗത്തില്‍, മറ്റൊന്നു ഭൂമിയില്‍. ഒന്ന് ദൈവകുടുംബം, മറ്റൊന്നു പുത്രന്‍തമ്പുരാനടങ്ങുന്ന മനുഷ്യകുടുംബം. നസ്രത്തിലെ ത്രിത്വമായിരുന്നു ഇവര്‍. സ്‌നേഹവും സ്വയംദാനവും അത്രകണ്ട് ഇവരിലുണ്ടായിരുന്നു. സ്വയം മറന്ന് സ്‌നേഹിക്കുമ്പോള്‍ കുടുംബങ്ങള്‍ തിരുക്കുടുംബംപോലെയാകും.

ഒരര്‍ത്ഥത്തില്‍, നസ്രത്തിലെ തിരുക്കുടുംബമല്ലേ ആദ്യത്തെ സഭാകുടുംബം. ഈ കുടുംബത്തില്‍ അംഗമാകുമ്പോള്‍ നാം സ്വര്‍ഗീയകുടുംബത്തില്‍ അംഗമാവുകയാണ്.

യൗസേപ്പിന്റെ കൈകളിലെ ഒരു കുഞ്ഞായി മാറാമോ? അവന്‍ നിന്നെ തിരുക്കുടുംബത്തോടു ചേര്‍ക്കും. അവന്‍ നിന്നെ ദൈവമകനും മകളുമാക്കി വളര്‍ത്തും. ജോസഫിനെയും മറിയത്തെയുംപോലുള്ള മാതാപിതാക്കള്‍ക്കേ ഈശോസമാനമുള്ള കുഞ്ഞുങ്ങള്‍ ലഭിക്കൂ. ഈശോയെപ്പോലെയുള്ള കുഞ്ഞുങ്ങളായാലേ ജോസഫിനെയും മറിയത്തെയും പോലുള്ള മാതാപിതാക്കളെയും ലഭിക്കൂ. ഇതെങ്ങനെ സംഭവിക്കും? പരസ്പരസ്‌നേഹവും ധാരണയും വിശ്വസ്തതയും വളര്‍ത്തിയെടുക്കണം. സ്വയം മറന്നു സ്‌നേഹിക്കണം. പരിശുദ്ധാത്മാവിന്റെ സഹായം തേടണം.

നോക്കുക, ദൈവസുതനു ജന്മം നല്‍കാന്‍ തനിക്കു കിട്ടിയ ഭാഗ്യത്തെ മറിയം എത്ര ആദരവോടെയാണ് സ്വീകരിച്ചത്. ദൈവസുതനും അവന്റെ അമ്മയ്ക്കും സംരക്ഷണവും പരിപാലനവും നല്‍കാന്‍ കിട്ടിയ വിളിയെ എത്രയോ കുലീനമായിട്ടാണ് യൗസേപ്പ് സ്വീകരിക്കുന്നത്. ഒരു സംഭാഷണം ധ്യാനിക്കാം: ഉണ്ണീശോ ജോസഫിനെ നോക്കി പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു: ''എന്റെ പ്രിയപ്പെട്ട അപ്പാ, ഞാന്‍ എത്രയധികം നിന്നെ സ്‌നേഹിക്കുന്നു എന്നറിയാമോ? അപ്പന്റെ കൈകളിലിരിക്കാന്‍ എനിക്ക് എന്തൊരിഷ്ടമാണെന്നോ? ഈ കരങ്ങളില്‍ എനിക്കെന്നും സുരക്ഷിതത്വം അനുഭവിക്കാന്‍ പറ്റുന്നുണ്ട്.''

മാതാപിതാക്കളുടെ കൈകളില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യം അവരെ എത്രയോ കരുത്തുറ്റവരാക്കുമെന്ന് അറിയുക.

ഉണ്ണീശോയെ മറിയത്തിന്റെ കൈകളില്‍ ഏല്‍പിച്ച് ജോസഫ് പറയുന്നുണ്ട്: ''മറിയമേ, കുഞ്ഞിനെ നീ വഹിക്കുക. ഏറ്റവും പരിശുദ്ധയും കന്യകയുമായ നിന്റെ കൈകളിലാണ് അവന് ഏറ്റം ആനന്ദവും സംതൃപ്തിയും കണ്ടെത്താനാവുക. നിന്റെ സാന്നിധ്യം എന്നുമവന് ആഹ്ലാദമാണ്.''

സ്‌നേഹിക്കുന്നതിലും മനസിലാക്കുന്നതിലും പരസ്പരം മത്സരിക്കുന്ന കുടുംബം. പ്രോത്സാഹനം നല്‍കുന്നതിലും എളിമപ്പെടുന്നതിലും മടുപ്പില്ലാത്ത കുടുംബം. ദാരിദ്ര്യത്തിന്റെ നോവിലും പ്രവാസത്തിന്റെ കഷ്ടതയിലും ഇവര്‍ ഒന്നായിരുന്നു. ഇവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ കണ്ണികള്‍ മുറിക്കാന്‍ ഒരു ദുഷ്ടശക്തിക്കും കഴിയുമായിരുന്നില്ല. എത്ര മനോഹരം, തിരുക്കുടുംബം. കുടുംബത്തിന്റെ പവിത്രതയും വിശുദ്ധിയും നഷ്ടമാകുന്ന ഈ നാളുകളില്‍ യൗസേപ്പില്‍ നമുക്ക് അഭയം തേടാം. പിതാക്കന്മാരുടെ ജ്ഞാനമില്ലാത്ത പെരുമാറ്റവും മാതാക്കളുടെ സ്നേഹമില്ലാത്ത പരിചരണവും കുഞ്ഞുങ്ങളുടെ ഭാവിയെ താളം തെറ്റിക്കാറുണ്ട്. മക്കളുടെ ആദരവില്ലാത്ത സമ്പര്‍ക്കങ്ങള്‍ മാതാപിതാക്കളുടെ ഹൃദയം തകര്‍ക്കാറുമുണ്ട്.

നമുക്ക് യൗസേപ്പിന്റെ അടുത്തേക്ക് പോകാം. വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതും കലഹങ്ങള്‍ പെരുകുന്നതും വിശ്വസ്തത നഷ്ടമാകുന്നതും വിശുദ്ധ യൗസേപ്പേ, നീ കാണുക. സ്വവര്‍ഗവിവാഹങ്ങളെയും ഗര്‍ഭഛിദ്രങ്ങളെയും നിയമപിന്തുണയോടെ ലോകം വാഴ്ത്തുന്നത് ഓ, തിരുക്കുടുംബത്തിന്റെ പാലകാ, നീ കാണുക. ഈശോയെ മാറ്റിനിറുത്തുന്ന കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് നീയെങ്ങനെ ശാന്തമായി നോക്കിനില്‍ക്കും? ഞങ്ങളെ സഹായിക്കാന്‍ നീ മുന്‍കൈ എടുക്കണം.

പ്രാര്‍ത്ഥന: തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്

ദൈവവചനം: ''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല'' (മത്താ. 16:18).

ധ്യാനം: തിരുക്കുടുംബത്തിന്റെ പാലകനായ അങ്ങയെതിരുസഭയുടെ സംരക്ഷകനായി ദൈവം നിയോഗിക്കുമെന്ന് യൗസേപ്പിതാവേ, അങ്ങ് എപ്പോഴെങ്കിലും കരുതിയിരുന്നുവോ? ഉണ്ണിയേശുവിനെയും മറിയത്തെയും എല്ലാ തിന്മകളില്‍നിന്നും പൊതിഞ്ഞുപിടിക്കാന്‍ കഴിഞ്ഞതുപോലുള്ള കരുത്തുറ്റ കരം മറ്റാര്‍ക്കാണുള്ളത്. അങ്ങയുടെ പരിശുദ്ധിക്കും നൈര്‍മല്യതയ്ക്കും ധീരതയ്ക്കും പകരം വയ്ക്കാന്‍ ആരുമില്ലല്ലോ. തിരുക്കുടുംബം കടന്നു പോയ അതേ പ്രലോഭനങ്ങളിലൂടെയും തിന്മകളിലൂടെയും ആണല്ലോ ഇന്നത്തെ സഭയും ദൈവമക്കളും കടന്നുപോകുന്നത്. നമുക്ക് യൗസേപ്പിന്റെ അടുക്കല്‍ അഭയം തേടാം.

സഭയുടെ ആദ്യരൂപം മറിയമാണല്ലോ. വചനത്തെ മാംസം ധരിപ്പിക്കാന്‍ തന്നെത്തന്നെ സമര്‍പ്പിച്ച മറിയം. ദൈവസുതനെ കുരിശോളം അനുഗമിക്കുകയും ചിതറിപ്പോയ ശിഷ്യഗണത്തെ പെന്തക്കുസ്തായ്ക്ക് ഒരുക്കുകയും ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിനായി സഭയെ അണിയിച്ചൊരുക്കുകയും ചെയ്യുന്ന മറിയം. അവളുടെ പരിരക്ഷണം യൗസേപ്പിനെയാണല്ലോ ദൈവം ഭരമേല്‍പിച്ചത്. കാരണം, യൗസേപ്പ് മറിയത്തെ സ്നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഇത്രയധികം സ്‌നേഹവും പരിരക്ഷണയും നല്‍കാന്‍ കഴിവുള്ള യൗസേപ്പിനെ തന്നെ തിരുസഭയുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നു കരുതിയ സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഈ വിശുദ്ധ കരങ്ങളില്‍ സ്വര്‍ഗദേശത്തേക്കുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിരിക്കും എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മറിയത്തെ സ്‌നേഹിച്ചതുപോലെ യൗസേപ്പ് പതിനാലാം ദിവസം തിരുസഭയെ സ്‌നേഹിക്കുന്നു.

അനേക വിശുദ്ധരും വേദപാരംഗതരും തിരുസഭയിലുണ്ടെങ്കിലും വിശുദ്ധ യൗസേപ്പിനെയാണ് ആഗോള സഭയുടെ മധ്യസ്ഥനായി ഒന്‍പതാം പീയൂസ് മാര്‍പാപ്പ (1870ല്‍) ഉയര്‍ത്തിയത്. തിരുക്കുടുംബത്തെയെന്നതുപോലെ തിരുസഭയെയും അവന്‍ കാത്തുപരിപാലിക്കും. സഭ പരിരക്ഷിക്കപ്പെടുന്നത് ആയുധ ബലത്താലോ സൈന്യബലത്താലോ അല്ല. പരിശുദ്ധമായ ജീവിതം നയിക്കുന്ന ദൈവമക്കളുടെ സാക്ഷ്യത്തിലാണ്. സഭയിലെ ഏറ്റവും വലിയവര്‍ എന്നു പറയുന്നത് അധികാരം കയ്യാളുന്നവരാകണമെന്നില്ല. മറിച്ച്, വിശുദ്ധരാണ്. അതില്‍ സ്ത്രീയും പുരുഷനുമുണ്ടാകാം. കുഞ്ഞോ വയോധികനോ ആകാം. വിശുദ്ധികൊണ്ട് മുടിചൂടി നില്‍ക്കുന്ന സഭയാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങുന്നത്.

ഓ വന്ദ്യനായ യൗസേപ്പിതാവേ, ഇന്ന് സഭാനൗക കാറ്റിലും കോളിലുംപെട്ട് വല്ലാതെ ഉലയുകയാണ് എന്നു നീ കാണണമേ. നിന്റെ അരുമസന്താനമായ ഈശോയ്ക്കു വേണ്ടി നിലകൊണ്ട രാജ്യങ്ങളും സംവിധാനങ്ങളും ഇന്ന് ആ നാമം പേറുന്നില്ലെന്നു മാത്രമല്ല, ദൈവികമൂല്യങ്ങളെ പൂര്‍ണമായി മാറ്റി നിറുത്തുന്നതിലാണ് താല്‍പര്യം കാണിക്കുന്നത്. ശക്തമായ ഒരു ധാര്‍മിക ശക്തിയായി നിലകൊള്ളാന്‍ സഭയ്ക്കും കഴിയാതെപോകുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശ്വസ്തതയില്ലാത്ത കൃത്യനിര്‍വഹണം, സ്വന്തം താല്‍പര്യങ്ങളെ മുന്‍നിറുത്തി നടത്തുന്ന തീരുമാനങ്ങള്‍, സ്വകാര്യ ജീവിതത്തി ന്റെ പരിശുദ്ധി നഷ്ടമാക്കി സഭയെ ദുര്‍ബലമാക്കുന്ന ചെയ്തികള്‍. എല്ലാത്തിനുമായി മാപ്പിരക്കാന്‍ പുണ്യതാതനായ യൗസേപ്പിലേക്കു നോക്കാം, നമുക്ക്. ലോകത്തിന്റെ ശക്തികള്‍ സഭയുടെ പുറത്തു നിന്നുകൊ ണ്ട് ആക്രമണം അഴിച്ചു വിടുന്നതു പോലെ, സഭയ്ക്കകത്തും ലോകാരൂപിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. പാപികളായ മനുഷ്യരാല്‍ നയിക്കപ്പെടുന്ന ദൈവിക സംവിധാനമാണ് സഭയെന്ന് ഒരിക്കല്‍ കൂടി ഞങ്ങളെ ഓര്‍മിപ്പിച്ചു തരണമേ. സഭ ഞങ്ങളുടെ അമ്മയാണെന്നും വിശുദ്ധിയിലാണ് സഭയുടെ മഹത്വമെന്നും ഞങ്ങളെ നീ പഠിപ്പിക്കണമേ. നരകശക്തി തിരുക്കുടുംബത്തിനെതിരേ പദ്ധതികള്‍ ഒരുക്കിയപ്പോള്‍, ദൈവികനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിച്ചതുപോലെ തിരുസഭയെയും യൗസേപ്പ് സംരക്ഷിക്കും.

സഭയില്‍ ഇന്ന് അതിശൈത്യമുള്ളതിനാല്‍ വസന്തം വൈകില്ല എന്നുറപ്പിക്കാം, നമുക്ക്. സഭയുടെ പീഢാനുഭവവും കുരിശുമരണവും ഇന്നു നാം കാണുന്നതിനാല്‍, ഉത്ഥാനം അകലെയല്ല.

പ്രാര്‍ത്ഥന: തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പേ, സഭയെ പരിരക്ഷിക്കണമേ. അജപാലകരെ കാത്തു കൊള്ളണമേ. വിശ്വാസികളെ പൊതിഞ്ഞു പിടിക്കണമേ, ആമേന്‍.

(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

ദാവീദിന്റെ വിശിഷ്ടസന്താനമായ യൗസേപ്പ്
ദൈവവചനം: ''കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്'' (മത്താ. 1:20).

ധ്യാനം: കുലീനമായ കുടുംബത്തില്‍ പിറക്കാനാവുക വലിയ ഭാഗ്യമാണ്. മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളിലെല്ലാം ദാവീദിന്റെ വംശപരമ്പരയില്‍ നിന്നുള്ളവന്‍ എന്നു പ്രത്യേകം പറയുന്നുണ്ട്. യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവനാണ് വിജയംവരിക്കുന്നത് (വെളി. 5:5). ജോസഫ് മഹത്തായ ഈ പാരമ്പര്യത്തിന്റെ കണ്ണിയാണ്. പുതിയനിയമം രക്ഷാകരചരിത്രം വിവരിക്കുന്നത് ജോസഫിന്റെ കുടുംബകഥ പറഞ്ഞുകൊണ്ടാണല്ലോ. ജോസഫിന്റെ മകനെന്ന വിധത്തിലാണ് സകല അവകാശങ്ങളും ആനുകൂല്യങ്ങളും മനുഷ്യനായി അവതരിച്ച രക്ഷകനില്‍ എത്തുന്നത്. ദാവീദിന്റെ പുത്രാ എന്ന് ക്രിസ്തുവിനെ ലക്ഷ്യംവച്ച് ആര് വിളിച്ചാലും ജോസഫിന്റെ സ്മരണ കടന്നുവരാതിരിക്കാന്‍ ആവില്ല. ദാവിദിന്റെ പുത്രനെന്ന് സുവിശേഷം വിശേഷിപ്പിച്ചിട്ടുള്ളത് രണ്ടുപേരെ മാത്രമാണ്: യൗസേപ്പിനെയും ക്രിസ്തുവിനെയും.

ഓ, മഹത്വവാനായ യൗസേപ്പേ, ദൈവസുതന്റെ പേരും കുടുംബവും നിന്നിലൂടെ രൂപപ്പെട്ടു എന്നറിയുമ്പോള്‍ നിനക്കു സ്വര്‍ഗം നല്‍കിയ വലിയ അംഗീകാരത്തെ ഞങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പരമ്പരാഗതമായ എത്രയെത്ര പ്രാര്‍ത്ഥനകളാണ് നീ യേശുവിന്റെ അധരത്തില്‍ വച്ചുകൊടുത്തത്: ''ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക'' (മര്‍ക്കോ. 12:29-30). ഈ വാക്കുകള്‍ അതിലൊന്നു മാത്രം.

തിരുക്കുടുംബത്തിന്റെ ഭരണകര്‍ത്താവായ ജോസഫില്‍ പൂര്‍വ ജോസഫിന്റെ പൂര്‍ണത കാണാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പൂര്‍വ ജോസഫ് തിരുക്കുടുംബത്തിന്റെ നാഥനായ ജോസഫിന്റെ ആദ്യ രൂപമാണ് (ലിയോ പതിമൂന്നാമന്‍ പാപ്പാ). പേരില്‍ മാത്രമല്ല, ജീവിതയാത്രയിലും ഏറെ സാദൃശ്യങ്ങള്‍ ഉണ്ട്. രണ്ടുപേരുടെയും മാതാപിതാക്കള്‍ക്ക് യാക്കോബ്, റാഹേല്‍ എന്നീ പേരുകളാണുള്ളത്. പൂര്‍വപിതാവായ ജോസഫിനെ യാക്കോബ് പ്രത്യേകം സ്‌നേഹിച്ചിരുന്നു. രക്ഷകന്റെ പിതാവായ ജോസഫിനെ ദൈവം പ്രത്യേകം സ്‌നേഹിച്ചിരുന്നു. പൂര്‍വജോസഫിന്റെ സഹോദരന്മാര്‍ അവനെ അടിമയായി വിറ്റു. നമ്മുടെ ജോസഫിനെ അവന്റെ മാതാപിതാക്കന്മാരുടെ മരണശേഷം, പാരമ്പര്യമനുസരിച്ച്, സ്വന്തക്കാര്‍ തന്നെ കൊള്ളയടിച്ചു. ഒടുവില്‍, ജെറുസലെമിലെത്തി ആശാരിപ്പണി പരിശീലിച്ചു.

രണ്ടു ജോസഫുമാരോടും ദൈവം സ്വപ്‌നത്തില്‍ സംസാരിച്ചു. രണ്ടുപേരും നീതിമാന്മാരും പരിശുദ്ധരുമായിരുന്നു. രണ്ടുപേരും അവരുടെ കുടുംബങ്ങളെ രക്ഷപെടുത്താന്‍ ഈജിപ്തിലേക്കു കുടിയേറി. തന്റെ യജമാനന്റെ ഭാര്യയെ സ്പര്‍ശിക്കാതെ പൂര്‍വജോസഫ് വിശ്വസ്തത തെളിയിച്ചു. പരിശുദ്ധാത്മാവിന്റെ മണവാട്ടിയുടെ പരിശുദ്ധിക്ക് മങ്ങലേല്‍ക്കാതെ നമ്മുടെ ജോസഫ് വിശ്വസ്തനായിരുന്നു. ഒരാള്‍ ഈജിപ്തുകാരുടെ ക്ഷേമത്തിനായി കൊയ്‌തെടുത്ത ധാന്യമെല്ലാം അറപ്പുരയില്‍ ശേഖരിച്ചു. നമ്മുടെ ജോസഫ് വിശ്വാസികള്‍ക്ക് ശക്തിയും പോഷണവും നല്‍കാനായി അയയ്ക്കപ്പെട്ട ജീവവൃക്ഷത്തിന്റെ രക്ഷിതാവായിരുന്നു. പൂര്‍വ ജോസഫ് സ്വന്തം പിതാവിനും സഹോദരന്മാര്‍ക്കും ആശ്വാസകേന്ദ്രമായിരുന്നു. നമ്മുടെ ജോസഫ് എല്ലാ വിശ്വാസികള്‍ക്കും, എല്ലാക്കാലത്തും ആശ്വാസമാകുന്നു.

ഈജിപ്തിന്റെ യജമാനന്‍ ആയിരുന്നു പൂര്‍വ ജോസഫെങ്കില്‍, രക്ഷകന്റെ പിതാവായ ജോസഫ് വിശ്വാസികളുടെയെല്ലാം യജമാനന്‍ ആണ്.

പ്രാര്‍ത്ഥന: ദാവീദിന്റെ വിശിഷ്ടസന്താനമായ മാര്‍ യൗസേപ്പേ, എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതനിയോഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

പൂര്‍വ്വപിതാക്കന്മാരുടെ വെളിച്ചമായ യൗസേപ്പ്
ദൈവവചനം: ''ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്'' (എഫേ. 5:8-9).

ധ്യാനം: നിത്യപ്രകാശമല്ലേ ദൈവം. സൃഷ്ടികളില്‍ മഹോന്നതമാണ് സൂര്യനും ചന്ദ്രനും താരകഗണങ്ങളുമെല്ലാം. സൂര്യനില്‍ നിന്നാണല്ലോ ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം സ്വീകരിക്കുന്നത്. നിഴല്‍ ഇല്ലാത്തത് സൂര്യനു മാത്രമല്ലേ. അതിനു പകരംവയ്ക്കാന്‍ മറ്റൊന്നില്ല. സൂര്യവെളിച്ചത്തില്‍ മാറിനില്‍ക്കാത്ത അന്ധകാരമുണ്ടോ? കാര്‍മേഘങ്ങളുടെ അന്ധകാരങ്ങള്‍ക്കു സൂര്യവെളിച്ചത്തെ എത്രകാലം മറച്ചു പിടിക്കാനാകും?

വെളിച്ചത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു, ലൂസിഫര്‍. പ്രകാശം പരത്തുന്നവന്‍. പക്ഷേ, സൂക്ഷിപ്പുകാരനെന്ന സത്യം മറന്ന് തന്നെത്തന്നെ നിത്യവെളിച്ചമായ ദൈവത്തേക്കാള്‍ വലിയവനായി ഉയര്‍ത്തി. ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ കാണുക: ''ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തു നിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നെത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും... ഉന്നതമായ മേഘങ്ങള്‍ക്കുമീതേ ഞാന്‍ കയറും. ഞാന്‍ അത്യൂന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരി ക്കുന്നു'' (14: 12-15).

അഹങ്കാരവും അനുസരണക്കേടും ലൂസിഫറിനെ അന്ധകാരത്തിന്റെ കുഴിയില്‍ നിപതിക്കാന്‍ കാരണമാക്കി. പ്രകാശത്തിന്റെ വാഹകന്‍ അന്ധകാരത്തിന്റെ ബിംബമായി മാറി. അന്നു മുതല്‍, പ്രകാശത്തില്‍ സഞ്ചരിക്കുന്നവരും അതു വഹിക്കുന്നവരും ഇവന് എതിരാളിയായി.

അബ്രാഹത്തില്‍ ആരംഭിക്കുന്ന പിതാക്കന്മാരുടെ ആ നീണ്ട ശ്രേണി യൗസേപ്പില്‍ വന്നെത്തുന്നു. അബ്രാഹത്തിന്റെ വിശ്വാസത്തിലും ഇസഹാക്കിന്റെ അനുസരണത്തിലും സോളമന്റെ വിജ്ഞാനത്തിലും ദൈവികപ്രകാശം കാര്യമായി നിഴലിച്ചിരുന്നു. എന്നാല്‍, ഇതിന്റെ പൂര്‍ണത യൗസേപ്പിലാണെന്നറിയുക. നിത്യവെളിച്ചമായ മിശിഹാ ആ കൈകളില്‍ ആണല്ലോ വളര്‍ന്നത്. ആ കൈകളില്‍ പ്രകാശം എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ് ദൈവവചനം: ''ദൈവകരങ്ങളില്‍ നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?'' (ജോബ് 2:10). വിശ്രമം കണ്ടെത്തി. ഓ, നിത്യപ്രകാശത്തെ ചേര്‍ത്തുപിടിച്ച പിതാ മഹനേ, നീയെത്ര ഭാഗ്യവാന്‍. നിന്നിലെ വെളിച്ചം ഒരായിരം സൂര്യനേക്കാള്‍ പ്രഭയുള്ളതാണല്ലോ.

തീയ്‌ക്കൊപ്പം ചേര്‍ന്ന് തീക്കട്ടയായതാണ് യൗസേപ്പ്. വെളിച്ച ത്തെ ചേര്‍ത്തുവെച്ച് വെളിച്ചമായി മാറിയവന്‍. പിതാക്കന്മാര്‍ അനു ധ്യാനിച്ചതും ദീര്‍ഘദര്‍ശികള്‍ പ്രഖ്യാപിച്ചതുമായ നിത്യവെളിച്ചത്തെ യൗസേപ്പ് തന്റെ അഗാധമായ എളിമയും അനുസരണവും വഴി സ്വീകരിച്ചു. വെളിച്ചത്തിനു മാത്രമേ വെളിച്ചത്തെ സൂക്ഷിക്കാനാകൂ. പകരാനാകൂ. അന്ധകാരത്തിന് ഒരിക്കലും വെളിച്ചത്തെ സൂക്ഷിക്കാന്‍ കഴിയില്ലല്ലോ. ഈശോയെ വളര്‍ത്താന്‍ വെളിച്ചമായ യൗസേപ്പ് തന്നെ വേണം.

യൗസേപ്പിലെ വെളിച്ചത്തെ തകര്‍ക്കാന്‍ അന്ധകാരത്തിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. നിത്യവെളിച്ചമായ മിശിഹായ്ക്കായി കാത്തുനിന്ന പൂര്‍വപിതാക്കന്മാരേക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് മിശിഹായെ കൈകളിലേന്തുകയും വളര്‍ത്തുകയും ചെയ്ത നമ്മുടെ വത്സലതാതന്‍. ഈ താതന്റെ വെളിച്ചത്തില്‍ നമുക്കു രക്ഷകനെ കണ്ടെത്താം.

ക്രിസ്തു പഠിപ്പിച്ചു: നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ് (മത്താ. 5:14). അതെ, യൗസേപ്പ് പ്രകാശമാണ്. അന്ധകാരംകൊണ്ട് നട്ടംതിരിയുന്ന ഞങ്ങളുടെ കാലത്തെ പ്രകാശമാനമാക്കാന്‍ ഈ പിതാവിനെ നമുക്കു വിളിക്കാം. ഇരുട്ട് വിജയം ആഘോഷിക്കാന്‍ നീയൊരിക്കലും അനുവദിക്കരുതേ. ഇരുള്‍മൂടിയ ദിനങ്ങളും പ്രതീക്ഷയറ്റ നാളുകളും ഞങ്ങളിലെ പ്രകാശനാളങ്ങളെ വിഴുങ്ങാന്‍ ഒരുങ്ങുമ്പോള്‍, ഞങ്ങള്‍ക്ക് നീ അഭയമായി വരണമേ.

പ്രാര്‍ത്ഥന: പൂര്‍ വ്വ പി താ ക്ക ന്മാ രു ടെ വെ ളി ച്ച മാ യ വി ശു ദ്ധ യൗസേപ്പേ, ദൈവം ഞങ്ങളില്‍ കത്തിച്ച തിരിനാളത്തെ പരിപാലി ക്കാനും പ്രോജ്ജ്വലിപ്പിക്കാനും ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ്

ദൈവവചനം: ''ദൈവകരങ്ങളില്‍ നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?'' (ജോബ് 2:10).

ധ്യാനം: മരുഭൂമിയില്‍ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയില്‍നിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികള്‍ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കള്‍ നിറച്ച ദൈവംതന്നെയാണ് കല്ലുകള്‍ പതിയാന്‍ അനുവദിച്ചതും. രണ്ടിലൂടെയും സമചിത്തത വെടിയാതെ നടന്നുനീങ്ങുമ്പോള്‍ നാം ദൈവ മക്കളാകും. പരിശുദ്ധയായ മറിയത്തെ യൗസേപ്പിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ച ദൈവംതന്നെയാണ്, അവളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് വ്യാകുലം അനുഭവിക്കാനും അവനെ അനുവദിച്ചത്. ഒടുക്കം യൗസേപ്പാകട്ടെ, ദൈവദൂതന്റെ വാക്കുകളെ പൂര്‍ണമായി വിശ്വസിച്ചു.

നമുക്ക് എളുപ്പം മനസിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാറില്ലേ? പ്രിയപ്പെട്ടവരുടെ ആകസ്മികമായ വേര്‍പാട്, കാരണമറിയാത്ത രോഗപീഡകള്‍, ദുരിതങ്ങള്‍, തെറ്റിദ്ധാരണകള്‍, വീഴ്ചകള്‍ എന്നിങ്ങനെ പലതും. ഇന്നലെകളില്‍ നമ്മുടെ ജീവിതത്തില്‍ വന്നുഭവിച്ച സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങളെ ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെയിലേക്ക് ചുവടുവച്ചു മുന്നേറാന്‍ നമുക്കാവില്ല. നമ്മുടെ ജീവിതത്തിന്റെ വിരുന്നുമേശയില്‍ ദൈവം വിളമ്പിതരുന്ന വിഭവങ്ങളെ പരാതിയും പരിഭവവും ഇല്ലാതെ സ്വീകരിക്കുമ്പോഴാണ് ആത്മീയയാത്ര മനോഹരമാകുന്നത്. നമുക്കു യൗസേപ്പില്‍നിന്നും പഠിക്കാം.

മറിയത്തെ ഭാര്യയായി നല്‍കിയ ദൈവം യൗസേപ്പിന് എല്ലാക്കാര്യങ്ങളിലും കൃത്യമായ വ്യക്തത നല്‍കിയിരുന്നില്ല എന്നറിയുക. മറിയത്തില്‍ അവതരിച്ച വചനം യൗസേപ്പില്‍ ഒരേ സമയം സന്തോഷവും വേദനയും സൃഷ്ടിച്ചു. പൂര്‍വപിതാക്കന്മാരും മാതാക്കളും കാത്തിരുന്ന മിശിഹാ അവതരിക്കുന്ന സന്തോഷം ഒരു വശത്ത്, മറിയത്തെയും മിശിഹാരഹസ്യത്തെയും സ്വീകരിക്കാന്‍ താന്‍ യോഗ്യനല്ലല്ലോ എന്ന വേദന മറുവശത്ത്. അവളെ തന്നില്‍നിന്നും അകറ്റിനിറുത്തണം എന്ന തീരുമാനം ക്ലേശകരമായിരുന്നു. എന്നാല്‍, ദൈവദൂതന്റെ വാക്കുകളെ അതേപടി അനുസരിക്കുകയും ചെയ്തു. യൗസേപ്പ് ഇങ്ങനെ പറഞ്ഞിരിക്കും: 'ഓ ദൈവമേ, എനിക്കൊന്നും മനസിലാകുന്നില്ല. എങ്കിലും നിന്നെ ഞാന്‍ അനുസരിക്കുന്നു.' ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഒരുവിധേനയും മനസിലാക്കാനോ വ്യാഖ്യാനിക്കാനോ കഴിയാതെവരുമ്പോള്‍ വന്ദ്യനായ യൗസേപ്പേ, എല്ലാം സ്വീകരിക്കാന്‍ തയ്യാറായ നി ന്റെ ആ മനസ് ഞങ്ങള്‍ക്കും തരണമേ.

അതുപോലെതന്നെ, ദൈവം ഒരാളെ മഹത്വപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം കുറെക്കാലത്തേക്ക് ഉപേക്ഷിച്ചെന്നുവരും. ഉപേക്ഷയുടെ വേദനയിലൂടെ കടന്നുപോകുന്ന ഒരാത്മാവിന് ധീരതയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ബെത്‌ലെഹമിലേക്ക് മറിയവുമായി യാത്ര തിരിക്കുമ്പോള്‍ സഹയാത്രികര്‍ യൗസേപ്പിനെ പരിഹസിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. ''പ്രസവസമയമടുത്ത ഭാര്യയുമായി ഇത്രയും ദീര്‍ഘയാത്രചെയ്യുന്ന ഇവന്‍ എത്ര ക്രൂരനാണ്? ഭാര്യയോട് അനുകമ്പയോ സ്‌നേഹമോ ഇല്ലാത്തവന്‍!'' ഇങ്ങനെ പറയുന്നവരോട് എന്തു മറുപടി പറയാനാണ്. ഇതുപോലെതന്നെ, ദേവാലയത്തില്‍ ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഏറ്റവും വ്യഥ അനുഭവിച്ചവന്‍ യൗസേപ്പുതന്നെ. ദൈവം മൗനം പാലിക്കുമ്പോള്‍ പിന്നെ എന്തു ചെയ്യാനാണ്? സകലതും തെറ്റിപ്പോയെന്നും കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടുപോകുന്നില്ല എന്നു തോന്നുമ്പോഴും, നാം ഭയപ്പെടേണ്ടതില്ല. കല്ല് വിരിച്ച നിലത്തുനിന്നുപോലും പനിനീര്‍പൂക്കള്‍ വിരിയിക്കാന്‍ ദൈവത്തിനാകും.

മാറ്റാന്‍ കഴിയാത്ത ജീവിത സാഹചര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. പരിഹാരമാര്‍ഗങ്ങള്‍ സമീപഭാവിയില്‍ ഒന്നും തെളിഞ്ഞുവരാന്‍ ഇടയില്ലെന്നു കാണുമ്പോഴും ദൈവത്തെ ചേര്‍ത്തുപിടിച്ച് മുന്നോട്ടു നീങ്ങുക. യൗസേപ്പിനെ വിളിച്ച ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു. സകലതും നന്മയ്ക്കായി പരിണമിപ്പിക്കാന്‍ കഴിവുള്ള ദൈവത്തില്‍ നമുക്കും ആശ്രയിക്കാം.

പ്രാര്‍ത്ഥന: ജീവിതം വച്ചു നീട്ടുന്നനല്ലതും വിപരീതവുമായ അനുഭവങ്ങള്‍ക്കിടയില്‍, തെറ്റുപറ്റാത്തൊരു ദൈവത്തിന്റെ തണലിലാണ് മുന്നേറുന്നത് എന്ന ബോധ്യം ഞങ്ങളില്‍ ജനിപ്പിക്കാന്‍, ഓ മാര്‍ യൗസേപ്പേ നീ ഞങ്ങളെ സഹായിക്കണമേ, ആമേന്‍

ദരിദ്രനായ വിശുദ്ധ യൗസേപ്പ്

ദൈവവചനം: ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്താ. 5:3).

ധ്യാനം: തിരുക്കുടുംബം ദാരിദ്ര്യത്തിലായിരുന്നു. കൂലിപ്പണിക്കാരനായ യൗസേപ്പും വീട്ടമ്മയായ മറിയവും അവരുടെ കുഞ്ഞ് ഈശോയും ചേര്‍ന്നതാണല്ലോ ആ കുടുംബം. മോശയുടെ നിയമമനുസരിച്ച് കുഞ്ഞിനെ ദേവാലയത്തില്‍ സമര്‍പ്പിച്ച്, അമ്മ ശുദ്ധീകരണ കര്‍മം പൂര്‍ത്തിയാക്കണം. മറിയത്തിനായി നിയമത്തില്‍ അനുശാസിക്കുന്ന കാഴ്ചകള്‍ അര്‍പ്പിക്കേണ്ടതുണ്ട്. ''ശുദ്ധീകരണത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനു വേണ്ടി ഒരു വയസുള്ള ഒരു ആട്ടിന്‍ കുട്ടിയെ ദഹന ബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍ കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമ കൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരണം... ആട്ടിന്‍ കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു വഴിയില്ലെങ്കില്‍, രണ്ടു ചെങ്ങാലിയെയോ, രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ'' (ലേവ്യ. 12: 6-8). ആടിനെ വാങ്ങാന്‍ സാമ്പത്തികശേഷിയില്ലാത്തതുകൊണ്ട് ജോസഫ് രണ്ടാമത്തെ സാധ്യത തിരഞ്ഞെടുത്തു.

ഓ, ദിവ്യസുതനായ ഈശോയേ, നീ ഇതെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നല്ലോ. നിന്റെ പരസ്യജീവിതത്തിനിടയില്‍ ഒരു പാവപ്പെട്ട വിധവ ആരും കാണരുതേ എന്നു കരുതി ദേവാലയ ഭണ്ഡാരത്തില്‍ രണ്ടു നാണയങ്ങള്‍ നിക്ഷേപിച്ചപ്പോള്‍ നീയവളെ വാനോളം പുകഴ്ത്തിയത് ഓര്‍ക്കുന്നു. യൗസേപ്പ് മറിയത്തിനായി ദേവാലയത്തില്‍ നിക്ഷേപിച്ചത് അവന്റെ മുഴുവന്‍ സമ്പാദ്യമാണ്. ആ പാവപ്പെട്ട വിധവ നല്‍കിയതും അവളുടെ മുഴുവന്‍ സമ്പാദ്യംതന്നെ. തനിക്കുവേണ്ടി ഒന്നും മാറ്റിവയ്ക്കാതെ ദൈവത്തിനായി സകലതും നല്‍കുന്നവരെ ദൈവം വാഴ്ത്തുന്നു. ദൈവാശ്രയം മാത്രമാണ് ദരിദ്രന്റെ സമ്പാദ്യം. യൗസേപ്പ് ഈ ദാരിദ്ര്യത്തില്‍ സമ്പന്നനായിരുന്നു.

കുഞ്ഞിനര്‍പ്പിച്ച പൊന്നും മീറയും കുന്തിരിക്കവും വിറ്റുകൊടുത്താണോ, ഈജിപ്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ ഭക്ഷണം കണ്ടെത്തിയത്? ജ്ഞാനികളിലൂടെ ദൈവം പ്രത്യേകം കരുതിയതിന് നന്ദി പറയുന്നുണ്ടാകും, തിരുക്കുടുംബം. സിംഹക്കുഴിയില്‍ കിടന്ന ദാനിയേലിന് ഭക്ഷണമെത്തിച്ചു കൊടുത്ത ദൈവം, കെറീത്ത് അരുവിക്കുസമീപം ഒളിച്ചുതാമസിച്ച ഏലിയായെ കാക്കയെ അയച്ച് പോറ്റിയ ദൈവം, മരുഭൂമിയില്‍ മന്നായും കാടപ്പക്ഷിയും കൊടുത്ത് ഇസ്രായേലിനെ വഴിനടത്തിയ ദൈവം തന്നെ ആശ്രയിക്കുന്നവരെ കൈവിടുമോ? ഒരിക്കലുമില്ല.

സര്‍വസമ്പത്തിന്റെ ഉടയവനായ ദൈവം തന്റെ പ്രാണപ്രിയനായ ഈശോയെ ദരിദ്രമായ അവസ്ഥയിലേക്ക് അയച്ചത് എന്തുകൊണ്ടാണ്? യൗസേപ്പ് മറിയത്തോടു പറഞ്ഞു: 'നമ്മുടെ ദൈവം ദാരിദ്ര്യത്തെ പുല്‍കുന്നത് കാണുക. ദരിദ്രരെ ചേര്‍ത്തുപിടിക്കാന്‍ അവിടുന്ന് ദരിദ്രനായി. ദൈവസുതന്‍ ആരെ അധികമായി സ്‌നേഹിച്ചോ അവരെപ്പോലെ ആയിത്തീര്‍ന്നു. സത്യത്തില്‍, നമ്മള്‍ ദരിദ്രരല്ലായിരുന്നെങ്കില്‍ ദൈവസുതന്‍ നമ്മുടെ വീട്ടില്‍ പിറക്കുമായിരുന്നോ? നാം ഇത്രയും സന്തോഷം അനുഭവിക്കുമായിരുന്നോ?' മറിയം പറഞ്ഞു: ''ഒരിക്കലുമില്ല. നമ്മുടെ നിസാരത എളുപ്പം നമുക്കിന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ദൈവത്തിന്റെ കരുണയിലല്ലാതെ ഒരു നിമിഷംപോലും മുന്നോട്ടുപോകാന്‍ നമുക്കാകില്ലല്ലോ.''

തിരുക്കുടുംബം ഉപജീവനത്തിനായി അധ്വാനിക്കുമ്പോഴും ദൈവാശ്രയത്വത്തിന്റെ ദാരിദ്ര്യാരൂപി എന്നും അവരെ പിന്‍തുടര്‍ന്നു. ദൈവം മാത്രം ഓഹരിയായിട്ടുള്ളവരാണല്ലോ ആത്മാവില്‍ ദരിദ്രര്‍. എല്ലാമാകാന്‍ ഒന്നുമല്ലാതാകണം. എല്ലാം ലഭിക്കാന്‍ സകലതും ഒഴിവാക്കണം. ഓ ദൈവമേ, എന്നെ ഒന്നുമല്ലാത്തവനും ഒന്നുമില്ലാത്തവനുമാക്കണമേ!

ദാരിദ്ര്യം ബലഹീനതയാണ്. എന്നാല്‍, ആ ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി ഇറങ്ങിവരുന്നത് (2 കൊറി. 12:9). ശക്തിയെക്കുറിച്ചല്ല, ബലഹീനതയെക്കുറിച്ച് ആനന്ദിക്കാന്‍ ഇടവരുന്നതും അവിടെയാണ്. നാം ശക്തരാകുമ്പോള്‍ ദൈവത്തിന്റെ സഹായം ആവശ്യമില്ല എന്നു തോന്നിപ്പോകും. എന്നാല്‍, നിസാരതയെ ചേര്‍ത്തുപിടിക്കാന്‍ കഴിയുമ്പോള്‍, ആത്മാവില്‍ ശാന്തിയരുളുന്ന മധുരമായും കരങ്ങളില്‍ കരുത്തുപകരുന്ന ശക്തിയായും ദൈവം നമ്മെ തേടിയെത്തും.

പ്രാര്‍ത്ഥന: ദൈവം മാത്രം സമ്പാദ്യമായിക്കരുതി തിരുക്കുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പേ, ആത്മാവില്‍ എന്നും ദരിദ്രരായിരിക്കാന്‍ ഞങ്ങളെയും സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

നിതാന്ത ജാഗ്രതയുള്ള യൗസേപ്പ്

ദൈവവചനം: ''അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു'' (മത്താ. 2:14-15).

ധ്യാനം: ആദ്യപാപം മനുഷ്യനില്‍ ഏല്‍പ്പിച്ച വലിയ ഒരാഘാതമാണ് മനുഷ്യനിലെ പാപത്തിലുള്ള മയക്കം. ഈ പാപ മയക്കത്തില്‍ നിന്നും മാനവരാശിയെ എഴുന്നേല്‍പ്പിക്കാനാണ് ദൈവസുതന്റെ ആഗമനം (എഫേ. 5:14). ഈശോ നമുക്കായി നേടിത്തന്ന വലിയൊരു കൃപയാണ് ദൈവസാന്നിധ്യ സ്മരണയില്‍ ജീവിക്കാനുള്ള കൃപ. തിന്മയുടെ മയക്കത്തില്‍ നിന്നും നന്മയുടെ ഉണര്‍വിലേക്ക് ഈശോ നമ്മെ വിളിച്ചു.

ദൈവത്തില്‍ ജീവിക്കുമ്പോള്‍ ജാഗ്രതയോടെ കഴിയാന്‍ നമുക്കാകും. വിവേകവും ജ്ഞാനവുമുള്ള യാക്കോബിന്റെ മകന്‍ യൗസേപ്പിനെ ഫറവോ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചത് അതുകൊണ്ടാണ്. ഏറെ ജാഗ്രതയുള്ള കണ്ണുകള്‍ ദൈവം അവനു നല്‍കി. ദേശത്ത് വരാനിരിക്കുന്ന ക്ഷാമവും കെടുതികളും അവന്‍ മുന്‍കൂട്ടി കണ്ടു. ക്ഷാമകാലത്തെ അതിജീവിക്കാന്‍ വലിയൊരു ഭക്ഷണശേഖരംതന്നെ അവന്‍ ഒരുക്കി.

പുതിയ നിയമത്തിലെ യൗസേപ്പാകട്ടെ, മാനവരാശിയുടെ മുഴുവന്‍ വിശപ്പകറ്റാനുള്ള നിത്യജീവന്റെ അപ്പത്തെ കാത്തുപരിപാലിക്കുകയായിരുന്നു. ദൈവനിര്‍ദേശങ്ങളെ യഥാവിധം പിഞ്ചെന്ന് കുഞ്ഞിനെയും മറിയത്തെയും സംരക്ഷിച്ചു. നിതാന്തജാഗ്രതയുള്ള യൗസേപ്പിന്റെ കരങ്ങളില്‍ രക്ഷകനും മറിയവും സുരക്ഷിതമായിരിക്കും എന്നു ദൈവം കണ്ടു. ഈയര്‍ത്ഥത്തില്‍ വിശുദ്ധ യൗസേപ്പിന് സഭയുടെ സംരക്ഷകനാകാതിരിക്കാന്‍ കഴിയില്ല. കാരണം, ചരിത്രത്തില്‍ ക്രിസ്തുവിന്റെ തുടര്‍ച്ചയാണല്ലോ സഭ. ദുഷ്ടനെതിരെ ജാഗ്രത സൂക്ഷിക്കുന്ന കരങ്ങളിലല്ലേ വിശുദ്ധമായവ ഭരമേല്‍പ്പിക്കപ്പെടുകയുള്ളൂ. മുത്തുകള്‍ പന്നിക്കു കൊടുക്കരുത് എന്ന ഉപദേശം ഓര്‍ക്കുക.

ആത്മീയ യാത്രയില്‍ ഓരോ വിശ്വാസിയും എത്രയോ ജാഗ്രത സൂക്ഷിക്കേണ്ടതുണ്ട്. തിന്മയില്‍ നിന്ന് ഒഴിഞ്ഞുമാറാനും നന്മ പ്രവര്‍ത്തിക്കാനും നമുക്കു ജാഗ്രത വേണം (സുഭാ. 4:16, തീത്തോ. 3:8). ദൈവം കായേനോട് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക: ''നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താല്‍പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം'' (ഉല്‍. 4:7).

ജാഗ്രതയും വിവേകവും ഇല്ലാത്ത ചെയ്തികളാല്‍ എത്രയെത്ര സുകൃതങ്ങള്‍ ആണ് നമുക്കു നഷ്ടമായിട്ടുള്ളത്? ദൈവദൂതര്‍ വഴിതെളിച്ചപ്പോള്‍ യൗസേപ്പിന് കൃത്യമായി അവയെ പിന്‍തുടരാന്‍ കഴിഞ്ഞു. ഹേറോദേസിന്റെ വാളില്‍നിന്നും കുടുംബത്തെ സംരക്ഷിക്കാനുമായി. ഉറക്കത്തിലും ഉണര്‍വിലും ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ ജാഗ്രത സൂക്ഷിച്ചതിനാല്‍ യൗസേപ്പിന്റെ ജീവിതം അനന്യമായി. തിരുക്കുടുംബം ഈജിപ്തില്‍ ജീവിച്ച കാലത്ത് അനുഭവിച്ചിട്ടുള്ള വേദനകളും വെല്ലുവിളികളും പറയേണ്ടതില്ലല്ലോ. ഹേറോദേസില്‍ നിന്നും രക്ഷപെടാന്‍ ഈജിപ്തിലെത്തി. എന്നാല്‍, ഈജിപ്തിലെ പരീക്ഷണങ്ങള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നിരിക്കും. യൗസേപ്പിന്റെ തകര്‍ക്കാനാകാത്ത ദീര്‍ഘക്ഷമയും സഹനശക്തിയും കാര്യങ്ങളെ യഥാവിധം നേരിടാനുള്ള കഴിവും പിശാചിന്റെ ചെയ്തികളെ പരാജയപ്പെടുത്തി.

വന്ദ്യനായ യൗസേപ്പേ, ഞങ്ങള്‍ക്കും ദൈവദൂതര്‍ ഉണ്ടെന്നറിയാം. എന്നാല്‍, അവരെ ശ്രവിക്കാനോ അനുസരിക്കാനോ ഞങ്ങള്‍ക്കാകുന്നില്ല. ദൈവശബ്ദം കേള്‍ക്കാനാകാത്തവിധം ഞങ്ങളുടെ കാതുകള്‍ വല്ലാതെ മന്ദീഭവിച്ചു. ഹൃദയത്തില്‍ പരിശുദ്ധി സൂക്ഷിക്കാന്‍ മറക്കുമ്പോള്‍ ജീവന്റെ ഉറവകള്‍ വറ്റിപ്പോകുന്നു. പാപത്തില്‍ മയങ്ങിപ്പോകുന്നു. ഞങ്ങളെ ജാഗരൂകരായിരിക്കാന്‍ സഹായിക്കണമേ.

മറ്റുള്ളവരുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും ജാഗ്രത ആവശ്യമുണ്ടല്ലോ. ദൈവസാന്നിധ്യത്തിന്റെ സ്മരണയില്‍ ജീവിക്കുന്ന ഒരാത്മാവിനെ ദൈവംതന്നെ നയിക്കും. പാപത്തിന്‍ കുഴിയില്‍ നിപതിക്കാതെയും, നിപതിക്കുന്ന ആത്മാക്കളെ അതില്‍നിന്നും കരേറ്റാനും ദൈവദൂതരുടെ സഹായം നല്‍കുന്ന ദൈവത്തെ നമുക്കു വാഴ്ത്താം.

പ്രാര്‍ത്ഥന: നിതാന്ത ജാഗ്രത സൂക്ഷിച്ച വന്ദ്യനായ യൗസേപ്പേ, കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ നീ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

ജീവന്റെ കാവലാളായ യൗസേപ്പ്
ദൈവവചനം: ''മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്'' (യോഹ. 10:10).

ധ്യാനം: ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ജീവന്റെ ശുശ്രൂഷകരാണ് നാം. അമൂല്യമായ ഈ ദാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടവര്‍. ദൈവത്തിന് മാനവരാശിയുടെ മേലുള്ള പ്രതീക്ഷ ഇനിയും നഷ്ടമായിട്ടില്ല എന്നതിന്റെ അടയാളമാണല്ലോ പിറന്നു വീഴുന്ന ഓരോ ശിശുവും. എന്നാല്‍, തിന്മയുടെ വേലിയേറ്റത്തില്‍ ഒരു മരണസംസ്‌കാരം നമുക്കുചുറ്റും ഇന്നു വ്യാപിക്കുന്നു. ജീവനെ ആദരിക്കാത്ത സംസ്‌കാരങ്ങള്‍ നശിക്കാന്‍ കാലതാമസം വേണ്ടിവരില്ല എന്നോര്‍ക്കാം.

ഒരു കുഞ്ഞിന്റെ ഏറ്റവും സുരക്ഷിതമായ ഇടം സ്ത്രീയുടെ ഗര്‍ഭപാത്രമാണല്ലോ. അമ്മ സ്വീകരിക്കുന്ന പ്രാണന്‍ ശ്വസിച്ചും, കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ചും വളരുന്ന സമയം. എന്നാല്‍, ഗര്‍ഭസ്ഥശിശുക്കള്‍ ഭീഷണിയായി തോന്നുന്ന ഒരമ്മയും, കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ ആളില്ലാതെ വരുന്ന ഒരു സമൂഹവും നമ്മെയെല്ലാം ഭയപ്പെടുത്തുന്നില്ലേ. അതെ, ജീവനെതിരെയുള്ള ഏതൊരു നടപടിയും, പ്രത്യേകിച്ചും പ്രതികരിക്കാന്‍ ഒരു ശേഷിയുമില്ലാത്ത ഗര്‍ഭസ്ഥശിശുക്കള്‍ക്കെതിരെയുള്ള കയ്യേറ്റവും മനുഷ്യകുലത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് എത്രയോ ആഴമുള്ളതാണ്.

പിറന്നുവീണ ഒരു കുഞ്ഞിനെയും അവന്റെ അമ്മയെയും രക്ഷിക്കാനുള്ള തത്രപ്പാടിന്റെ കഥയാണ് യൗസേപ്പിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം. മറിയത്തിന്റെ ഉദരത്തില്‍ ജന്മമെടുത്ത ദിവ്യശിശുവിനെ പരിചരിക്കാനായിരുന്നു ജീവിതം മുഴുവന്‍ അര്‍പ്പിച്ചത്. സന്തോഷത്തിന്റെ വാര്‍ത്തയാണ് ഓരോ കുഞ്ഞിന്റെയും ജനനം. ഈശോയുടേതാകട്ടെ മാനവരാശിക്കു മുഴുവന്‍ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയാണ്. എന്നിട്ടും, കുഞ്ഞിനെതിരെ കലിയിളകി ഇറങ്ങി ഹേറോദേസും അവന്റെ പട്ടാളവും. അന്ന് പല കുരുന്നുജീവനുകളും കൊല്ലപ്പെട്ടു. പലരുടെയും തലമുറകള്‍ അതോടെ അവസാനിച്ചു.

ദൈവദൂതന്റെ നിര്‍ദേശമനുസരിച്ച് തിരുക്കുടുംബം ഈജിപ്തിലേക്ക് ഓടിരക്ഷപെട്ടു. ദിവസങ്ങള്‍ നീണ്ട യാത്രയും പട്ടിണിയും അലച്ചിലും ആകുലതയും എല്ലാം ജീവന്‍ സംരക്ഷിക്കാനായിരുന്നു. ജീവന് നാം കല്‍പിക്കുന്ന വിലയനുസരിച്ചുമാത്രമേ ജീവനുവേണ്ടി നിലകൊള്ളാന്‍ നമുക്ക് കഴിയൂ. ഏതാനും നിഷ്‌ക്കളങ്കശിശുക്കളുടെ ദീനരോദനമാണ് അന്ന് ബെത്‌ലെഹമിലും സമീപപ്രദേശങ്ങളിലും ഉയര്‍ന്നത് എങ്കില്‍, ഇന്ന് ആയിരക്കണക്കിന് ഉദരശിശുക്കളുടെ നിശബ്ദരോദനമാണ് ഓരോദിവസവും ഭൂമിയില്‍നിന്നും ഉയരുന്നത്. ജീവനുനേരെയുള്ള ഈ കടന്നുകയറ്റം ഞങ്ങളെ എത്രകണ്ട് ദുര്‍ബലമാക്കുമെന്ന് ആരു ഞങ്ങളെ പഠിപ്പിക്കും?

വന്ദ്യനായ യൗസേപ്പിതാവേ, നീ ജന്മം നല്‍കിയ ഒരു ശിശുവിനുവേണ്ടിയായിരുന്നില്ലല്ലോ ഇത്രയധികം ക്ലേശങ്ങള്‍ നീ സഹിച്ചത്. ദൈവസുതനെ ദൈവംതന്നെ കാത്തുകൊള്ളട്ടെ എന്നു നിനക്കു പറയാമായിരുന്നു. ദൈവദൂതന്റെ സന്ദേശങ്ങളെ അവഗണിക്കാമായിരുന്നു. കുഞ്ഞിന്റെ പ്രാണന്‍ സൂക്ഷിക്കാന്‍ പരദേശിയെപ്പോലെ വലഞ്ഞപ്പോള്‍ പ്രതീക്ഷ കൈവിട്ടുകളയാമായിരുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ ദൈവത്തിനും നിത്യകന്യകയായ മറിയത്തിനും എതിരേ ചോദിക്കാമായിരുന്നു. എന്നാല്‍, ഓ മഹനീയ പിതാവേ, ഒരു പിതാവായിരിക്കേണ്ടത് എങ്ങനെയാണെന്ന് നീ ഞങ്ങള്‍ക്കു കാണിച്ചു തന്നു. സ്വന്തം ജീവന്‍ നല്‍കിയും മറ്റുള്ളവരുടെ സംരക്ഷകരായി എങ്ങനെ മാറണമെന്ന് നീ ഞങ്ങളെ പഠിപ്പിച്ചു.

ഗര്‍ഭസ്ഥശിശുക്കളെ ഉന്മൂലനം ചെയ്യാനുള്ള നിയമങ്ങള്‍ പാസാക്കുന്നതില്‍ മത്സരമാണ്, ഇന്ന് ലോകത്തില്‍. ആധുനികജീവിതത്തിന് കുഞ്ഞുങ്ങള്‍ തടസമെന്ന ധാരണ പ്രബലമാകുന്നു. വിവാഹേതര ബന്ധത്തില്‍ പിറക്കുന്ന കുഞ്ഞിനെ സംരക്ഷിക്കണമോ? സ്വാഗതം ചെയ്യാന്‍ ആളില്ലാത്ത കുഞ്ഞിനെ പ്രസവിക്കണമോ? വഞ്ചിക്കപ്പെട്ട ബന്ധത്തില്‍ രൂപമെടുത്ത കുരുന്നുജീവനെ കാക്കണമോ? സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായേക്കും എന്ന് ആശങ്കയുള്ള കുഞ്ഞിനെ സ്വീകരിക്കണമോ? ഇങ്ങനെയുള്ള നൂറു ചോദ്യങ്ങള്‍ക്കിടയില്‍ ജീവന്‍ എളുപ്പം നശിപ്പിക്കപ്പെടുന്നു. ദൈവം നല്‍കുന്ന ജീവന്റെ നാമ്പുകളെ, അവയുടെ ആദ്യ സമയം മുതല്‍ പരിരക്ഷിക്കാനുള്ള വിവേകം യൗസേപ്പില്‍നിന്നും നമുക്കു സ്വീകരിക്കാം.

പ്രാര്‍ത്ഥന: ജീവന്റെ കാവലാളായ വിശുദ്ധ യൗസേപ്പേ, ജീവനെ നശിപ്പിച്ചും അതിനായി കൂട്ടുനിന്നും മുറിവേറ്റ ഒരുപാട് ജീവിതങ്ങളുണ്ട്, ഞങ്ങള്‍ക്കിടയില്‍. ജീവസംരക്ഷണത്തിന്റെ ദൂതരാക്കി ഞങ്ങളെ മാറ്റണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക)

പ്രത്യാശയുടെ പിതാവായ യൗസേപ്പ്

ദൈവവചനം: ''നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നു പോരുന്ന വഴികളിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയില്‍വച്ചു നിങ്ങള്‍ കണ്ടതാണല്ലോ'' (നിയ. 1:31).

ധ്യാനം: ദൈവമായ കര്‍ത്താവ് ഇസ്രായേലിനെ പരിശിലിപ്പിച്ചതുപോലെ യൗസേപ്പ് യേശുവിനെ പരിശീലിപ്പിച്ചു. നടക്കുവാന്‍ പഠിപ്പിച്ചു. വചനഗ്രന്ഥങ്ങള്‍ പഠിപ്പിച്ചു. ആര്‍ദ്രമാര്‍ന്ന സ്‌നേഹത്തോടെ പെരുമാറാന്‍ അഭ്യസിപ്പിച്ചു. പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുത്തു. പ്രതിസന്ധികളെ ധീരമായി നേരിടാന്‍ കരുത്തുപകര്‍ന്നു. ഒരുപക്ഷേ, ദൈവസുതന്റെ ജനനത്തിനുശേഷം പരസ്യജീവിതത്തിന്റെ നാള്‍വരെയുള്ള കാലഘട്ടത്തില്‍ അതിമാനുഷികമായ എന്തെങ്കിലും അത്ഭുതങ്ങള്‍ ദൈവം ഇവര്‍ക്കായി ഒരുക്കിയിരുന്നുവോ എന്നു സംശയമാണ്. ഒരമ്മയും അപ്പനും മകനും ചേര്‍ന്ന് ജീവിതത്തോടു മല്ലിട്ട് അവര്‍തന്നെ നിരന്തരം അത്ഭുതങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ദൈവത്തിന് നമ്മുടെമേലുള്ള വിശ്വാസം എത്രയോ ഉന്നതമാണ്. യുദ്ധംചെയ്യാന്‍ കൈകളെയും പടപൊരുതാന്‍ വിരലുകളെയും പരിശീലിപ്പിച്ച് അവിടുന്ന് നമ്മെ അയയ്ക്കുന്നു (സങ്കീ. 144:1).

ആശ്വാസപ്രദമായ വഴികളിലൂടെയല്ല യൗസേപ്പും കുടുംബവും സഞ്ചരിച്ചത്. ജീവിതം ആരംഭിക്കുംമുമ്പേതന്നെ മറിയവുമായുള്ള ബന്ധത്തില്‍ ആന്തരികസംഘര്‍ഷം അനുഭവിക്കേണ്ടിവന്നു. എത്രയോ രാത്രികള്‍ ഉറക്കമില്ലാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. മറിയത്തില്‍ വന്നിറങ്ങിയ ദൈവസുതന്റെ പിതാവാകാനുള്ള യോഗ്യത തനിക്കില്ല എന്ന ചിന്തയില്‍ അവളെ അകറ്റിനിറുത്താന്‍ ശ്രമിച്ചപ്പോഴാണ് ദൈവദൂതന്‍ പറയുന്നത്, ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ഭയപ്പെടേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. ഇതോടെ, യൗസേപ്പില്‍ പിതൃത്വത്തിന്റെ അവകാശങ്ങള്‍ മാത്രമല്ല വലിയ പ്രത്യാശയുടെ ശക്തികൂടി നിറഞ്ഞു എന്നോര്‍ക്കുക. തുടര്‍ന്നങ്ങോട്ട് ജീവിതവഴിയില്‍ നല്‍കപ്പെട്ട ഒരു പ്രതിസന്ധിയിലും യൗസേപ്പ് കുലുങ്ങിയില്ല. കാരണം, ദൈവം പറഞ്ഞ വാക്കുകള്‍ അവന്‍ ഓര്‍ക്കുന്നു: ഭയപ്പെടേണ്ട.

''നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' എന്ന് അബ്രാഹത്തോട് പറഞ്ഞപ്പോള്‍ എവിടേക്കാണ് പോകേണ്ടത് എന്നറിയാതെയാണ് അവന്‍ യാത്ര പുറപ്പെട്ടത് (ഉല്‍. 12:2, ഹെബ്രാ. 11:8). തന്നേടു വാഗ്ദാനം ചെയ്ത ദൈവം തന്നെക്കാള്‍ വിശ്വസ്തനാണെന്ന് അബ്രാഹം കണ്ടു. മറിയത്തെ സ്വീകരിച്ചപ്പോഴും ഈജിപ്തിലേക്ക് പലായനം ചെയ്തപ്പോഴും മടങ്ങി നസ്രത്തില്‍ എത്തിയപ്പോഴും കൃത്യമായ വഴികളൊന്നും യൗസേപ്പിന്റെമുമ്പിലും ഉണ്ടായിരുന്നില്ല. നമ്മെ വിളിച്ച ദൈവം നമ്മെക്കാള്‍ നമ്മെ കരുതുമെന്നുകണ്ടാല്‍ പിന്നെ നിരാശപ്പെടേണ്ടിവരില്ല.

പ്രതീക്ഷ മങ്ങുന്ന ലോകത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്ന് യൗസേപ്പിതാവേ അവിടുന്ന് അറിയണമേ. മഹാമാരികളുടെ വൈറസിനേക്കാള്‍ പലമടങ്ങ് ശക്തിയിലാണ് നിരാശയുടെ വൈറസുകള്‍ സമൂഹവ്യാപനം ചെയ്യുന്നത്. കുടുംബത്തകര്‍ച്ച, വിവാഹമോചനം, ആത്മഹത്യകളുടെ പെരുപ്പം, തൊഴിലില്ലായ്മ, ആത്മീയമരവി പ്പ്, ധാര്‍മികശോഷണം ഇവയെല്ലാംകൊണ്ട് ലോകത്തിന്റെ സുസ്ഥിതി തകര്‍ക്കപ്പെടുമ്പോള്‍ പ്രത്യാശയുടെ വെളിച്ചം അരണ്ടുപോകുന്നു. ആത്മീയമേഖലയിലും രാഷ്ട്രീയമേഖലയിലുമുള്ള അധ:പതനങ്ങള്‍ ഞങ്ങളെയൊക്കെ ഭീതിയിലാക്കുന്നു. വരുംതലമുറയെക്കുറിച്ചുള്ള ആശങ്കകളും ആവലാതികളും ഞങ്ങള്‍ക്ക് ഏറെയുണ്ട് എന്നു ഞങ്ങളുടെ പുണ്യപിതാവേ നീ അറിയുന്നുവല്ലോ. വ്യക്തിപരമായ ജീവിതങ്ങളില്‍ ബലഹീനതകള്‍ ഞങ്ങളെ വേട്ടയാടുന്നു; ദാമ്പത്യ ബന്ധങ്ങളില്‍ വിശ്വസ്തത കുറയുന്നു. പ്രത്യാശിക്കാനാകാത്തവിധം ചില നേരങ്ങളില്‍ ഞങ്ങളാകെ തളര്‍ന്നുപോകുന്നു. രക്ഷകന്റെ പാലകനായ പുണ്യപിതാവേ, ഞങ്ങളെ സഹായിക്കണമേ.

പ്രാര്‍ത്ഥന: ഓ വിശുദ്ധ യൗസേപ്പേ, പ്രത്യാശയറ്റുപോയവരുടെ ശരണമേ, അഗതികളുടെ സഹായിയേ, രോഗികളുടെ ആശ്രയമേ, നിന്നില്‍ സ്വര്‍ഗം പകര്‍ന്നുതന്ന പ്രത്യാശ ഞങ്ങള്‍ക്കും പങ്കുവച്ചുതരണമേ. പ്രത്യാശയുടെ പിതാവേ, നിരാശയുടെ ചുഴിയില്‍നിന്നും മാനവരാശിയെ കരകയറ്റാന്‍ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

അത്യന്തം നിര്‍മലനായ യൗസേപ്പ്

ദൈവവചനം: ''നിര്‍മലമായ ഹൃദയത്തിന്റെ മൂല്യം നിര്‍ണയാതീതമാണ്'' (പ്രഭാ. 26:15).

ധ്യാനം: ഞങ്ങളുടെ ശ്രേഷ്ഠപിതാവായ വിശുദ്ധ യൗസേപ്പേ, മഞ്ഞുപോലെ നിര്‍മലമായ ഒരു ഹൃദയം ദൈവം നിനക്കു സമ്മാനിച്ചല്ലോ. പരിശുദ്ധയായ മറിയത്തെ ആദരപൂര്‍വം ശുശ്രൂഷിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക, ദൈവസുതനെ വളര്‍ത്തിയെടുക്കുക എന്നീ രണ്ടു കാര്യങ്ങളല്ലാതെ നീയൊന്നും ചിന്തിച്ചിട്ടില്ലല്ലോ. മനുഷ്യായുസു മുഴുവന്‍ നീ ദൈവത്തില്‍ വസിച്ചു. ദൈവം നിന്നിലും വസിച്ചു. വിശുദ്ധിയില്‍ വളരാന്‍ വല്ലാതെ കഷ്ടപ്പെടുന്ന മനസാണ് ഞങ്ങളുടേത്. ആഗ്രഹിക്കുന്ന നന്മയേക്കാള്‍ ആഗ്രഹിക്കാത്ത തിന്മയില്‍ വീണുപോകുമ്പോള്‍ ഹൃദയം തകര്‍ന്നുപോകാറുണ്ട്. ദൈവം കുടികൊള്ളുന്ന ആലയമായ ശരീരത്തെ ദൈവത്തിനുമാത്രം നല്‍കാന്‍ കഴിയാതെ പോകുന്നു. അതിജീവിക്കുന്ന പ്രലോഭനങ്ങളേക്കാള്‍ അടിപ്പെട്ടുപോകുന്ന പാപങ്ങളാണ് അധികവും. ഏറ്റം നിര്‍മലനായ യൗസേപ്പേ, പിതൃവാത്സല്യത്തോടെ ഞങ്ങളെ നീ സഹായിക്കണം.

ശൈശവത്തിന്റെ വിശുദ്ധിയും കൗമാരത്തിന്റെ നിഷ്‌ക്കളങ്കതയും ഞങ്ങള്‍ നഷ്ടമാക്കിയിട്ടുണ്ട്. ഏറെ ഇടറിവീണ യൗവനമാണ് ഞങ്ങളുടേത്. നിര്‍മലമായൊരു ഹൃദയം ഞങ്ങളില്‍ സൃഷ്ടിക്കാനും ഒരു പുതുചൈതന്യം ഞങ്ങളില്‍ നിറയ്ക്കാനും ശ്രേഷ്ഠപിതാവേ, നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു.

യൗസേപ്പ് നമ്മിലെ പരിശുദ്ധിയുടെ തിരിനാളത്തെ പ്രോജ്വലിപ്പിക്കാന്‍ സഹായിക്കും. ഹൃദയശുദ്ധിയുള്ളവരാണല്ലോ ദൈവത്തെ കാണുന്നത് (മത്താ. 5:8). ദൈവസുതനെ യൗസേപ്പ് കണ്ടിടത്തോളം മഹനീയമായ വിധത്തില്‍ ആരാണ് കണ്ടിട്ടുള്ളത്.

നമ്മിലെ സ്‌നേഹത്തെ കാര്യമായി ശുദ്ധി ചെയ്യേണ്ടതുണ്ട്. വിഭജിക്കപ്പെടാത്ത സ്‌നേഹമാണല്ലോ ഏറ്റം പരിശുദ്ധമായതും നിര്‍മലമായതും. എല്ലാറ്റിനെയും സ്നേഹിക്കുകയും വാഞ്ചിക്കുകയും ചെയ്യുന്ന മനസ് വിഭജിക്കപ്പെട്ട മനസാണ്. ''നീ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണ മനസോടുംകൂടെ സ്‌നേഹിക്കണം'' (ലൂക്കാ 10:27). നാം ദൈവത്തെ സ്‌നേഹിക്കുന്നുണ്ട്, പൂര്‍ണമായിട്ടല്ല എന്നു മാത്രം. ഒരേ സമയം വസ്തുലോകത്തെയും സൃഷ്ടാവിനെയും ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിശുദ്ധി നഷ്ടമാകുന്നു. എന്നിലെ സ്‌നേഹത്തെ ത്യാഗംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നിരന്തരം സ്‌നാനം ചെയ്യണം.

ദൈവം നമ്മുടെ ഹൃദയത്തെ തൂക്കിയളക്കുമ്പോള്‍ നാം എവിടെ ആയിരിക്കും. പരിശുദ്ധി ആത്മാവിന്റെ ജീവനും പുണ്യങ്ങളുടെ റാണിയുമാണ്. സ്വര്‍ഗത്തിന്റെ തങ്കപ്രാവ് നിരന്തരം വസിക്കാന്‍ ഇഷ്ടപ്പെടുന്നത് പരിശുദ്ധിയുള്ള ഹൃദയത്തിലാണ്. ദൈവത്തിനുമാത്രമായി ഹൃദയം കൊടുക്കുമ്പോള്‍ ദൈവം അതില്‍ വസിക്കും. യൗസേപ്പില്‍ പരിശുദ്ധിയുടെ പരിമളം നിറഞ്ഞുനിന്നിരുന്നു. ദൈവസുതന്റെ പിതാവാകാന്‍ തിരഞ്ഞെടുക്കുംമുമ്പേതന്നെ, ദൈവത്തിനായി അര്‍പ്പിച്ച ഹൃദയമായിരുന്നു അവന്റേത്. ആ കരങ്ങളില്‍ ദൈവസുതനെ വളര്‍ത്തിവലുതാക്കാന്‍ വച്ചുകൊടുക്കുമ്പോള്‍ സ്വര്‍ഗത്തിന്റെ ആനന്ദം അവര്‍ണനീയം ആയിരുന്നു.

ആദിമാതാപിതാക്കള്‍ ഇടറിയത് കാഴ്ചയിലാണ്. ആത്മാവിന്റെ കോട്ടയായ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. ദൈവത്തെ കണ്ട കണ്ണുകള്‍ സൃഷ്ടവസ്തുക്കളുടെ ഭംഗിയില്‍ കുടുങ്ങിപ്പോയി. എന്നാല്‍, ഉണ്ണിയെ കൈകളിലെടുക്കുന്ന യൗസേപ്പും മറിയവും ഉണ്ണിയില്‍നിന്നും കണ്ണുകള്‍ മാറ്റിയില്ല. ഹൃദയം മറ്റൊന്നിനും നല്‍കിയില്ല. ഈശോയെ നോക്കി അവരുടെ ജീവിതം പരിശുദ്ധിയുടെ പരിമളമായി.

യൗസേപ്പ് മറിയത്തോടു ചോദിച്ചു: 'ഓ പ്രിയമുള്ളവളേ, നാം എത്ര ഭാഗ്യവാന്മാരാണ്. രക്ഷകനെ കണ്ട കണ്ണുകളും ശ്രവിച്ച കാതുകളും അനുഭവിച്ച ഹൃദയവുമുള്ളവര്‍.' അവര്‍ പരസ്പരം ഈശോയെ നോക്കി പറഞ്ഞു: 'ഓ സ്‌നേഹമേ, മനുഷ്യനായി അവതരിച്ച സ്‌നേഹമേ, നിന്നെ പിരിയാന്‍ ഒരിക്കലും ഞങ്ങളെ അനുവദിക്കരുതേ.'

പ്രാര്‍ത്ഥന: ഏറ്റവും നിര്‍മലനായ വിശുദ്ധ യൗസേപ്പേ, എന്നിലെ വിശുദ്ധിയുടെ തീനാവുകളെ നീ പ്രോജ്വലിപ്പിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍.)

കന്യാമറിയത്തിന്റെ വിശുദ്ധഭര്‍ത്താവായ യൗസേപ്പ്

ദൈവവചനം: ''ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം'' (എഫേ. 5:25).

ധ്യാനം: സ്‌നേഹത്തിലാണ് ഭാര്യാഭര്‍തൃബന്ധം ആരംഭിക്കേണ്ടതും സഞ്ചരിക്കേണ്ടതും പുഷ്പിക്കേണ്ടതും. സ്‌നേഹം നഷ്ടമായാല്‍ രണ്ടുപേര്‍ ഒരുമിച്ചു ജീവിച്ചേക്കും, പക്ഷേ അത് ഭാര്യയും ഭര്‍ത്താവുമാകില്ല. ഭാര്യയെ സ്‌നേഹിക്കാനും ചേര്‍ത്തുപിടിക്കാനും അവളുടെ മനോവ്യഥകളില്‍ ഒപ്പം സഞ്ചരിക്കാനും കഴിയുക ഒരു ഭര്‍ത്താവിന്റെ ചുമതലയാണ്. ഒരു നല്ല പിതാവും, ജാഗ്രതയുള്ള സംരക്ഷകനും, പൗരുഷം നിറഞ്ഞ ജീവിതപങ്കാളിയും ഭര്‍ത്താവില്‍ നിറഞ്ഞുനില്‍ക്കണം.

വീടാകുന്ന സഭയെ പണിയുന്ന ജോലിയിലാണല്ലോ ഒരു കുടുംബം ഏര്‍പ്പെട്ടിരിക്കുന്നത്. പരസ്പരം ശ്രവിക്കാനും പങ്കുവയ്ക്കാനും കഴിയുമ്പോള്‍ ഗാര്‍ഹികസഭ മനോഹരമാകും. നല്ല പിതാക്കന്മാര്‍ എന്നതുപോലെ നല്ല ഭര്‍ത്താക്കന്മാരും വേണം. പരസ്പരബന്ധത്തില്‍ കുഞ്ഞുങ്ങളെ ലഭിക്കുന്നത് ഭാഗ്യമാണ്, ദൈവം നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളവുമാണ്. എന്നാല്‍, ചിലര്‍ക്ക് അതിന് അവസരം നല്‍കിയെന്നുവരില്ല. അവിടെയും ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്‌നേഹത്തിനു കുറവില്ല. സത്യത്തില്‍, കൂടുതല്‍ പരസ്പരം സ്നേഹിക്കാനും ശുശ്രൂഷിക്കാനുമാണ് ദൈവമവരെ വിളിക്കുന്നത്. ദാമ്പത്യബന്ധം സൂക്ഷിച്ചുകൊണ്ട്, കൂടുതല്‍ ദൈവമക്കളെ ചേര്‍ത്തുപിടിക്കാന്‍ അവര്‍ക്കു കഴിയും.

ഏറ്റം നല്ല ഭര്‍ത്താവാണ് ജോസഫ്. മറിയത്തെയും അവളില്‍ വന്നു പിറന്ന ദിവ്യരഹസ്യത്തെയും കാത്തുപരിപാലിക്കാന്‍ വിളി ലഭിച്ച വിശുദ്ധാത്മാവ്. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ അവനു കഴിഞ്ഞു. ആധിപത്യം നടത്തിയോ അടിച്ചമര്‍ത്തിയോ അല്ല ജോസഫ് മറിയത്തെ സ്‌നേഹിച്ചത്. തന്നെത്തന്നെ നല്‍കിയും വിശ്വസ്തതാപൂര്‍വം ശുശ്രൂഷിച്ചും മൗനംപാലിച്ചും അവന്‍ അവളെ ചേര്‍ത്തുപിടിച്ചു.

ദൈവം ജോസഫിനെ ഓര്‍മിപ്പിച്ചു: 'ദൈവം നിനക്കു തന്നിരിക്കുന്ന മറിയമെന്ന ഈ ദാനത്തെ നീ സ്വീകരിച്ചാലും. മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരം പോലെയാണിവള്‍. അത്യുന്നതന്റെ ആലയത്തിനുമുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെയാണിവള്‍. വസന്തത്തിലെ പനിനീര്‍പോലെയും നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെയുമാണിവള്‍ (പ്രഭാ. 50:6). അവളെ ആഴത്തില്‍ സ്‌നേഹിക്കുക. കാരണം, ദൈവത്തിന്റെ ഹൃദയത്തിന്റെ ആനന്ദമാണവള്‍. സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണതയുള്ളതും പ്രിയപ്പെട്ടതുമാണ്. അവളെപ്പോലെ ലോകത്തില്‍ ആരും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.'

ഏതൊരു ഭര്‍ത്താവും ഭാര്യയെ നോക്കി പറയേണ്ട വാക്കുകളാണിത്: നിന്നെപ്പോലെ ഒരുവള്‍ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല! എന്റെ ജീവന്റെ ജീവനും ആത്മാവിന്റെ ആത്മാവും! ഓ, പരിശുദ്ധനായ യൗസേപ്പേ, നീ മറിയത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തതു പോലെ ചെയ്യുവാന്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും കൃപനല്‍കുക.

ഗാര്‍ഹികസഭയുടെ പിതാവാണ് ഭര്‍ത്താവെങ്കില്‍ തിരുസഭയാകുന്ന വധുവിന്റെ ഭര്‍ത്താവാണ് ഇടയന്മാര്‍. തിന്മയില്‍നിന്നും സഭയെ പൊതിഞ്ഞുപിടിക്കാനും നന്മയിലും പരിശുദ്ധിയിലും സഭയെ പരിപോഷിപ്പിക്കാനും പ്രത്യേകം വിളിലഭിച്ചവര്‍. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ അവന്റെ രണ്ടാം ആഗമനംവരെയും സഭയെ സ്‌നേഹിച്ച് ശുശ്രൂഷിക്കേണ്ടവര്‍. ഇവിടെയും ആധിപത്യമോ മേല്‍ക്കോയ്മയോ അല്ല ഇടയനെന്ന ഭര്‍ത്താവിനെ കുലീനനാക്കുന്നത്. മറിച്ച് അവള്‍ക്കായി ജീവിതം സമ്പൂര്‍ണമായി നല്‍കുന്നതിലൂടെയാണ്. സഭയാകുന്ന വധുവിന്റെ ഏറ്റം നല്ല ഭര്‍ത്താവ് സഭയ്ക്കായി ഏറ്റവും കൂടുതല്‍ സഹിക്കുന്ന ഇടയനാണ്. മറിയമെന്ന വധുവിനായി ഏറ്റവും കൂടുതല്‍ സഹിച്ച ഭര്‍ത്താവായിരുന്നല്ലോ യൗസേപ്പ്.

സ്‌നേഹമില്ലാതെ പ്രാര്‍ത്ഥനകള്‍ നടത്തിയും സമര്‍പ്പണമില്ലാതെ ബലികളര്‍പ്പിച്ചും കാരുണ്യമില്ലാതെ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്, സഭയാകുന്ന വധുവിനെ. മാപ്പിരക്കണം.

പ്രാര്‍ത്ഥന: കന്യാമറിയത്തിന്റെ ഏറ്റവും വിശുദ്ധനായ ഭര്‍ത്താവേ, കുടുംബങ്ങളില്‍ നല്ല ഭര്‍ത്താക്കന്മാരെയും സഭയില്‍ നല്ല ഇടയന്മാരെയും തന്നനുഗ്രഹിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

മരിക്കുന്നവരുടെ ശരണമായ യൗസേപ്പ്

ദൈവവചനം: ''തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്'' (സങ്കീ. 116:15).

ധ്യാനം: യൗസേപ്പിനെപ്പോലെ ജീവിക്കാന്‍ കഴിയുക ഭാഗ്യകരമാണ്. അവനെപ്പോലെ മരിക്കാന്‍ കഴിയുക അതിലേറെ ഭാഗ്യകരം. പ്രിയ മകന്റെ മടിയില്‍ തലചാരിയും പരിശുദ്ധ മറിയത്തിന്റെ കൈകളോട് ചേര്‍ന്നിരുന്നും മരിക്കാനാവുക എത്രയോ സുന്ദരം! യൗസേപ്പിന്റെ മരണം ഏതൊരാളെയും ആകര്‍ഷിക്കുന്നതുതന്നെ. അതുപോലെ മരിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് മരിക്കുന്നവരുടെ ശരണമായി യൗസേപ്പ് അറിയപ്പെടുന്നത്.

മരണം ഏറെ വേദനാജനകമാകാന്‍ മൂന്നു കാരണങ്ങള്‍ കാണാം: ഒന്നാമതായി, ഈ ജീവിതത്തെ നാം അത്രയേറെ സ്‌നേഹിക്കുന്നു; രണ്ടാമതായി, ആത്മാവും ശരീരവും വേര്‍പിരിയുന്നതിനേക്കാള്‍ വേദനാജനകമായി മറ്റൊരു വേദനയുമില്ല; മൂന്നാമതായി, മരണശേഷമുള്ള ജീവിതവും അന്ത്യവിധിയും മനുഷ്യനില്‍ ആശങ്കകള്‍ ജനിപ്പിക്കുന്നു. ഇതോടൊപ്പം, പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും എന്നന്നേയ്ക്കുമായി വിടപറയുക എളുപ്പമല്ലല്ലോ.

മരിക്കുന്ന ഒരാത്മാവിനെ നിരാശയിലേക്കും ദു:ഖത്തിലേക്കും തള്ളിയിടുവാന്‍ പിശാച് തക്കം പാര്‍ത്തിരിക്കുകയാണ്. അന്ത്യസമയത്ത് ദൈവത്തിലേക്കു തിരിയുന്ന ആത്മാക്കളുണ്ട്. അവരെ അതില്‍നിന്നും പിന്തിരിപ്പിക്കുക ദുഷ്ടന്റെ അവസാന തന്ത്രമാണ്. ഇതുകൊണ്ടാണ്, 'ഈശോ, മറിയം, യൗസേപ്പേ' എന്ന ജപം കാതുകളില്‍ ഓതിക്കൊടുക്കാന്‍ പൂര്‍വികര്‍ ഉപദേശിക്കുന്നത്. ജനിച്ചുവീഴുന്ന പൈതലും മരിച്ചുപോകുന്ന ആത്മാവും കേള്‍ക്കേണ്ടത് ഈ വിശുദ്ധ ജപമാണ്. നിന്റെ കൈകളില്‍ എന്റെ പ്രാണനെ ഞാന്‍ തരുന്നു എന്നു പറഞ്ഞല്ലേ രക്ഷകന്‍ മരിച്ചത്.

യൗസേപ്പിനെ മരണത്തിനൊരുക്കാന്‍ ഈശോ ഉണ്ടായിരുന്നു. നമ്മെ ഒരുക്കാന്‍ വത്സലനായ യൗസേപ്പ് ഉണ്ടാകും. ബെത്‌ലെഹമില്‍ ഉണ്ണിയെ കൈകളിലെടുത്തത് യൗസേപ്പാണ്. എന്നാല്‍, മരണസമയത്ത് യൗസേപ്പിനെ കൈകളിലെടുത്തത് ഈശോയാണ്. എത്ര മനോഹരമാണ് വിശുദ്ധ യൗസേപ്പേ, അങ്ങയുടെ മരണം. ഒരുക്കമില്ലാത്തതും പെട്ടെന്നുള്ളതുമായ മരണത്തില്‍ നിന്നും യൗസേപ്പ് നമ്മെ കാത്തുകൊള്ളും. ഈശോയുടെ കൈകളില്‍ ശാന്തമായി പ്രാണനെ അര്‍പ്പിച്ച ഈ വത്സലതാതന്‍ നമ്മെയും ജീവിതത്തില്‍ മാത്രമല്ല മരണസമയത്തും പരിരക്ഷിക്കും. നമുക്കു യൗസേപ്പിന്റെ അടുത്തേക്കുപോകാം.

ഈശോയുടെ പരസ്യജീവിതം ആരംഭിക്കുംമുമ്പേ ഈ ലോകത്തോട് വിട പറഞ്ഞു, യൗസേപ്പ്. കാരണം, ഇനി മുതല്‍ ഇവന്റെ യഥാര്‍ത്ഥപിതാവ് അബ്ബായാണെന്ന് എല്ലാവരും അറിയണം. കുരിശുമരണസമയത്ത് അമ്മയെ യോഹന്നാന് ഭരമേല്‍പിച്ചതും അതുകൊണ്ടാണല്ലോ. സഭയുടെ അമ്മയായി അവളുണ്ടാകണം. യൗസേപ്പ് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കുരിശിന്‍ കീഴേ ഉണ്ടായേനെ. ഈശോയെയും മറിയത്തെയും പരിരക്ഷിക്കാനും വളര്‍ത്താനും ഒരുപാടു കുരിശു ചുമന്നതാണ്. അതുകൊണ്ട്, കുരിശുമരണത്തിന്റെ വേദനയില്‍ യൗസേപ്പ് തകരേണ്ടതില്ലെന്ന് അബ്ബാപിതാവ് തീരുമാനിച്ചിട്ടുണ്ടാകും.

ഓ രക്ഷകനായ ഈശോയേ, സ്വര്‍ഗപിതാവിന്റെ മാറില്‍ ചാഞ്ഞ് നീ പ്രാണനെ അര്‍പ്പിച്ചു. നിന്റെ മാറില്‍ ചാഞ്ഞ് നിന്റെ വത്സലതാതന്‍ പ്രാണനര്‍പ്പിച്ചു. യൗസേപ്പിന്റെ സംരക്ഷണത്തില്‍ ഞങ്ങളുടെ ആത്മാവിനെ നിങ്ങളില്‍ ഭരമേല്‍പ്പിക്കാന്‍ സഹായിക്കണമേ.

ഓ, ഈശോയേ, യൗസേപ്പിതാവ് മരിച്ചപ്പോള്‍ നീ കരഞ്ഞിരുന്നുവോ? സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍പോലും ദുഃഖമടക്കാനാവാതെ നീ കരഞ്ഞെങ്കില്‍, തീര്‍ച്ചയായും നീ വേദനിച്ചുകാണും. വേദനയോടെ അപ്പന്റെ കണ്‍പോളകള്‍ നീ അടച്ചു. അടക്കത്തിനുള്ള സകലതും നീ തന്നെ ചെയ്തു. നിന്റെ ബഹുമാനവും ആദരവും സ്വീകരിച്ച്, നിന്നിലേക്ക് എടുക്കപ്പെടാന്‍ അവസരം ലഭിച്ച യൗസേപ്പ്, നിന്നില്‍ ഒന്നായി.

സ്‌നേഹം മരണം ആവശ്യപ്പെടുന്നുണ്ടല്ലോ. സ്വയത്തോടും ആഗ്രഹങ്ങളോടും. യൗസേപ്പ് ഈശോയെ സ്‌നേഹിച്ചു. സ്‌നേഹിച്ചു സ്‌നേഹിച്ചു മരിച്ചു. ഭാഗ്യപ്പെട്ട ജീവിതവും മരണവും കിട്ടാന്‍ എനിക്കും ആ വഴി തന്നെ യാത്രയാകണം. എന്റെ സ്‌നേഹത്തില്‍ സ്വാര്‍ത്ഥതയുണ്ട്, അഹന്തയുണ്ട്. എന്നെ എന്നോട് മരിക്കാന്‍ നീ സഹായിക്കണമേ.

പ്രാര്‍ത്ഥന: മരിക്കുന്നവരുടെ ശരണമായ ഭാഗ്യപ്പെട്ട യൗസേപ്പേ, പെട്ടെന്നും ഒരുക്കമില്ലാത്തതുമായ മരണത്തില്‍നിന്നും എന്നെ കാത്തുകൊള്ളണമേ. ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

ധീരനായ വിശുദ്ധ യൗസേപ്പ്
ദൈവവചനം: ''ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു'' (യോഹ. 16:33).

ധ്യാനം: യൗസേപ്പ് രക്ഷകന്റെ ഭൗമികപിതാവ് മാത്രമല്ല, വിശ്വസ്ത ശിഷ്യനുമായിരുന്നു. ഗുരുവിന്റെ ആനന്ദത്തില്‍ പങ്കെടുക്കുന്ന പല ശിഷ്യരും വേദനയില്‍ പങ്കെടുക്കാറില്ല. ഗുരുവിനൊപ്പം വിരുന്നുണ്ണാന്‍ ഇഷ്ടമാണ്, ഉപവാസത്തിന് തയ്യാറല്ല. അത്ഭുതത്തിന് കൂട്ടിനുണ്ടാകും, പീഢാനുഭവത്തില്‍ ഓടിമറയും. എന്നാല്‍, യൗസേപ്പ് ഗുരുവും പുത്രനുമായ ക്രിസ്തുവിന്റെ രഹസ്യജീവിതത്തിലെ എല്ലാ വേദനയിലും പങ്കുകാരനായി.

ധൈര്യം വാക്കിലല്ല, പ്രവൃത്തിയിലാണ് യൗസേപ്പ് പ്രകടമാക്കിയത്. ഏതൊരു സഹനത്തിലും പോരാട്ടത്തിലും സ്‌നേഹിക്കുന്നവയെ ചേര്‍ത്തുപിടിക്കുന്നതാണ് ധൈര്യം. ഭീഷണികള്‍ക്കിടയില്‍ പതറാതെയും ഇടറാതെയും ദൈവം ഏല്‍പ്പിച്ച മറിയത്തെയും കുഞ്ഞിനെയും കാത്തുപരിപാലിച്ചു. പരിശുദ്ധാത്മാവിന്റെ ഏറ്റം മഹത്തരമായ ദാനമായ ആത്മധൈര്യം യൗസേപ്പിന്റെ ഓരോ ചുവടിലും ഉണ്ടായിരുന്നു.

ഈജിപ്തിലേക്ക് മറിയത്തെയും കുഞ്ഞിനെയുംകൂട്ടി രായ്ക്കുരാമാനം യാത്രതിരിച്ചതും സംഘട്ടനങ്ങളുടെ വഴിയരുകില്‍ തിരുസുതനു ജന്മം നല്‍കാനുള്ള ഇടം കണ്ടെത്തിയതും യൗസേപ്പിന്റെ ധീരമായ ചുവടുകള്‍ അല്ലാതെ മറ്റെന്താണ്? നിറവയറുമായി സത്രങ്ങളുടെ വാതിലുകള്‍ തട്ടുമ്പോഴും, അത് അവര്‍ക്കെതിരേ കൊട്ടിയടയ്ക്കപ്പെടുമ്പോഴും യൗസേപ്പ് ക്ഷീണിതനായില്ല. മനസുമടുത്തില്ല. എന്തേ, ദൈവം ഇങ്ങനെ ചെയ്‌തെന്ന് ചോദിച്ചില്ല. മറിച്ച്, ബേത്‌ലെഹമിലെ ഗുഹയില്‍ പോയി സ്ഥലമൊരുക്കി.

ഓ, വന്ദ്യനും ശക്തനുമായ ഞങ്ങളുടെ പിതാവേ, ധീരതയുള്ളവര്‍ക്കേ വിശുദ്ധരാകാന്‍ കഴിയൂ എന്നു ഞങ്ങളറിയുന്നു. സകല പ്രലോഭനങ്ങളില്‍ തട്ടിവീണും, പ്രതിസന്ധികളില്‍ പതറിയോടിയും, പ്രകോപനങ്ങളില്‍ ഭയപ്പെട്ടും ജീവിക്കുന്ന വിശ്വാസികള്‍ക്ക് വിശുദ്ധരാകാന്‍ കഴിയില്ലല്ലോ. അടിമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും വിഗ്രഹാരാധനയുടെയും ഈജിപ്തില്‍ നീ തിരുക്കുടുംബത്തെ നയിച്ച നാളുകളെ ഓര്‍ക്കുന്നു. നിന്നിലെ ധീരത ഞങ്ങള്‍ക്കും തരുക.


ദൈവം ഞങ്ങളുടെ പക്ഷത്തെങ്കില്‍, ആരു ഞങ്ങള്‍ക്ക് എതിരുനില്‍ക്കും? (റോമ. 8:31). എതിരുനില്‍ക്കുന്ന ശക്തികളെ നേരിടുവാന്‍ ദൈവസുതന്‍ കൂടെയുണ്ടെന്ന ഉറച്ച ബോധ്യം യൗസേപ്പിനെ ബലപ്പെടുത്തി. ഈ ബോധ്യം ആത്മാവിന് കരുത്തേകാന്‍ ഇടവരുത്തി. ശാന്തമായി സഞ്ചരിച്ച യൗസേപ്പ് അസാധാരണമായ വിധത്തില്‍ തിന്മകള്‍ക്കെതിരേ പടപൊരുതി. ജീവനെതിരെയുള്ള പിശാചിന്റെ ഭീഷണി എല്ലാക്കാലത്തുമുണ്ടായിരുന്നു. പ്രത്യേകിച്ച്, ദൈവസുതന്റെ ജീവനെതിരെ. ജീവന്റെ സംസ്‌കാരത്തിനായി നിലകൊള്ളണമെങ്കില്‍ ധൈര്യംവേണം, വീര്യമാര്‍ന്ന വിശ്വാസംവേണം. യൗസേപ്പില്‍ നിറഞ്ഞുനിന്നത് അസാധാരണമായ വിശ്വാസവും ധൈര്യവും ആയിരുന്നു. മറ്റുള്ളവര്‍ പറയുന്ന വിലകുറഞ്ഞ വാക്കുകളെ അവന്‍ ഗൗനിച്ചില്ല. ലോകത്തെ ജയിച്ചവനായ ക്രിസ്തു തനിക്കൊപ്പമുണ്ടെന്ന് തന്നോടു തന്നെ പറഞ്ഞ് കൂടുതല്‍ കരുത്തു സ്വീകരിച്ചു.

പ്രാര്‍ത്ഥന: പരിശുദ്ധയായ മറിയത്തെയും ദൈവസുതനായ രക്ഷകനെയും ധീരമായി പൊതിഞ്ഞുപിടിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ ജീവിതനിയോഗങ്ങളെ ധീരോത്തരമായി നേരിടാനുള്ള കരുത്തു ഞങ്ങള്‍ക്കായി വാങ്ങിത്തരണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

തിരുക്കുടുംബത്തിന്റെ തലവനായ യൗസേപ്പ്

തിരുവചനം: ''പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു'' (ലൂക്കാ 2:51).

ധ്യാനം: പിതൃത്വം എത്രയോ ഭാഗ്യമുള്ളതാണ്. ഈശോയുടെ വളര്‍ത്തു പിതാവ് മാത്രമല്ല, തിരുക്കുടുംബത്തിന്റെ തലവനുമായ യൗസേപ്പിനെ ദൈവം എത്രയോ സമുന്നതമായിട്ടാണ് അനുഗ്രഹിച്ചത്. നസ്രത്തിലെ ഈശോ മറിയത്തിന്റെയും യൗസേപ്പിന്റെയും തണലിലാണ് വളരുന്നത്. മാതാപിതാക്കള്‍ക്ക് കീഴ്വഴങ്ങിയുള്ള ജീവിതം. എല്ലാ നിയമങ്ങള്‍ക്കും അധീനനായ വന്‍നിയമത്തിനു കീഴ്‌വഴങ്ങിയത് മനുഷ്യാവതാരം ചെയ്തതുകൊണ്ടാണല്ലോ.

കീഴ്‌വഴങ്ങാനാണ് നമുക്കാവാത്തത്. ഈശോ പഠിപ്പിച്ചു: കീഴ്‌വഴങ്ങുന്നത് ബലഹീനതയല്ല, ബലമാണ്. ശക്തിയില്ലാത്തവരുടെ ആയുധമല്ലിത്, ശക്തന്മാരുടെ പുണ്യമാണ്. ഈശോ കീഴ്‌വഴങ്ങിയത് അപ്പനായ യൗസേപ്പിനാണ്. മറിയം കീഴ്‌വഴങ്ങിയത് ഭര്‍ത്താവായ യൗസേപ്പിനാണ്. മറിയം പറയുന്നു: ''അങ്ങാണ് കുടുംബനാഥന്‍. അങ്ങ് എന്നോടു പറയുക, ഞാനത് അനുസരിക്കാം. സുകൃതസമ്പന്നനായ അങ്ങയുടെ ഭാര്യയാകാന്‍ എനിക്കു കഴിഞ്ഞത് എത്രയോ ഭാഗ്യമാണ്. അങ്ങയുടെ സാന്നിധ്യം എനിക്കും കുഞ്ഞിനും ഒരുപാട് സംരക്ഷണവും ബലവുമാണ്.'' യൗസേപ്പാകട്ടെ മറിയത്തിന്റെ എളിമനിറഞ്ഞ വാക്കുകളില്‍ തലതാഴ്ത്തിനിന്നു: ''ഓ എന്റെ പ്രിയതമേ, ശക്തനായ ദൈവം നിന്നെ ഇത്രകണ്ട് ഉയര്‍ത്തിയതിനായി നന്ദി പറയുന്നു. ഈ പ്രപഞ്ചത്തിനുപോലും ഉള്‍കൊള്ളാന്‍ ആവാത്ത ഉടയവന്‍, മറിയമേ, നിന്റെ ഉദരത്തിലേക്കാണല്ലോ ചുരുങ്ങിയത്. എത്ര ഭാഗ്യപ്പെട്ട ഉദരമാണ് നിന്റേത്. നിനക്കൊപ്പം ആയിരിക്കാന്‍ കഴിയുന്നതില്‍പരം ആനന്ദമെന്താണുള്ളത്?''

തുല്യം ചെയ്യാനാവാത്ത സ്‌നേഹസേവനങ്ങളാണ് മറിയം ഭര്‍ത്താവിനായി ചെയ്തത്. ഭക്ഷണമൊരുക്കിയും ആശാരിപ്പുരയില്‍നിന്നെത്തുന്ന യൗസേപ്പിനെ സ്വീകരിച്ചും അവള്‍ നല്ലൊരു ഭാര്യയായി. ആന്തരികതയിലുള്ള അവളുടെ ഔന്നത്യം ശുശ്രൂഷകളില്‍ വിളങ്ങിനിന്നു. പിതൃത്വം ആദരിക്കപ്പെടണമെന്ന് തിരുക്കുടുംബത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഓരോ ദൗത്യത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടെന്നറിയുമ്പോള്‍ പിതാവും മാതാവും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നു. അവിടെ വലുപ്പചെറുപ്പങ്ങളില്ല. കുടുംബത്തെ ദൈവഭവനമാക്കാന്‍ ഓരോരുത്തര്‍ ഓരോ ഭാഗം ഭംഗിയായി നിര്‍വഹിക്കുന്നു എന്നുമാത്രം.

ഓ, ഭാഗ്യവാനായ യൗസേപ്പേ, കുടുംബത്തിന്റെ തലവനെന്ന നിലയില്‍ മറിയത്തെ ഉപദേശിക്കാനും അവള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും നിനക്കു കഴിഞ്ഞിരുന്നുവല്ലോ. ദൈവം നല്‍കുന്ന സ്വപ്‌നങ്ങളെ നീ മനോഹരമായി അവളോടു പങ്കുവച്ചു. അവളാകട്ടെ, ഏറ്റം ഗൗരവത്തോടെ നിന്നെ ശ്രവിച്ചു. നിങ്ങളുടെ പരസ്പരബഹുമാനവും ആദരവും നിങ്ങളെ സേവിച്ച മാലാഖമാരെപ്പോലും നാണിപ്പിച്ചല്ലോ.

എന്നാല്‍, ഞങ്ങളുടെ അവസ്ഥ നീ കാണുക. മക്കളുടെമേല്‍ സ്വാധീനമില്ലാത്ത മാതാപിതാക്കളുടെ എണ്ണം പെരുകുന്നു. തനിക്കായി ആരുമില്ല എന്ന തോന്നലില്‍ അനാഥത്വം വേട്ടയാടുന്ന കുഞ്ഞുങ്ങള്‍ വീടിനകത്തും പുറത്തുമുണ്ട്. ആരാണ് പ്രധാനി എന്ന ചോദ്യംകൊണ്ട് കുടുംബങ്ങളിലെ സമാധാനം തകരുന്നു. ആദരവ് പിടിച്ചുപറ്റാനുള്ള ശ്രമത്തിനിടയില്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുന്നു, സ്‌നേഹം കൈമോശം വരുന്നു.

തീര്‍ച്ചയായും കുടുംബനാഥന്‍ ആദരവ് അര്‍ഹിക്കുന്നുണ്ട്. ആദരിക്കപ്പെടാന്‍ തക്കവിധത്തിലുള്ള ജീവിതം നയിക്കാനുള്ള ബാധ്യതയും കുടുംബനാഥനുണ്ട് എന്നും ഓര്‍ക്കണം. പുരുഷന് സ്ത്രീയേക്കാള്‍ മേന്മയുള്ളതുകൊണ്ടല്ലല്ലോ ദൈവം കുടുംബത്തിന്റെ നാഥനായി യൗസേപ്പിനെ നിയോഗിച്ചത്. മാനവകുലത്തില്‍ മറിയത്തോളം ഭാഗ്യവതിയും മേന്മയും ഉള്ളവള്‍ ആരാണ്? എന്നാല്‍, യൗസേപ്പിനെ മാനിക്കാന്‍ തിരുക്കുടുംബം തയ്യാറായി.

പിതൃത്വം ആധിപത്യം വഹിക്കാനല്ല, ശുശ്രൂഷിക്കാനാണ്. സംരക്ഷിക്കാനാണ്. നല്ല പിതാക്കളുണ്ടെങ്കിലേ നല്ല കുടുംബം ഉണ്ടാകൂ.

പ്രാര്‍ത്ഥന: തിരുക്കുടുംബത്തിന്റെ തലവനായ മാര്‍ യൗസേപ്പേ, അങ്ങ് ഞങ്ങളുടെ കുടുംബങ്ങളുടെ തലവനായിരിക്കേണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ യൗസേപ്പ്
ദൈവവചനം: ''സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പ്പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?'' (റോമാ 8:32).

ധ്യാനം: പരിശുദ്ധി പുണ്യവും ബ്രഹ്മചര്യം വ്രതവുമാണ്. പരിശുദ്ധിയെന്ന പുണ്യം ദൈവം എല്ലാവര്‍ക്കും നല്‍കുന്ന ദാനമാണ്. സ്വകാര്യജീവിതത്തില്‍ പരിശുദ്ധി സൂക്ഷിക്കുന്നവരെ ദൈവം ഒരുപാട് ആദരിക്കും. ആത്മീയപോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ട വിഷയമാണിത്. ദൈവത്തിന്റെ പരിശുദ്ധിയിലേക്കുള്ള ക്ഷണം ലഭിച്ചവരാണ് നാം. നാം നമ്മുടേതല്ല, ദൈവത്തിന്റേതാണ്. ജീവിതത്തിന്റെ ഉടമസ്ഥാവകാശം ദൈവകരങ്ങളില്‍ ആണെന്നറിയുമ്പോള്‍ കുറെക്കൂടി പരിശുദ്ധിയോടെ ജീവിതത്തെ കൈകാര്യംചെയ്യാന്‍ നമുക്കുകഴിയും.

നാം പരിശുദ്ധാത്മാവിന്റെ ആലയമാണല്ലോ. രണ്ടു ശരീരങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ രണ്ടു ദേവാലയങ്ങളാണ് കണ്ടുമുട്ടുന്നത്. ശ്രേഷ്ഠമായ ദൈവവിളി ലഭിച്ച മനുഷ്യരാണ് എന്ന സത്യം മറന്ന്, വിലകുറഞ്ഞ പലകാര്യങ്ങള്‍ക്കും ജീവിതം വച്ചുകൊടുത്തതിനെയോര്‍ത്ത് മനസ്തപിക്കണം. മറിയവും ജോസഫും രണ്ട് ദേവാലയങ്ങളാണ്. അവര്‍ക്കു ലഭിച്ച യേശുവിനെ അവര്‍ പരിരക്ഷിക്കുന്നതു കാണുക. ശ്രദ്ധയില്ലാത്ത പെരുമാറ്റത്താലും വീണ്ടുവിചാരമില്ലാത്ത ചെയ്തികളാലും എത്രയെത്ര പ്രാവശ്യമാണ് ദൈവഭവനത്തിന് നാം ക്ഷതം വരുത്തിയത്. രക്ഷകനെ വളര്‍ത്തിയ യൗസേപ്പിന്റെ അടുത്തേക്കു പോകാം, നമുക്ക്.

കന്യാവ്രതം ദൈവവിളിയാണ്. ദൈവരാജ്യത്തിനുവേണ്ടി പ്രത്യേകം ജീവിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വീകരിക്കുന്ന വിളി. വ്രതമെന്നാല്‍ വാക്കിന് പരിശുദ്ധിയുടെയും വിശ്വസ്തതയുടെയും മൂല്യം കല്‍പ്പിക്കുക എന്നര്‍ത്ഥം. ദൈവരാജ്യത്തിനായി മാറ്റിനിറുത്തപ്പെട്ടവര്‍ അതിനായി ജീവിക്കണം.

യൗസേപ്പ് വളരെ ചെറുപ്പംമുതല്‍ ബ്രഹ്മചര്യവ്രതം സ്വീകരിച്ചു. ദൈവകാരുണ്യത്താല്‍ നിത്യകന്യകയായ മറിയത്തോട് ഏറ്റവും വിശ്വസ്തനായിരിക്കാന്‍ അവനു കഴിഞ്ഞു. ഓരോ ദൈവവിളി അനുസരിച്ചും അതിന് ആനുപാതികമായ കൃപാദാനങ്ങള്‍ നല്‍കുന്നത് ദൈവമല്ലേ. യൗസേപ്പ് പ്രാര്‍ത്ഥിച്ചു: ''അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, എന്നെ നീ നിനക്കായി മാത്രം സൃഷ്ടിച്ചുവല്ലോ. മറ്റൊന്നിലും ആനന്ദം കണ്ടെത്താന്‍ എന്നെ അനുവദിക്കരുതേ. എന്നില്‍ അങ്ങുമാത്രം ഭരണം നടത്തുക. എന്റെ ദൈവമേ, ഞാന്‍ അങ്ങയുടേതാണ്. നിന്റെ ഹിതംപോലെ എന്നെ ഉപയോഗിച്ചുകൊള്ളുക.'' ദൈവത്തിനായി മാത്രം നല്‍കിയ യൗസേപ്പിന് ദൈവേഷ്ടം നിറവേറ്റാന്‍ എളുപ്പമായിരുന്നു. നേരത്തേതന്നെ കന്യാവ്രതം സ്വീകരിച്ച് ജീവിച്ചുപോന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കണം എന്നു പറഞ്ഞപ്പോഴും അവന്‍ അതനുസരിച്ചു. കാരണം, സമര്‍പ്പിത ജീവിതത്തോട് ദൈവത്തിന് ഏതുവിധേനയും കല്‍പ്പി ക്കാന്‍ അവകാശമുണ്ട്. കാരണം, നാം നമ്മുടേതല്ല.

കന്യകയായ മറിയത്തെ ബ്രഹ്മചാരിയായ യൗസേപ്പ് കുലീനമായി പരിരക്ഷിച്ചു. അവര്‍ക്കു നല്‍കപ്പെട്ട നിത്യബ്രഹ്മചാരിയായ ഈശോയ്ക്കുവേണ്ടി അവര്‍ ജീവിച്ചു. മറിയത്തിനായി ജോസഫിനെ കണ്ടെത്തിയ ദൈവം, കുരിശിന്‍ചുവട്ടില്‍ ബ്രഹ്മചാരിയായി നില്‍ക്കുന്ന യോഹന്നാന്റെ കരങ്ങളില്‍ അവളെ ഏല്‍പ്പിച്ചുകൊടുത്തു. വ്രതബദ്ധരെക്കുറിച്ച് ദൈവത്തിന് വലിയ കരുതലുണ്ട്. എന്നാല്‍, ദൈവത്തിനുവേണ്ടി മാത്രം മാറ്റിനിറുത്തപ്പെട്ട എത്രയെത്ര ജീവിതങ്ങളാണ് അശുദ്ധിയെന്ന കല്ലില്‍തട്ടി തകര്‍ന്നുപോകുന്നത്. കടന്നുപോകുന്ന വികാരങ്ങളുണ്ട്. നിലനില്‍ക്കുന്ന ബന്ധങ്ങളുമുണ്ട്. ദൈവം അംഗീകരിക്കാത്ത ബന്ധങ്ങള്‍ക്കായി എന്നേക്കും നിലനില്‍ക്കുന്ന ബന്ധത്തെ നശിപ്പിക്കരുത്.

നിറയൗവനത്തിലാണ് യൗസേപ്പ് തന്റെ ജീവിതത്തെ ദൈവത്തിനായി നല്‍കിയത്. സകല ആനന്ദത്തിന്റെയും കാരണമായ ദൈവത്തെ ചേര്‍ത്തുപിടിക്കാന്‍ പരിശുദ്ധനായ യൗസേപ്പേ, നിനക്കു കഴിഞ്ഞല്ലോ. ജീവിതസമര്‍പ്പണം നടത്തുമ്പോഴും ഒട്ടേറെ മോഹങ്ങള്‍ ഇനിയും ഞാന്‍ സമര്‍പ്പിക്കേണ്ടതുണ്ട് എന്നറിയുന്നു. എന്റെ തെറ്റായ മോഹങ്ങള്‍ എന്നെ പാപത്തില്‍ വീഴ്ത്തുന്നു. ഇനിയും ഞാന്‍ ഈശോയുടേതായി മാറിയിട്ടില്ല എന്നറിയുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു. എന്നെ സഹായിക്കാന്‍ വരുമോ?

പ്രാര്‍ത്ഥന: കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, തെറ്റായ മോഹങ്ങളില്‍നിന്നും മോഹഭംഗങ്ങളില്‍നിന്നും എന്നെയകറ്റി ഈശോയുടേതാക്കി മാറ്റണമേ, ആമേന്‍.
( അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക. )

ഏറ്റം നീതിമാനായ യൗസേപ്പ്

ദൈവവചനം: ''നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ. 5:20).

ധ്യാനം: അര്‍ഹിക്കുന്നത് നല്‍കുന്നതല്ലേ നീതി. ദൈവത്തിനും സഹോദരങ്ങള്‍ക്കും നമുക്കുതന്നെയും അര്‍ഹിക്കുന്നത് നല്‍കാന്‍ കഴിയണം. അര്‍ഹിക്കുന്ന സ്‌നേഹവും കരുതലും നല്‍കാന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നീതിബോധം ശക്തമായിരിക്കും. മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, ദൈവത്തോടും ദൈവികനിയമങ്ങളോടും നീതിപൂര്‍വം വര്‍ത്തിക്കാന്‍ കഴിയണം.

യൗസേപ്പ് നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു. വളരെ സാധാരണക്കാരായ മനുഷ്യരെത്തേടി അസാധാരണമായ ചില നിയോഗങ്ങള്‍ എത്തുമ്പോള്‍ ഒരു കാര്യം നമുക്കുറപ്പിക്കാം, ദൈവം അവരില്‍ അസാധാരണമായ എന്തോ ഒന്ന് കണ്ടിട്ടുണ്ട്. ദാവീദിനെ ഓര്‍ക്കുക. ആട്ടിടയനായിരുന്നു. കായികശേഷിയും ആയുധശേഷിയും ഇല്ലാത്തതുകൊണ്ട് ചേട്ടന്മാരെല്ലാം യുദ്ധക്കളത്തിലേക്കു പോയപ്പോള്‍ ആടുകളെ മേയിച്ച് നടക്കേണ്ടതായിവന്നു. എന്നിട്ടും, ഒടുക്കം രാജകിരീടം അവനെത്തേടിയെത്തി. അവനിലെ വിശ്വസ്തത ദൈവം മാനിച്ചു. ഇതുപോലെ, യൗസേപ്പിലെ അസാധാരണമായ നീതിബോധം അവനെ ഉന്നതസ്ഥാനീയനാക്കി.

ദൈവത്തിന് അര്‍ഹമായതു നല്‍കാന്‍ യൗസേപ്പ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എല്ലാവരും ദേവാലയത്തില്‍പോയി കാഴ്ചയര്‍പ്പിച്ചു മടങ്ങുമ്പോള്‍, യൗസേപ്പ് അര്‍പ്പിച്ചത് അവനെത്തന്നെയായിരുന്നു. നീതിപൂര്‍വമായ സ്‌നേഹം സ്വയം സമര്‍പ്പണം നമ്മില്‍നിന്നും ആവശ്യപ്പെടുന്നുണ്ട്. തന്നെത്തന്നെ പൂര്‍ണമായി നല്‍കാതെ കാഴ്ചകള്‍ മാത്രം അര്‍പ്പിക്കുമ്പോള്‍ ദൈവത്തോടു ചെയ്യുന്ന അനീതിയെ നാം ധ്യാനിക്കണം, ആത്മശോധന ചെയ്യണം. പുതിയനിയമത്തിലെ അബ്രാഹമാണ് യൗസേപ്പ്.

വന്ദ്യനായ യൗസേപ്പേ, ഞങ്ങളുടെ നീതിബോധം പലപ്പോഴും ഫരിസേയന്റേതാണ്. അനുഷ്ഠാനങ്ങളില്‍ ആരംഭിച്ച് അതില്‍തന്നെ അവസാനിപ്പിക്കുന്നു. പൂര്‍ണമല്ലാത്ത സമര്‍പ്പണത്തില്‍ ദൈവം സംപ്രീതനാകില്ല എന്നറിയാം. എന്നിട്ടും, ഞങ്ങളെത്തന്നെ അര്‍പ്പിക്കാന്‍ പലപ്പോഴും ആകുന്നില്ല. നിന്റെ വലിയ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളിലെ നീതിബോധത്തെ നീ വര്‍ദ്ധിപ്പിക്കണമേ.

ദൈവത്തോടെന്ന പോലെ സഹോദരങ്ങളോടും നീതിയോടെ വര്‍ത്തിക്കണം. നീതിമാനാകയാല്‍ മറിയത്തെ രഹസ്യത്തില്‍ ഉപേക്ഷിച്ചു എന്നതിനെ ധ്യാനിക്കുക. മറിയത്തിന്റെ വിശുദ്ധിയും വിശ്വസ്തതയും യൗസേപ്പിനോളം അറിവുള്ള ആരുണ്ട്? അവള്‍ തെറ്റായ ബന്ധത്തില്‍ ഗര്‍ഭം ധരിച്ചു എന്നൊരിക്കലും യൗസേപ്പ് ചിന്തിച്ചിട്ടില്ല. അവളുടെ നിഷ്‌ക്കളങ്കതയെ സംശയിക്കാന്‍ ഈ ദൈവപുരുഷന് കഴിയില്ല. ''സ്‌നേഹം സകലതും വിശ്വസിക്കുന്നു'' (1 കൊറി. 13:7). അവളോടുള്ള യൗസേപ്പിന്റെ സ്‌നേഹത്തില്‍ സംശയത്തിന്റെ നിഴലിനുപോലും ഇടമില്ല.

എന്നാല്‍, അവളുടെമേല്‍ ദൈവം ചെയ്ത വലിയ കാര്യം യൗസേപ്പിനെ വല്ലാതെ എളിമപ്പെടുത്തി. നീതിസൂര്യനെ വഹിക്കുന്ന ആ വിശുദ്ധസ്ത്രീയെ ചേര്‍ത്തുപിടിക്കാന്‍ താന്‍ യോഗ്യനാണോ? അവള്‍ ദൈവത്തിന്റേതാണെന്ന് യൗസേപ്പ് അറിഞ്ഞു. ദൈവത്തിന്റെ ഈ പേടകത്തെ ഭാര്യയായി കൊണ്ടുനടക്കാന്‍ തനിക്കാകുമോ? മറിയത്തില്‍നിന്നും അകലം സൂക്ഷിക്കാന്‍ യൗസേപ്പ് തീരുമാനിച്ചു. ''കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ, ഞാന്‍ പാപിയാണ്'' എന്നു നിലവിളിച്ച ശിമയോന്‍ പത്രോസിനെപ്പോലെയും ''കര്‍ത്താവേ, അങ്ങ് എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല'' എന്നു വിളിച്ചുപറഞ്ഞ ശതാധിപനെപ്പോലെയുമാണ്, യൗസേപ്പ് (ലൂക്കാ 5:8, 7:6). ദൈവത്തോടും മറിയത്തോടും നീതിചെയ്യാനുള്ള നീതിമാനായ യൗസേപ്പിന്റെ വിശുദ്ധമായ കാല്‍വയ്പാണിത്.

സ്വര്‍ഗത്തിന്റെ ചെയ്തികളെ എത്രയോ ആദരപൂര്‍വമാണ് യൗസേപ്പ് കൈകാര്യം ചെയ്യുന്നത്. കരുണയും ആദരവും കലര്‍ന്നതാണ് യൗസേപ്പിന്റെ നീതിബോധം. ജീവിതപങ്കാളിയോടും കുഞ്ഞുങ്ങളോടും കുറച്ചുകൂടി നീതിയോടെ പെരുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു തോന്നുന്നില്ലേ. സഹോദരങ്ങളോടുള്ള ബന്ധത്തില്‍ കുറച്ചുകൂടി ആദരവ് സൂക്ഷിക്കാമായിരുന്നു എന്നു തോന്നുന്നില്ലേ? ദൈവനിയമങ്ങളെ ഗൗരവത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കാത്തതില്‍ വേദന തോന്നുന്നുണ്ടോ? യൗസേപ്പിന്റെ അടുത്തേക്കു പോകാം.

പ്രാര്‍ത്ഥന: ഏറ്റം നീതിമാനായ മാര്‍ യൗസേപ്പേ, ഞങ്ങളിലെ നീതിയുടെ ആത്മാവിനെ പ്രോജ്ജ്വലിപ്പിക്കാന്‍ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക)

തൊഴിലാളികളുടെ മാതൃകയായ യൗസേപ്പ്

ദൈവവചനം: ''അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്'' (മത്താ. 11:28-30).

ധ്യാനം: ഒരാളുടെ ജീവിതത്തിന്റെ ഏറ്റം മനോഹരമായ പ്രകാശനമല്ലേ തൊഴിലില്‍ ഏര്‍പ്പെടുന്നത്. മനോഹരമായ ഏദെന്‍തോട്ടത്തില്‍ കൃഷിചെയ്യാനും സംരക്ഷിക്കാനുമായി മനുഷ്യനെ നിയോഗിച്ച ദൈവത്തെ ഓര്‍ക്കുക (ഉല്‍. 2:15). തൊഴില്‍ ഒരു ശാപമല്ല, അനുഗ്രഹമാണ്. ദൈവത്തിന്റെ മനോഹരസൃഷ്ടിയായ പ്രപഞ്ചത്തില്‍ ഓരോ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഈ ലോകത്തെ കുറെക്കൂടി മനോഹരമാക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു. ദൈവിക ഉദ്യാനത്തില്‍ പലതരം ജോലികള്‍ നാം നിര്‍വഹിക്കുന്നു എന്നുമാത്രം. രക്ഷാകരകര്‍മ്മത്തില്‍ പങ്കാളികളാകാനുള്ള ഒരു മാര്‍ഗമാണ് തൊഴില്‍.

വചനത്തിലെ കേന്ദ്രകഥാപാത്രങ്ങളെല്ലാം വിവിധ മേഖലകളില്‍ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവര്‍ ആയിരുന്നു. ആബേല്‍മുതല്‍ അബ്രാഹത്തിലൂടെ തുടരുന്ന ഇടയന്മാരും കായേന്‍മുതലുള്ള കര്‍ഷകരും ഇവരില്‍പെടും. അബ്രാഹവും മോശയും ദാവീദും ഇടയന്മാരായിരുന്നെങ്കില്‍ നല്ലിടയനായ ഈശോ തച്ചനായിരുന്നു. ശിഷ്യരില്‍ പലരും മുക്കുവരുമായിരുന്നു.

മൂല്യവത്തായ ജീവിതം നയിക്കാന്‍ നാം ജോലിയില്‍ ഏര്‍പ്പെടുന്നു. അലസത പിശാചിന്റെ പണിപ്പുരയാണല്ലോ. ദൈവസുതന്‍ യൗസേപ്പിന്റെ മകനായി വളര്‍ന്നകാലമെല്ലാം ഒരു തച്ചനായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയെപ്പോലെയും യൗസേപ്പിനൊപ്പം അവനും അധ്വാനിച്ചു. കരുത്തുറ്റകരങ്ങളാണ് ഈശോയുടേത്. ദൈവസുതന്റെ കരങ്ങളില്‍ തച്ചന്റെ ആയുധങ്ങള്‍ പരിശീലിപ്പിച്ച യൗസേപ്പിതാവ് നമ്മിലെയും നല്ലൊരു ശില്‍പിയെ പുറത്തു കൊണ്ടുവരും. മരവും ഇഷ്ടികയും കല്ലുമൊക്കെ ഈ ശില്‍പിയുടെ ആയുധപ്പുരയിലുണ്ട്. പ്രപഞ്ച ശില്‍പിയായ ദൈവത്തിന്റെ പുത്രന്‍ ഭൂമിയിലെ ഒരു ശില്‍പിയുടെ പരിശീലനം സ്വീകരിക്കുന്നതു കാണുമ്പോള്‍ ഓ ദൈവമേ, നിന്റെ വഴികള്‍ എത്രയോ മഹനീയം എന്നു ഞങ്ങള്‍ അറിയുന്നു.

ഏതൊരു തൊഴിലും മഹത്വമുള്ളതാണ് എന്നു പറഞ്ഞു തരാനാണോ നീയിതു ചെയ്തത്? മരങ്ങളെ ചിന്തേരിട്ടും കല്ലുകളെ കൊത്തിമിനുക്കിയും തൊഴിലാളിയായി നടന്നുനീങ്ങിയ അവിടുന്ന് ഹൃദയങ്ങളുടെ ശില്‍പിയായിമാറി.

ഓ വിശുദ്ധ യൗസേപ്പേ, കുടുംബത്തെ പോറ്റാനും സംരക്ഷിക്കാനുമാണല്ലോ നീ അധ്വാനിച്ചത്. ജോലിക്കായിമാത്രം ജീവിക്കുന്ന മനുഷ്യരുണ്ട്. ജീവിക്കാന്‍ മറന്നുപോകുന്നവര്‍. ദൈവത്തിന്റെ മഹത്വം തേടാതെ സ്വന്തം മഹത്വം മാത്രം തേടുമ്പോഴാണല്ലോ ജോലിയില്‍ മാത്രം ജീവിതം അവസാനിച്ചുപോകുന്നത്. തൊഴില്‍ ഉപജീവനത്തിനുള്ള മാര്‍ഗമാണെന്നും, എന്നാല്‍ ദൈവമഹത്വം തേടുകയാണ് എല്ലായ്‌പ്പോഴും വേണ്ടത് എന്നും ഞങ്ങളെ പഠിപ്പിക്കണമേ. അപ്പത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും നിത്യജീവന്റെ അപ്പം തേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെടാന്‍ പാടില്ലല്ലോ? നമുക്ക് ജോസഫിന്റെ അടുത്തേക്കുപോകാം. അവന്‍ നമ്മെ വിശുദ്ധരായ ജോലിക്കാരാക്കി ഈ ഭൂമിയില്‍ മാറ്റും.

തച്ചന്റെ മകനല്ലേയെന്ന് ഈശോയെപ്പറ്റി പറയുമ്പോഴൊക്കെ ഒരുതരം അവഗണനയുടെ കയ്പ് ഉണ്ട് അതിന് (മത്താ. 13: 55). എന്നാല്‍, ആശാരിയും ആശാരിയുടെ മകനും സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സകലരും വിസ്മയിച്ചുപോയിരുന്നു. ചെയ്യുന്ന തൊഴിലല്ല നിങ്ങളെ വിലയുള്ളവരും അല്ലാത്തവരും ആക്കി മാറ്റുന്നത്. നിങ്ങള്‍ അര്‍പ്പിക്കുന്ന ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ്. അടുക്കളയില്‍ പണിയെടുക്കുന്നവരും അള്‍ത്താരയില്‍ ശുശ്രൂഷചെയ്യുന്നവരുമുണ്ട്. രണ്ടും മഹനീയമാകുന്നത് ദൈവഹിതം തേടുമ്പോള്‍ മാത്രമാണ്. അടുക്കളയിലെ അമ്മയിലും അള്‍ത്താരയിലെ പുരോഹിതനിലും ജ്ഞാനം നിറയ്ക്കുന്നത് ദൈവമല്ലേ. ചെയ്യുന്ന ജോലിയുടെ പേരില്‍ ആരും അപമാനിതരാകാന്‍ ഇടവരരുത് എന്നു നിശ്ചയിച്ച ദൈവസുതന്‍ ബോധപൂര്‍വം ആശാരിയുടെ മകനായി. യൗസേപ്പാകട്ടെ നല്ലൊരു പരിശീലകനുമായി.

പ്രാര്‍ത്ഥന: ഈ ലോകം ഇത്രമേല്‍ മനോഹരമായിരിക്കുന്നതിന്റെ പിറകില്‍ എത്രയോ കരങ്ങളുടെ അധ്വാനമുണ്ടാകും. തൊഴിലിന്റെ മഹത്വം പഠിപ്പിക്കാന്‍ തൊഴിലാളികളുടെ മധ്യസ്ഥനും മാതൃകയുമായ യൗസേപ്പേ, ഞങ്ങളെ സഹായിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

പിശാചുക്കളുടെ പേടിസ്വപ്നമായ യൗസേപ്പ്

ദൈവവചനം: ''നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍'' (1 പത്രോ. 5:8-9).

ധ്യാനം: ആ ത്മീ യജീ വി തം ഒ രു നി ര ന്ത ര പോ രാ ട്ട മാ ണ ല്ലോ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോട് യുദ്ധം ചെയ്യണം. അതുപോലെതന്നെ, ലോകത്തിന്റെ അരൂപികളോടും പിശാചിന്റെ ചെയ്തികളോടും പോരാടണം. ഈ പോരാട്ടത്തില്‍ ശക്തനായ സഹായിയാണ് യൗസേപ്പിതാവ്. ഈ വിശുദ്ധാത്മാവിനു മാത്രമായുള്ള വിശേഷണമാണ് പിശുചുക്കളുടെ പേടിസ്വപ്‌നം എന്നത്. ഏതൊരു പോരാളിക്കും ആയുധം ഉണ്ടാകും. വെള്ള ലില്ലിപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു വടിയുണ്ട്, ജോസഫിന്റെ കൈയില്‍. ഈ മഹാത്മാവിന്റെ ആയുധമിതാണ്. പരിശുദ്ധിയുടെ സൂചകമാണിത്.

പരിശുദ്ധി പിശാചിന്റെ എല്ലാക്കാലത്തേയും പേടിയുടെ വിഷയമാണ്. പരിശുദ്ധിയുടെ സാന്നിധ്യത്തില്‍ അവന്‍ തകര്‍ന്നുപോകും. അന്ധകാരത്തിന് പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നിലനില്‍പ്പില്ലല്ലോ. ദൈവസുതന്റെ ജനനത്തെക്കുറിച്ച് വ്യക്തമായ ധാരണ പിശാചിന് കിട്ടിയില്ല. എന്നാല്‍, ദൈവസുതന്‍ ജനിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഹേറോദേസിലൂടെ അവന്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള കരുക്കള്‍ നീക്കി. ദുഷ്ടരുടെ കൈകളില്‍നിന്നും കുഞ്ഞിനെയും അമ്മയെയും സംരക്ഷിക്കാന്‍ ജോസഫിനായിരുന്നല്ലോ നിയോഗം. അത് ജോസഫ് മനോഹരമായി നിര്‍വഹിച്ചു.

മാത്രവുമല്ല, ഈജിപ്തിലേക്കുള്ള പലായനത്തിനിടയില്‍ എത്രയെത്ര ദുഷ്ടശക്തികളെയാകും അവന്‍ പരാജയപ്പെടുത്തിയിട്ടുണ്ടാവുക. തിരുക്കുടുംബത്തിന്റെ യാത്ര ദിവ്യകാരുണ്യ പ്രദക്ഷിണവും കൂടി ആണല്ലോ. പരിശുദ്ധയായ മറിയത്തിനും നീതിമാനായ യൗസേപ്പിനും ഇടയിലൂടെ ദിവ്യകാരുണ്യം മുന്നോട്ടുനീങ്ങി. അവിടെയെല്ലാം നരകശക്തികള്‍ പിന്തിരിഞ്ഞുപോയി.

ഏതാനും സമയം ദിവ്യകാരുണ്യാരാധന നടത്തുമ്പോള്‍തന്നെ നമ്മിലെത്രയോ മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍, ഏറ്റവുമധികം ആരാധന നടത്തിയിട്ടുള്ളവന്‍ യൗസേപ്പല്ലാതെ മറ്റാരാണ്? ഈശോയുടെമേല്‍ അപ്പനടുത്ത സ്വതന്ത്ര്യവും അധികാരവും പ്രയോഗി ക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളവര്‍ ആരുണ്ട്? യൗസേപ്പിന്റെ വിശുദ്ധിയും എളിമയും ദുഷ്ടനെന്നും ഭീഷണിയാണ്. പെട്ടെന്ന് കടന്നുപോകുന്ന വികാരങ്ങളില്‍ തീരുമാനമെടുക്കുന്ന ആളല്ല യൗസേപ്പ്. അതുകൊണ്ടുതന്നെ, അവന്റെ ദീര്‍ഘക്ഷമയും ആലോചനയും ശാന്തതയും പിശാചിന്റെ പ്രലോഭനങ്ങളുടെ മുമ്പില്‍ തകരില്ല.

മാത്രവുമല്ല, യൗസേപ്പ് ഉറങ്ങുന്നതാണ് പിശാചിന്റെ ഏറ്റവും വലിയ ഭയം. യൗസേപ്പിന്റെ ഉറക്കം പിശാചിന്റെ ഉറക്കം കെടുത്തും! ഉണര്‍വില്‍ എന്നതിനെക്കാള്‍ ഉറക്കത്തില്‍ അവന്‍ ദൈവവുമായി സംഭാഷണത്തിലായിരിക്കും. ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നത് ലഭിച്ച ദൈവിക നിര്‍ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്താനാകും. അതിനെ തടയുക പിശാചിന് സാധ്യമല്ല. ഉറക്കത്തില്‍ കൂടുതല്‍ കരുത്തനാകുന്ന യൗസേപ്പ് ഉണരുമ്പോള്‍ മഹനീയ ശുശ്രൂഷകനാകുന്നു.

ഒരാളുടെ മരണസമയത്താണല്ലോ പിശാച് അയാളെ ഏറ്റവും ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത്. ജീവിതകാലത്ത് അതിജീവിക്കാന്‍ കഴിയാതെപോയതോ, നിരന്തരം പോരാട്ടത്തിലായിരുന്നതോ ആയ പ്രലോഭനവുമായി അവനെത്തും. മരണത്തിന്റെ ശാന്തതയെ അലോസരപ്പെടുത്താനും, നിത്യതയുടെ വെളിച്ചത്തിലേക്ക് അകക്കണ്ണുകള്‍ ഉയര്‍ത്തുന്നത് തടസ്സപ്പെടുത്താനുമാണിത്. അതുകൊണ്ടാണ്, 'ഈശോ, മറിയം, യൗസേപ്പേ' എന്ന് നാം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നത്. ഈ നാമങ്ങള്‍ ദുഷ്ടശക്തികളെ ദുര്‍ബലമാക്കും.

ആത്മീയ പോരാട്ടത്തില്‍ യൗസേപ്പിന്റെ സഹായം തേടാം, നമുക്ക്. സ്വന്തം പരിശുദ്ധിയാലും എളിമയാലും പിശാചുക്കളെ ഭയപ്പെടുത്തിയവന്‍ നമ്മെയും സഹായിക്കും. ഓ, വിശുദ്ധ യൗസേപ്പേ, നിന്റെ പരിശുദ്ധിയും എളിമയും ഞങ്ങള്‍ക്കുണ്ടെങ്കില്‍ ഞങ്ങളും ആത്മീയസമരത്തില്‍ ജയാളികളാകും. നിരന്തരം പാപത്തില്‍ വീണുപോകുന്ന ഞങ്ങളുടെ സ്വഭാവപ്രകൃതിയെ നീ കാണണമേ. തിരുക്കുടുംബത്തെ സംരക്ഷിച്ചതുപോലെ ഞങ്ങളെയും സംരക്ഷിക്കണമേ.

പ്രാര്‍ത്ഥന: ആത്മീയപോരാട്ടത്തില്‍ ഞങ്ങള്‍ക്ക് എന്നും ആശ്രയമായ വിശുദ്ധ യൗസേപ്പേ, തിന്മയെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്ക് നേടിത്തരണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

രക്ഷകന്റെ പാലകനായ യൗസേപ്പ്
ദൈവവചനം: ''അനന്തരം രാജാവ് തന്റെ വലതുഭാഗത്തുള്ളവരോട് അരുളിച്ചെയ്തു: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിന്‍'' (മത്താ. 25:34).

ധ്യാനം: രക്ഷകന് മറിയത്തിന്റെ ഉദരത്തില്‍ രൂപമെടുക്കാനും ഈ ഭൂമിയില്‍ പിറക്കാനും യൗസേപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍, വളര്‍ച്ചയുടെ പാതയില്‍ ഇങ്ങനെയൊരു പാലകനെ ആവശ്യമായിരുന്നു. ജന്മം നല്‍കിയല്ല യൗസേപ്പ് പിതാവായത്, പരിപാലിച്ച് പിതാവായി. പരിപാലിക്കുന്ന കരങ്ങളെല്ലാം ബലിഷ്ഠമാണ്. അവരുടെ ശുശ്രൂഷകള്‍ നാം പലപ്പോഴും അറിയാറില്ല.

ഒരു പിതാവിന്റെ സ്‌നേഹം പലപ്പോഴും എത്രയോ നിഗൂഢമാണ്. അധികമൊന്നും പ്രകടിപ്പിക്കാറില്ല ഇവര്‍. ദു:ഖവും വേദനയും ഉള്ളിലൊതുക്കി ഏല്‍പ്പിക്കപ്പെട്ടവരെ സന്തോഷിപ്പിക്കാനാണ് പല പിതാക്കന്മാരും ശ്രമിക്കാറുള്ളത്. പരിപാലനയുടെ ആ കരങ്ങള്‍ക്കുകീഴെ നിരന്തരം വെന്തുനീറുന്ന ഒരു ജീവിതമുണ്ട് എന്നറിയുക.

പരമ്പരാഗത കുടുംബങ്ങളില്‍ ഭാര്യയെയും മക്കളെയും പോറ്റേണ്ടവര്‍ പുരുഷന്മാരാണ്. യൗസേപ്പാണല്ലോ മറിയത്തെയും ഈശോയെയും പോറ്റിയത്. ഈശോയുടെ പരസ്യജീവിതത്തില്‍ അവിടുത്തെ സഹായിച്ചവരെക്കുറിച്ച് എത്രയോ പ്രാവശ്യം നാം ചിന്തിക്കാറുണ്ട്. ലാസറിന്റെ കുടുംബം, കുരിശുയാത്രയില്‍ സഹായിച്ച ശിമയോന്‍, കല്ലറ കൊടുത്ത അരിമത്തിയായിലെ ജോസഫ്, ശിഷ്യഗണം എന്നിങ്ങനെ പലരെയും. എന്നാല്‍, ഒരായുസ്സുമുഴുവന്‍ ഈശോയ്ക്കായി ബലിചെയ്ത യൗസേപ്പിനെ നാം വിസ്മരിച്ചാലോ!

ഈശോ അന്ത്യവിധിയെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ പറഞ്ഞത് ഓര്‍ക്കുന്നു: ''എനിക്കു വിശന്നു, ഭക്ഷിക്കാന്‍ തന്നു. ദാഹിച്ചു, കുടിക്കാന്‍ തന്നു. പരദേശിയായിരുന്നു, എന്നെ സ്വീകരിച്ചു. നഗ്‌നനായിരുന്നു, ഉടുപ്പിച്ചു. രോഗിയായിരുന്നു, എന്നെ സന്ദര്‍ശിച്ചു. കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്റെ അടുത്തുവന്നു.'' ഓ വന്ദ്യനായ യൗസേപ്പേ, കൃതജ്ഞത നിറഞ്ഞ മനസോടെ ഈശോ തന്റെ പ്രിയപ്പെട്ടവരെ നോക്കി പറഞ്ഞവാക്കുകളാണല്ലോ ഇവ ഓരോന്നും. എന്നാല്‍, ഇവര്‍ ആരും രക്ഷകന് നേരിട്ട് ഭക്ഷണമോ, ദാഹജലമോ, വസ്ത്രമോ, ഭവനമോ ഒന്നും കൊടുത്തിട്ടില്ല. എന്നിട്ടും, രക്ഷകന്‍ അവരെ വാഴ്ത്തി, വാനോളം പുകഴ്ത്തി. എന്നാല്‍, നിന്റെ കരങ്ങള്‍കൊണ്ട് രക്ഷകന്‍ എത്രയോ ദിനരാത്രങ്ങള്‍ ഭക്ഷണം കഴിച്ചു, വെള്ളം കുടിച്ചു, സ്‌നേഹം അനുഭവിച്ചു. പരദേശിയെപ്പോലെ ഈജിപ്തില്‍ വലഞ്ഞ നാളുകളില്‍ നിന്റെ മാറിലല്ലേ അവന്‍ അഭയം കണ്ടെത്തിയത്. നഗ്നതമറയ്ക്കാന്‍ നിന്റെ പുറങ്കുപ്പായമല്ലേ രക്ഷകനായി നല്‍കിയത്. രക്ഷകനെ പരിപാലിക്കാന്‍ സ്വര്‍ഗം കനിഞ്ഞ ഭാഗ്യമേ, നിന്നെയോര്‍ത്ത് ദൈവത്തിന് നന്ദിപറയുന്നു.

വെന്തുതീര്‍ന്ന ചോറിനുകീഴെ കത്തിയെരിഞ്ഞ കനലുകള്‍ ഉണ്ടല്ലോ? രക്ഷകനെ വളര്‍ത്താന്‍ നിരന്തരം കത്തിയെരിഞ്ഞ കനലാണ് യൗസേപ്പ്. പോറ്റുകയും പരിപാലിക്കുകയും ചെയ്യുന്ന കരങ്ങള്‍ ഇത്തരം ഒരു നോവ് ഏറ്റെടുക്കാതെ തരമില്ല. ഈജിപ്തില്‍ ഭക്ഷണത്തിന് വകയില്ലാതെ വന്നപ്പോഴും ജോലി കണ്ടെത്താന്‍ വഴിയില്ലാതെ പോയപ്പോഴും ഓ യൗസേപ്പേ, നീയനുഭവിച്ച ആന്തരികവേദന ഞങ്ങളറിയുന്നു. എത്രയോ സാഹസികമായിട്ടായിരിക്കും ഓരോ ദിവസവും കടന്നുപോയത്. അതെ, പോറ്റുന്ന കരങ്ങള്‍ സാഹസികത നിറഞ്ഞതാണ്. പ്രിയപ്പെട്ടവരെ പരിപാലിക്കാന്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ എത്രയോ വൈവിധ്യമാര്‍ന്നതാണ്.

രക്ഷകന്‍ ഏറെപ്പേരുടെ ഉയര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും കാരണമാകും എന്ന പ്രവചനം എത്രയധികമായി യൗസേപ്പിനെ ചിന്താകുലനാക്കി തീര്‍ത്തിരിക്കും. യൗസേപ്പ് അധ്വാനിച്ച് വളര്‍ത്തിയ മകന്‍ ആപാദചൂഢം മുറിവേറ്റു കിടക്കുമ്പോള്‍ കുരിശിന്റെകീഴെ അന്ന് യൗസേപ്പില്ല. പക്ഷേ, വിധവയായ മറിയം ചിന്തിച്ചത് തന്റെ ഭര്‍ത്താവിനെക്കുറിച്ചായിരിക്കില്ലേ. ജീവിതപങ്കാളി ഉണ്ടായിരുന്നെങ്കില്‍ അവള്‍ തനിയെ ആകുമായിരുന്നില്ല. വിശുദ്ധനായ യൗസേപ്പേ, മക്കളെ പോറ്റാനും പ്രിയമുള്ളവരെ സഹായിക്കാനും കഴിയാതെപോകുമ്പോള്‍ ഹൃദയത്തില്‍ തീക്കനലുമായി ജീവിക്കുന്ന പിതാക്കന്മാരെ നീ ഓര്‍ക്കണമേ. എല്ലാം നല്‍കി പരിപാലിച്ചിട്ട് അധ്വാനം മുഴുവന്‍ വൃഥാവിലായോ എന്ന് ജീവിതസായാഹ്നങ്ങളില്‍ പരിതപിക്കേണ്ടിവരുന്ന ഹൃദയങ്ങളുടെ നെഞ്ചുരുക്കങ്ങള്‍ നിന്നോളം മനസിലാക്കാന്‍ ആര്‍ക്കുകഴി യും. ഞങ്ങളുടെ പിതാമഹനായ യൗസേപ്പേ, നിന്റെ പരിപാലനയുടെ കരങ്ങളില്‍ ഞങ്ങളെ ചേര്‍ത്തുപിടിക്കണമേ.

പ്രാര്‍ത്ഥന: രക്ഷകന്റെ പാലകനായ യൗസേപ്പേ, മാനവരാശിയുടെ ശുശ്രൂഷകരാക്കി ഞങ്ങളെയും മാറ്റണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

കുടിയേറ്റക്കാരുടെ ആശ്വാസമായ യൗസേപ്പ്
ദൈവവചനം: ''പരദേശിയെ സ്നേഹിക്കുക; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ'' (നിയ. 10:19).

ധ്യാനം: ഭയന്നോടുന്ന അഭയാര്‍ത്ഥികളെപ്പോലെയാണ് തിരുക്കുടുംബം ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടത്. കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പലതാണ്. എന്നാല്‍, യുദ്ധം, ദാരിദ്ര്യം, വിദ്വേഷം, പീഡനം എന്നീ കാരണങ്ങളാല്‍ കുടിയേറുന്നതും അന്യദേശത്ത് പരദേശിയായി ജീവിക്കേണ്ടിവരുന്നതും ഭീകരമായ അവസ്ഥയല്ലേ. സ്വന്തം നാട്ടിലേക്കു മടങ്ങാനും പ്രിയമുള്ളവരെ കണ്ടുമുട്ടാനും കൊതിച്ച് ദിവസങ്ങള്‍ തള്ളിമാറ്റും.

''നിങ്ങള്‍ എന്തിന് ഇവിടെവന്നു? ഇവിടെ എന്തു ചെയ്യാനാണ് ഭാവം? നീ തീര്‍ച്ചയായും ഒരു കുറ്റവാളി ആയിരിക്കും. അതുകൊണ്ട്, നാടുവിട്ട് ഓടിയതായിരിക്കണം'' ഇങ്ങനെ തുടങ്ങുന്ന എത്രയെത്ര ജനകീയവിചാരണകള്‍ ദിനംപ്രതി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും, ജോസഫിന്. ഹേറോദേസിന്റെ വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ക്കിടയിലും യൗസേപ്പ് തിരുക്കുടുംബത്തെ ചേര്‍ത്തുപിടിച്ചു.

അപരിചിതമായ നാട്ടില്‍ ജീവിക്കേണ്ടിവരിക, പരിചിതമല്ലാത്ത സംസ്‌കാരത്തില്‍ മക്കളെ വളര്‍ത്തുക, വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നേറുക, വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുക ഇങ്ങനെ നിരവധി ദുര്‍ഘട പാതയിലൂടെ ഒരു കുടുംബം യാത്ര ചെയ്യേണ്ടി വരുന്നു. ഭയവും ഉല്‍കണ്ഠയും മറ്റു മാനുഷിക പരിമിതികളും നിരന്തരം വേട്ടയാടുന്നു. എന്നാല്‍, ഇതിനിടയിലും ദൈവസുതന്റെയും പരിശുദ്ധ മറിയത്തിന്റെയും സാന്നിധ്യം യൗസേപ്പിന് ബലമേകി. ഈ പരദേശ വാസത്തില്‍ ക്ലേശങ്ങള്‍ക്കപ്പുറത്ത് ദൈവം കാത്തുനില്‍പ്പുണ്ട് എന്ന ഉറപ്പ് ആരെയും ശക്തിപ്പെടുത്തുന്നതല്ലേ.

ഏതെങ്കിലുമൊക്കെ 'നല്ല ശമരിയാക്കാര്‍' തിരുക്കുടുംബത്തെ സ്വീകരിച്ചിട്ടുണ്ടാകും. ദേശമോ, ഭാഷയോ, ജാതിയോ, നിറമോ ഒന്നും ചോദിക്കാതെ അവരെ പോറ്റാനും ഉണ്ണിയെ ശുശ്രൂഷിക്കാനും ഭാഗ്യം ലഭിച്ചവര്‍ ആരായിരിക്കും? ഓ രക്ഷകനായ യേശുവേ, ഈജിപ്തിലെ നിന്റെ വാസമാണോ നാളുകള്‍ക്കുശേഷം നല്ല ശമരിയാക്കാരന്റെ ഉപമ പറയാന്‍ നിന്നെ പ്രേരിപ്പിച്ചത്? പരദേശിയായ ധൂര്‍ത്ത പുത്രന് പന്നികളെ മേയ്ക്കാനുള്ള ജോലിയെങ്കിലും ലഭിച്ചു എന്നു നീ പ്രത്യേകം പറഞ്ഞു. ആരെയും മാറ്റിനിറുത്താതെ സ്വീകരിക്കാന്‍ നീ പറഞ്ഞതോര്‍ക്കുന്നു. പരദേശിയെ സ്വീകരിക്കാന്‍ ഉപദേശിച്ചത് അവിടുന്നു തന്നെയാണല്ലോ.

ഓ വന്ദ്യനായ യൗസേപ്പേ, ഞങ്ങളിന്ന് കണ്ടു മുട്ടുന്ന പലരും ഞങ്ങള്‍ക്ക് അപരിചിതരാണ്. അവരോടൊപ്പം ജീവിക്കാനും, അവര്‍ക്ക് രക്ഷകന്റെ വചനം പകര്‍ന്നുനല്‍കാനും ഞങ്ങള്‍ക്കേറെ ആത്മധൈര്യവും കരുത്തും ആവശ്യമുണ്ട്. ദൈവാരാധനയില്ലാത്ത ഈജിപ്തില്‍ ദൈവസുതനുമായി നീ സഞ്ചരിച്ചപ്പോള്‍ ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം തന്നെയാണല്ലോ നടത്തിയത്. തീര്‍ച്ചയായും, അത് ആ ദേശത്തെ തിന്മയെ നശിപ്പിക്കാനും മനുഷ്യരെ വിശുദ്ധീകരിക്കാനും കാരണമായിട്ടുണ്ടാകും. ഏറ്റവും പ്രിയമുള്ള പിതാവേ, അനുദിനം സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാനയുമായി ഞങ്ങള്‍ യാത്രയാകുമ്പോള്‍ ഞങ്ങളും ദിവ്യകാരുണ്യ പ്രദക്ഷിണമാണല്ലോ നടത്തുന്നത്. ഞങ്ങളുടെ ദേശങ്ങളെ പരിശുദ്ധമാക്കണമേ. അനാഥര്‍ക്കു പിതാവും വിധവകള്‍ക്കു സംരക്ഷകനുമായ ദൈവത്തെ കാണിച്ചുകൊടുക്കാന്‍ അനുവദിക്കണമേ.

ഈ ഭൂമിയില്‍ നാമെല്ലാം പരദേശികളാണല്ലോ. സ്വര്‍ഗഗേഹം പുല്‍കുന്നതു വരെ മര്‍ത്യര്‍ വാഴുന്ന ഈ മണ്ണില്‍ നാം അന്യരും പരദേശികളുമാണ്. നിത്യജീവനെക്കുറിച്ചുള്ള ചിന്ത ദുരിതഭൂമിയില്‍ ക്ലേശങ്ങളെ ധീരമായി നേരിടാന്‍ നമ്മെ അനുവദിക്കുന്നു.

പ്രാര്‍ത്ഥന: ധീരനും മഹാത്മാവുമായ വിശുദ്ധ യൗസേപ്പേ, പരദേശികളെ സ്‌നേഹത്തോടെ ഉള്‍ക്കൊള്ളാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളും പരദേശികളാണ് എന്ന് ഓര്‍മിപ്പിക്കണമേ, ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)

വിശുദ്ധ യൗസേപ്പിനോടുള്ള പ്രതിഷ്ഠ
(സമര്‍പ്പണത്തിന്റെ ആഴ്ചയില്‍ ഒരുക്കമുള്ള കുമ്പസാരം നടത്തി, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം).

രക്ഷകന്റെ പാലകനും തിരുസഭയുടെ സംരക്ഷകനുമായ വി.യൗസേപ്പിന്റെ കരംപിടിച്ച് ഇക്കഴിഞ്ഞ മുപ്പത്തിമൂന്നു ദിവസങ്ങള്‍ സഞ്ചരിക്കാന്‍ അനുവദിച്ച ത്രിയേകദൈവത്തിന് ഞാന്‍ നന്ദിപറയുന്നു. മാമ്മോദീസായില്‍ ഞാന്‍ ചെയ്ത വ്രതവാഗ്ദാനങ്ങള്‍ നവീകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു.

ഞാന്‍............(പേര്) പരിശുദ്ധ കന്യാമറിയത്തിന്റെയും സകല വിശുദ്ധരുടെയും കാവല്‍ദൂതരുടെയും മാധ്യസ്ഥത്തോടുചേര്‍ത്ത്, വിശുദ്ധ യൗസേപ്പിനായി എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ഏറ്റവും മാധുര്യവാനായ ഈശോയേ, അങ്ങയുടെ പാലകനായ പരിശുദ്ധ യൗസേപ്പിലൂടെ ഞാന്‍ പൂര്‍ണമായും അങ്ങയുടേതാണ്. എനിക്കുള്ളതെല്ലാം അങ്ങയുടെ സ്വന്തമാണ്.

ഓ, വന്ദ്യനായ യൗസേപ്പേ, അങ്ങ് എന്റെ ആത്മീയ നിയന്താവും സംരക്ഷകനുമായിരിക്കണമേ. പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ആകര്‍ഷണങ്ങളെയും ഞാന്‍ വെറുത്തുപേക്ഷിക്കുന്നു. അവതരിച്ച വചനമായ യേശുവിനെ സ്‌നേഹിച്ച് ജീവിതകാലം മുഴുവനും സ്വന്തം കുരിശെടുത്ത് അവിടുത്തെ അനുഗമിക്കാനും എപ്പോഴും അവിടുത്തോട് വിശ്വസ്തത കാണിക്കാനും ഞാന്‍ തീരുമാനിക്കുന്നു. തിരുസഭയുടെ ശുശ്രൂഷകളില്‍ സജീവ പങ്കാളിയാകുവാന്‍ എന്നെ അനുവദിക്കണമേ. ഈശോ, മറിയം, യൗസേപ്പേ എന്ന സുകൃതജപം ചൊല്ലിക്കൊണ്ട് ആത്മീയവഴികളില്‍ ഞാന്‍ മുന്നേറട്ടെ.

ജ്ഞാനത്തിലും പ്രായത്തിലും ദൈവസുതനെ വളര്‍ത്തിവലുതാക്കിയ വന്ദ്യപിതാവേ, എന്റെ ജീവിതപാതയില്‍ എന്നെ നയിച്ചുകൊണ്ട് എനിക്കും അങ്ങ് ഒരു പിതാവായിരിക്കണമേ. ഹൃദയവിശുദ്ധിയും എളിമയും ദൈവസ്‌നേഹവും പരസ്‌നേഹചൈതന്യവും എന്നില്‍ വളര്‍ത്തണമേ. അങ്ങയെപ്പോലെ ദൈവഹിതത്തിന് സമ്പൂര്‍ണമായി വിധേയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള എന്റെ പ്രയാണത്തില്‍ എന്നെത്തന്നെ അങ്ങയുടെ സംരക്ഷണത്തിനായി ഭരമേല്‍പ്പിക്കുന്നു. എന്നെ അങ്ങയുടേതായി സ്വീകരിക്കണമേ.

ശ്രേഷ്ഠപിതാവായ മാര്‍ യൗസേപ്പേ, ജീവിതകാലത്ത് എന്നെ നയിക്കുക; മരണനേരത്ത് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരിക; വിധിയുടെ നാളില്‍ രക്ഷകനോട് എനിക്കായി പ്രാര്‍ത്ഥിക്കുക. ആമേന്‍.
(അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുക.)